August 14, 2022 Sunday

ലോകം ഉറ്റുനോക്കുന്ന യുഎസ് രാഷ്ട്രീയ ഉരുത്തിരിയല്‍

Janayugom Webdesk
February 7, 2020 5:00 am

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസ് സെനറ്റില്‍ നടന്ന വിചാരണയില്‍ അദ്ദേഹം കുറ്റവിമുക്തനായി. കുറ്റവിചാരണ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചുപോന്നവരെല്ലാം മുന്‍കൂട്ടി വിഭാവനം ചെയ്ത രീതിയില്‍ത്തന്നെയാണ് വിചാരണ നാടകത്തിന് തിരശീല വീണത്. 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ട്രംപ് നടത്തിയ അധികാര ദുര്‍വിനിയോഗവും അതിനെതിരായ ജനപ്രതിനിധിസഭാ അന്വേഷണം തടസപ്പെടുത്തിയ നടപടിയുമാണ് കുറ്റവിചാരണയിലേക്ക് നയിച്ചത്.

തെരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി ആയേക്കുമെന്ന് കരുതപ്പെട്ടിരുന്ന മുന്‍ വെെസ് പ്രസിഡന്റ് ജോബെെഡനെതിരെ അന്വേഷണം നടത്താന്‍ ട്രംപ് ഉക്രയിന്റെ മേല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ജനപ്രതിനിധിസഭ പാസാക്കിയ 390 ദശലക്ഷം ഡോളറിന്റെ സെെനികസഹായം ലഭിക്കാന്‍ ബെെഡന്റെ മകന്‍ ഉള്‍പ്പെട്ട ഉക്രയിനിലെ ബിസിനസ് സംരംഭത്തിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആ രാജ്യത്തിന്റെ പ്രസിഡന്റിനുമേല്‍ ട്രംപ് നേരിട്ട് സമ്മര്‍ദം ചെലുത്തുകയാണ് ഉണ്ടായത്. അത് ജനപ്രതിനിധിസഭയുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമായിരുന്നു. അതിനെതിരെ ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള അന്വേഷണം ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ആരംഭിച്ചു.

ട്രംപിനെതിരെ തെളിവു നല്‍കാന്‍ വിളിച്ചുവരുത്തിയ വെെറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യവും നിന്ദ്യവുമായ ഭീഷണിയും അധിക്ഷേപവും ചൊരിയാന്‍ ട്രംപ് രംഗത്തുവരികയുമുണ്ടായി. അതെത്തുടര്‍ന്നാണ് ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗവും ജനപ്രതിനിധിസഭയുടെ അവകാശങ്ങള്‍ക്ക് നേരെ കടന്നാക്രമണവും നടത്തിയതായി സഭ കുറ്റാരോപണത്തിനു മുതിര്‍ന്നത്. ജനപ്രതിനിധിസഭ കുറ്റപത്രം തയാറാക്കിയാല്‍ അതിന്മേല്‍ വിചാരണ നടത്തേണ്ടത് ഉപരിസഭയായ സെനറ്റാണ്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ വിചാരണയുടെ ഫലത്തെ സംബന്ധിച്ച് ആശങ്ക നേരത്തെതന്നെ നിലനിന്നിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ തുടക്കം മുതല്‍തന്നെ ട്രംപ് അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രമുഖ യുഎസ് നയതന്ത്ര പ്രതിനിധിയുമായിരുന്ന ജോണ്‍ ബോള്‍ട്ടന്റെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകം ഉക്രയ്ന്‍ ഇടപെടലുകളെക്കുറിച്ച് പരാമര്‍ശിക്കുന്നതായി വാര്‍ത്ത ഇതിനിടെ പുറത്തുവന്നു. ബോള്‍ട്ടനെ സാക്ഷിവിസ്താരത്തിനു വിളിച്ചുവരുത്തണമെന്നും ട്രംപിനെതിരെ പുതിയ തെളിവുകള്‍ വിചാരണവേളയില്‍ പരിശോധിക്കണമെന്നുമുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം സെനറ്റില്‍ പരാജയപ്പെട്ടു. തെളിവുകള്‍ പരിശോധിക്കാതെയും സാക്ഷികളെ വിസ്തരിക്കാതെയും നടക്കുന്ന വിചാരണ തികച്ചും പ്രഹസനമായി മാറുമെന്ന് ഉറപ്പായി.

അതോടൊപ്പം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിന്റെ അഭിഭാഷകസംഘവും എല്ലാ ധാര്‍മ്മിക മൂല്യങ്ങളെയും കേവല മര്യാദകളെയും കാറ്റില്‍പറത്തി പക്ഷപാതപരമായ നിലപാട് അവലംബിക്കുകയായിരുന്നു. 2016ല്‍ ട്രംപിന്റെ പ്രതിയോഗിയായിരുന്ന മിറ്റ് റോംനി ഒഴികെ മറ്റൊരു റിപ്പബ്ലിക്കന്‍ അംഗവും പ്രസിഡന്റിന് എതിരെ വോട്ട് ചെയ്യാന്‍ തയാറായില്ല. സ്വാഭാവികമായും വിജയം ട്രംപിന്റേതായി. എന്നാല്‍ തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ നടന്ന കുറ്റവിചാരണ ട്രംപിന്റെ തെരഞ്ഞെടുപ്പു ഭാഗധേയത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.

ട്രംപ് 45 യുഎസ് പ്രസിഡന്റുമാരില്‍ വിചാരണക്കു വിധേയനാവുന്ന മൂന്നാമത്തെ ആളാണ്. കുറ്റവിമുക്തനായെങ്കിലും യുഎസ് ജനതയ്ക്ക് മുന്നില്‍ കളങ്കിതമായ ഒരു പ്രതിഛായയാണ് ട്രംപ് കാഴ്ചവയ്ക്കുന്നത്. യുഎസ് ജനതയില്‍ രാഷ്ട്രീയമായും വംശീയമായും ഇത്രയേറെ ഭിന്നത വളര്‍ത്തിയ മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ല. എന്നാല്‍ ഈ സാധ്യതകള്‍ ഡമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നാണ് കാത്തിരുന്നു കാണേണ്ടത്. യുഎസ് രാഷ്ട്രീയത്തില്‍ ട്രംപ് വിരുദ്ധ വികാരം ശക്തമാണ്.

രാഷ്ട്രീയമായി ആഭ്യന്തരരംഗം ഇത്രത്തോളം പ്രക്ഷുബ്ദമായ അന്തരീക്ഷം സമീപ ചരിത്രത്തില്‍ ഇല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ റിപ്പബ്ലിക്കന്മാരും ഡമോക്രറ്റുകളും കോക്കസുകളും പ്രെെമറികളും ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. ഡമോക്രാറ്റുകളാവട്ടെ പതിനൊന്ന് സ്ഥാനാര്‍ത്ഥികളുമായി ഭിന്നിച്ചുനില്‍‌ക്കുന്നു. ജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കു പിന്നില്‍ എത്രവേഗം ഡമോക്രാറ്റുകള്‍ക്ക് അണിനിരക്കാനാവും എന്നതാണ് ഏറ്റവും നിര്‍ണായക വെല്ലുവിളി. യാഥാസ്ഥിതികത്വമാണ് ഡമോക്രാറ്റ് ക്യാമ്പില്‍ വിജയിക്കുന്നതെങ്കില്‍ അത് യുഎസിനും ലോകത്തിനും വിനയാകും.

Eng­lish Sum­ma­ry: Pres­i­dent trump acquit­ted by sen­ate in impeach­ment vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.