22 November 2024, Friday
KSFE Galaxy Chits Banner 2

തലസ്ഥാനത്തെ ചിരിക്കാന്‍ പഠിപ്പിച്ച സുകുമാര്‍

രാജഗോപാല്‍ രാമചന്ദ്രന്‍
തിരുവനന്തപുരം
September 30, 2023 11:17 pm

കാല്‍ നൂറ്റാണ്ടിലേറെ തിരുവനന്തപുരത്തെ ചിരിയരങ്ങുകളിലൂടെ ചിരിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഇനി ഓര്‍മ്മ. തമ്പാനൂരിലെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ പൂജാരിയായിരുന്ന അച്ഛനോടൊപ്പം ആറ്റിങ്ങലില്‍ നിന്നും നഗരത്തിലെത്തിയ സുകുമാരന്‍ പോറ്റി വരയും വാക്കും ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്കുകൊള്ളുന്ന വിധത്തില്‍ സാധാരണക്കാരനിലെത്തിക്കുന്നതില്‍ വിജയിച്ചിരുന്നു. ‘കഷായം’ എന്ന അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പംക്തിയുടെ പേര് സ്വന്തം പേരിനോടൊപ്പം ചേര്‍ക്കപ്പെട്ടത് ആ പംക്തി എത്രമാത്രം ജനകീയമായിരുന്നുവെന്നതിന്റെ തെളിവാണ്. നര്‍മ്മകൈരളി എന്ന സംഘടനയുടെ അരമക്കാരനായതോടെയാണ് തലസ്ഥാനം സുകുമാറിന്റെ ഫലിതകഥള്‍ കേട്ട് ചിരിച്ചു തുടങ്ങിയത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്റ്റാന്‍ഡപ് കോമഡിയുടെ ഒരു പ്രാക് രൂപമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നര്‍മ്മകൈരളിയുടെ ചിരിയരങ്ങുകള്‍ തലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. തിരക്കഥാകൃത്തായി മാറിയ കൃഷ്ണ പുജപ്പുര, അന്തരിച്ച പി സി സനല്‍കുമാര്‍, ജേക്കബ് സാംസണ്‍, വി സുരേശന്‍ തുടങ്ങിയ ഒരു ചിരിനിരയെ കൂടെ നിര്‍ത്താനും എല്ലാ മാസവും മുടങ്ങാതെ ചിരിയരങ്ങ് അവതരിപ്പിക്കാനും സുകുമാറിന് കഴിഞ്ഞു. വിജെടി ഹാളിലും (ഇപ്പോഴത്തെ മഹാത്മാ അയ്യന്‍കാളി ഹാള്‍) ബാങ്ക് എംപ്ലോയീസ് ഹാളിലും ഹസന്‍ മരയ്ക്കാര്‍ ഹാളിലുമൊക്കെ അദ്ദേഹത്തിന്റെ മിനിക്കഥകള്‍ കൂട്ടച്ചിരി സൃഷ്ടിച്ചു. 

ഐഎഎസ് ഉദ്യോഗസ്ഥരെയും ഓട്ടോ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള സാധാരണക്കാരെയും ഒരേ പോലെ ആസ്വദിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു സുകുമാര്‍ നര്‍മ്മകൈരളിയില്‍ അവതരിപ്പിച്ച ചെറിയ തമാശക്കഥകള്‍. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളും അദ്ദേഹത്തിന്റെ ഹാസ്യകഥകള്‍ക്ക് ഇരയായിരുന്നു. ഇരയായവര്‍ക്ക് പോലും വിരോധം തോന്നാത്ത വിധത്തില്‍ കഥകളവതരിപ്പിക്കുന്നതില്‍ സുകുമാറിന് പ്രത്യേക കഴിവുണ്ടായിരുന്നു. തിരുവനന്തപുരത്തെ എന്നും സ്നേഹിച്ച സുകുമാർ കൊച്ചിയിലേക്ക് താമസം മാറിയെങ്കിലും എന്നും തിരുവനന്തപുരത്തെയായിരുന്നു അദ്ദേഹത്തിനിഷ്ടം. കൊച്ചിക്ക് ഇത്തിരി മസിലു പിടിത്തം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. കുട്ടിക്കാലം മുതൽ ഓടി നടന്ന തലസ്ഥാനത്തെ നഗര വീഥികളും നർമകൈരളിയുടെ പരിപാടികൾ, വി ജെടി ഹാളിലെ സാംസ്‌കാരിക പരിപാടികൾ എല്ലാം കൊച്ചിയിലെ താമസകാലത്തും സുകുമാറിന് പ്രിയപ്പെട്ടതായിരുന്നു. 

സാംസ്‌കാരിക പരിപാടികള്‍ എന്നും കളറാക്കുന്നത് തിരുവനന്തപുരം ആണെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിരുന്നു. തിരക്കുകൾ നിറഞ്ഞ തിരുവനന്തപുരത്തോട് ഏറെ വിഷമത്തോടെയാണ് താൻ യാത്ര പറഞ്ഞതെന്ന് അദ്ദേഹം പറയുമായിരുന്നു. ഇ വി കൃഷ്ണപിള്ളയെയും ജഗതി എന്‍ കെ ആചാരിയെയും പോലുള്ള ഹാസ്യസാമ്രാട്ടുകളെ സൃഷ്ടിച്ചിച്ച തിരുവനന്തപുരം തന്നെയാണ് സുകുമാറിന്റെയും തട്ടകം. വെളുത്ത വസ്ത്രവും കക്ഷത്തിലൊരു കറുത്ത ബാഗുമായി നര്‍മ്മകൈരളിയുടെ ഹാസ്യപരിപാടികളുടെ അമരക്കാരനെന്നതിലുപരി നഗരത്തിലെ സാംസ്കാരിക പരിപാടികളിലെ കാഴ്ചക്കാരനായും വര്‍ഷങ്ങളോളം സുകുമാര്‍ ഒരു സാന്നിധ്യമായിരുന്നു. 

Eng­lish Summary:In mem­o­ry of artist Sukumar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.