19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

ഗ്രൂപ്പ് പോരും നേതാക്കളുടെ വടംവലിയും: കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടന പാളി

ബേബി ആലുവ
കൊച്ചി
October 6, 2023 10:40 pm

കെപിസിസി നേതൃത്വം നിശ്ചയിച്ച തീയതികള്‍ പലതു കഴിഞ്ഞിട്ടും കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടന പാതിവഴിയിൽ. ആലപ്പുഴയിൽ കെ സി വേണുഗോപാൽ പക്ഷവും എറണാകുളത്ത് വി ഡി സതീശൻ ഗ്രൂപ്പും കണ്ണൂരിൽ കെ സുധാകരൻ ചേരിയുമാണ് പ്രശ്നപരിഹാരത്തിന് തടസം സൃഷ്ടിക്കുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
കഴിഞ്ഞ മാസം 20നകം പുനഃസംഘടന പൂർത്തിയാക്കാനായിരുന്നു നേതൃയോഗത്തിലുണ്ടായ ധാരണ. എന്നാൽ, ധാരണയുണ്ടാക്കിയവർ തന്നെ അതിനുവിരുദ്ധമായി നീങ്ങിയാൽ തീയതി ഇനിയും അനന്തമായി നീളുമെന്നാണ് അണികളുടെ പരാതി. കഴിഞ്ഞ മാസം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, 22ന് താൻ തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നും 25നകം പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റ് എത്തിയിരിക്കണമെന്നും അതിനപ്പുറം കാത്തിരിക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.

ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ കെ സി വേണുഗോപാൽ, വി ഡി സതീശൻ, കെ സുധാകരൻ പക്ഷങ്ങളുടെ മേൽക്കോയ്മയ്ക്കെതിരെയാണ് വിരുദ്ധ ഗ്രൂപ്പുകൾ സംഘടിച്ചിരിക്കുന്നതെങ്കിൽ മലബാറിലെ ഇതര ജില്ലകളിൽ എ‑ഐ തർക്കമാണ് രൂക്ഷം. കോട്ടയം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഗ്രൂപ്പുകൾക്കതീതമായി നേതാക്കൾക്കിടയിലെ ചേരിതിരിവാണ് പ്രശ്നം. ഒരു ജില്ലയിലും പട്ടിക മുഴുവനായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
പുനഃസംഘടന കഴിയാൻ കാത്തുനിൽക്കാതെ വോട്ടർപ്പട്ടിക പുതുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്കിറങ്ങാൻ ഇടയ്ക്ക് നേതൃത്വത്തിൽ നിന്ന് നിർദേശമുണ്ടായെങ്കിലും അതും കാര്യമായി ഏശിയില്ല. പുനഃസംഘടനയിൽ സ്ഥാനത്ത് തുടരാൻ കഴിയുമോ അതോ സ്ഥാനം തെറിക്കുമോ എന്ന് കാലേക്കൂട്ടി ഉറപ്പിക്കാൻ കഴിയാതിരുന്നതിനാൽ നിലവിലെ മണ്ഡലം പ്രസിഡന്റുമാർ അക്കാര്യത്തിൽ വലിയ ശുഷ്കാന്തി കാണിച്ചില്ല. പദവി കിട്ടുമെന്നുറപ്പില്ലാത്തതിനാൽ സ്ഥാനമോഹികൾക്കും ചാഞ്ചാട്ടമുണ്ടായി. പ്രസിഡന്റ് പദവിക്കായി ഏതെങ്കിലും ഗ്രൂപ്പ് നേരത്തെ അവകാശവാദമുന്നയിച്ച ചില മണ്ഡലങ്ങളിൽ മറു ഗ്രൂപ്പുകാരും രംഗത്തെത്തിയില്ല.

ഡിസിസികളിൽ 11 അംഗ സമിതിയാണ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത്. അവിടെ തർക്കമുണ്ടാവുകയും പരിഹാരം സാധ്യമല്ലാതാവുകയും ചെയ്താൽ കെപിസിസിക്ക് വിടണം. അവിടത്തെ തീർപ്പിന് കാലതാമസം വന്നാൽ അവസാന തീയതികൾ പിന്നെയും നീളും.

Eng­lish Sum­ma­ry: inter­nal clash­es with­in congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.