17 November 2024, Sunday
KSFE Galaxy Chits Banner 2

ഇച്ഛാശക്തി വീണ്ടെടുക്കാന്‍ ഇന്ത്യ സഖ്യം

കാനം രാജേന്ദ്രൻ
മതം നോക്കി തല്ലിച്ചോ?-2
October 8, 2023 4:45 am

ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പ്രകാരം കോർപറേറ്റ്-ഭരണ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനും പൊലീസ് സംവിധാനത്തിനും കീഴില്‍ ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് സുരക്ഷയില്ല. 1950ല്‍ അസ്പൃശ്യത നിയമം മൂലം നിരോധിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും ദളിതർ അസ്പൃശ്യർ തന്നെയാണ്. അവർ ജീവിക്കുന്നയിടങ്ങളിൽപ്പോലും തൊട്ടുകൂടായ്മ കല്പിതമാണ്. എത്രയോ ദളിതരാണ് പൊതുനിരത്തിൽ നടന്നതിനും ചായപ്പീടികയിൽ ചായ കുടിച്ചതിനും മർദനത്തിന് ഇരയാകേണ്ടി വന്നത്. ഇതിനെ ‘പരോക്ഷ അപ്പാർത്തീഡ്’ എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ നാമകരണം ചെയ്തിരിക്കുന്നത്. 1995–99 കാലത്ത് രൺബീർ സേനയുടെ നേതൃത്വത്തിൽ 400 ദളിതരാണ് കൊല ചെയ്യപ്പെട്ടത്. ഫ്യൂഡൽ മാടമ്പി സംഘത്തിന്റെ സംഘടിത രൂപമായിരുന്നു രൺബീർ സേന. രാജ്യത്ത് ഓരോ മിനിറ്റിലും ദളിതർക്കെതിരെ ഒരു ക്രിമിനൽ കുറ്റം നടക്കുന്നു എന്ന എച്ച്ആര്‍ഡബ്ല്യു റിപ്പോർട്ട് ഇവിടെ പ്രസക്തമാണ്. 2020 ഫെബ്രുവരി 17നാണ് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ സൈനികനായ ദളിത് വരന്റെ വിവാഹാഘോഷയാത്ര ഠാക്കൂർ കാളി സമുദായത്തിൽപ്പെട്ടവർ കൂട്ടമായി കല്ലെറിഞ്ഞ് തടസപ്പെടുത്തിയത്. യുപിയിലെ കാൺപൂരിൽ ദേഹാട്ടിലും ഇത് സംഭവിക്കുകയുണ്ടായി. 2019 മേയിൽ രാജസ്ഥാനിലെ ബിക്കാനിർ ജില്ലയിൽ കുതിരസവാരി നടത്തിയതിന് ദളിത് വരനെ രജപുത്ര സമുദായക്കാർ വളഞ്ഞിട്ട് ഭീകരമായി മർദിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിരവധി സ്ത്രീകൾ ലൈംഗികാതിക്രമത്തിനും കൊലപ്പെടുത്തലിനും വിധേയമാക്കപ്പെട്ടു. മിക്ക കേസുകളിലും പാെലീസ് കേസെടുക്കാറില്ല. ഇരകളുടെ പരാതി ലഭിക്കില്ലെന്ന കാരണത്താലാണ് കേസുകൾ ചാർജ് ചെയ്യാതെ പോകുന്നത്. അതുകൊണ്ടുതന്നെ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ വരാത്ത എത്രയോ കണക്കുകൾ ഉണ്ടാവാം.

 


ഇതുകൂടി വായിക്കൂ; സാമൂഹ്യ ഐക്യദാർ‍ഢ്യ പക്ഷാചരണം; എല്ലാവരെയും ചേർത്തു പിടിച്ച് പുരോഗതിയിലേക്ക്


ഇത്തരത്തിൽ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടു നിൽക്കുകയല്ലാതെ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും ഭരണകൂടം സ്വീകരിക്കുന്നില്ല. പൊലീസ് സ്റ്റേഷനുകളിൽപ്പോയി പരാതി നൽകുവാൻ പോലും നിസഹായരാണ് ദളിതർ. ഉത്തർപ്രദേശ് തന്നെയാണ് ഒരു ദളിത് യുവാവിനെ മർദിക്കുകയും ഉയർന്ന ജാതിക്കാരുടെ ചെരുപ്പ് നക്കിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശ് ജാതീയ മർദനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. നൗബസ്ത പ്രദേശത്ത് 19കാരനായ ഒരു യുവാവിനെ പ്ലേറ്റിൽ ഭക്ഷണം തൊട്ടു എന്നാരോപിച്ച് ക്രൂരമായി മർദിക്കുകയുണ്ടായി. 2022 ഒക്ടോബറില്‍ ഗാസിയാബാദിൽ ദളിത് സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി. കേസുമില്ല, നടപടിയുമില്ല. ഇതേ ഗ്രാമത്തിൽ പതിനാലു വയസുള്ള പെൺകുട്ടിയെ അതിഭീകരമായി മർദിച്ചു ബലാത്സംഗം ചെയ്തത് ഇ ന്ത്യയെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു. കാൺപൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അലിഗഢ്, ഝാർഖണ്ഡിലെ റാഞ്ചി എന്നിവിടങ്ങളിലും 10 വയസിനു താഴെയുള്ള ബാലികമാരാണ് പീഡിപ്പിക്കപ്പെട്ടത്. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നടുറോഡിലൂടെ നഗ്നരായി നടത്തിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസിനെ കളങ്കപ്പെടുത്തിയതും ചർച്ച ചെയ്യപ്പെട്ടതുമാണ്. മീശവയ്ക്കൽ, കിണറ്റിൽ നിന്നും വെള്ളംകോരൽ, പൊതുകുളത്തിൽ കുളിക്കൽ തുടങ്ങിയവയെല്ലാം സവർണ മാടമ്പിമാരുടെ മുമ്പിൽ ‘നിഷ്ഠൂര കുറ്റ’കൃത്യങ്ങളാണ്. ഇതിന്റെയൊക്കെ പേരിൽ ആദിവാസികളും ദളിതരും കൊടിയ മർദനങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും വിധേയരാകുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതിന്റെ പേരിൽ ഒഡിഷയിലെ ഖാണ്ഡമാലില്‍ മുഴുവൻ വീടുകളും കത്തിച്ചതും ആ ൾനാശം ഉണ്ടാക്കിയതും സംഘ്പരിവാർ ശക്തികളാണ്. ക്രിസ്തുമതം സ്വീകരിച്ച ആദിവാസികളെ ബലാൽക്കാരമായി ഘർവാപസി എന്ന പേരിൽ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അജണ്ടയുടെ ഭാഗമാണിത്. ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകളുടെ സൈന്യമായ ആർഎസ്എസിന്റെ ഒത്താശയോടാണിതൊക്കെ അരങ്ങേറുന്നത്.


ഇതുകൂടി വായിക്കൂ; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബഹുസ്വര ജനാധിപത്യത്തിന്റെ പരീക്ഷണം


 

ആദിവാസി മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ടവര്‍ക്കും അന്യവൽക്കരിക്കപ്പെട്ടവർക്കുമെതിരായ തീഷ്ണവും തുടർച്ചയായതുമായ ഹിംസകൾ ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ തകിടം മറിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ആദിവാസി, മുസ്ലിം, ജിപ്സി, അഭയാർത്ഥി ജനവിഭാഗങ്ങളെ പട്ടികയിൽ നിന്നൊഴിവാക്കിക്കൊണ്ട് പൗരത്വം നിഷേധിച്ച് തടങ്കല്‍പ്പാളയങ്ങളില്‍ അടയ്ക്കപ്പെടാൻ സാധ്യതയുണ്ട്. ജർമ്മനിയിലെ കോൺസൻട്രേഷൻ ക്യാമ്പുകൾക്കു സമാനമായ തടങ്കല്‍പ്പാളയങ്ങൾ പണിതുകൊണ്ടിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും. ദളിതരെ, മുസ്ലിങ്ങളെ, അഹിന്ദുക്കളെ, ക്രിസ്ത്യാനികളെ ഇന്ത്യൻ പൗരന്മാരായിട്ടോ മനുഷ്യനായിട്ടോ പോലും പരിഗണിക്കാൻ തയ്യാറല്ല ഹിന്ദുത്വ ശക്തികൾ. ജാതി വിറളിപൂണ്ട സവർണ ശക്തികൾക്ക് കൂട്ടുനിൽക്കുകയാണ് പൊലീസും ജുഡീഷ്യറിയും ഭരണ സംവിധാനങ്ങളും അന്വേഷണ ഏജൻസികളും. വനാവകാശ നിയമ ഭേദഗതിയിലൂടെ ആദിവാസികൾക്കായുള്ള വനാവകാശ സംരക്ഷണ നിയമം അട്ടിമറിക്കപ്പെട്ടു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പരിവർത്തിപ്പിക്കാനും ഭരണഘടനയെത്തന്നെ മാറ്റിമറിച്ച് സനാതന ധർമ്മത്തിനും ചാതുർ വർണ്യത്തിനും അനുസൃതമായി ഒരു മതരാഷ്ട്രമാക്കി മാറ്റാനുമുള്ള ധൃതഗതിയിലുള്ള നീക്കങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പേര് മാറ്റുക മാത്രമല്ല , മറിച്ച് സംസ്കാരത്തെയും ധാർമ്മിക മൂല്യങ്ങളെയും മതസൗഹാർദങ്ങളെയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാനാത്വത്തിന്റെയും ബഹുസ്വരതയുടെ സമന്വയത്തെയും അട്ടിമറിക്കുകയെന്നതാണ് ഹിന്ദുത്വത്തിന്റെ പ്രതിലോമകരമായ അജണ്ട. ഇതിനെതിരെ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനം. കോർപറേറ്റ് സവർണ ഹിന്ദുത്വ ശക്തികൾ ആക്രമണോത്സുകരായ തങ്ങളുടെ പ്രവർത്തകരെയും അനുഭാവികളെയും ഉപയോഗിച്ച് ഹിന്ദുത്വതീവ്രതയുടെ ജന്മസ്വഭാവവും വർഗഭാവവുമായ വർഗീയതയും ജാതീയതയും ഇളക്കിവിട്ട് രാജ്യത്തെയും ജനങ്ങളെയും അസ്ഥിരീകരിക്കുകയാണ്.

സംഘ്പരിവാറിനാൽ നയിക്കപ്പെടുന്ന മോഡി ഭരണം അവസാനിപ്പിക്കേണ്ടതുണ്ട്. അതിനായി വിഘടിച്ച് നിൽക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും സംഘടനകളെയും ഒന്നിപ്പിക്കുക എന്നതാണ് അവശ്യമായത്. അതിനാണ് ഈ സന്ദിഗ്ധഘട്ടത്തിൽ സിപിഐയും ഇടതുപക്ഷവും ഊന്നൽ നൽകുന്നത്. 28 പ്രതിപക്ഷ കക്ഷികൾ ചേർന്നു രൂപം കൊടുത്ത ഇന്ത്യ സഖ്യം ബിജെപിയെ ഭയാശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ബിജെപിയുടെ കുത്സിതവും അപമാനവികൃതവുമായ രാഷ്ട്രീയ നയങ്ങളെ എതിർക്കുന്ന ഇന്ത്യൻ ജനതയുടെ പ്രക്ഷോഭങ്ങളുടെയും പ്രതിരോധങ്ങളുടെയും സംഘടിത പ്രതിനിധാനമാണ് ‘ഇന്ത്യ’ സഖ്യം എന്ന കാഴ്ചപ്പാടാണ് സിപിഐക്കുള്ളത്. ഒരു തെരഞ്ഞെടുപ്പ് മുന്നണി എന്നതിലുപരി ഭാവി ഇന്ത്യയുടെ പുനർനിർമ്മാണത്തിനായി, ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തി സാക്ഷാത്ക്കരിക്കാൻ വേണ്ടി രൂപം കൊണ്ടതാണത്. അതിനെ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളെ അണി നിരത്തുകയെന്നതാണ് സിപിഐ മുൻവയ്ക്കുന്ന രാഷ്ട്രീയം.

(അവസാനിച്ചു)

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.