ലുലു മാളിൽ ഇന്ത്യയുടെ ദേശീയപതാകയേക്കാൾ ഉയരത്തിൽ പാകിസ്താൻ പതാക പ്രദർശിപ്പിച്ചെന്ന വിദ്വേഷ പ്രചാരണത്തിൽ ബലിയാടായി ജീവനക്കാരി. ലുലു മാൾ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജർ ആതിര നമ്പ്യാതിരിക്കാണ് തീവ്രഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യങ്ങളിൽ നടത്തിയ വ്യാജപ്രചാരണത്തെത്തുടർന്ന് ജോലി നഷ്ടമായത്. ലുലു ഗ്രൂപ്പിനൊപ്പം 2014 മുതൽ ജോലി ചെയ്യുകയായിരുന്നു ആതിര.
ജോലി നഷ്ടമായ കാര്യം ആതിര തന്നെയാണ് വെളിപ്പെടുത്തിയത്. ”സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണം ഒരാളുടെ സത്യസന്ധതയെയും ഉപജീവനത്തെയും നശിപ്പിക്കാൻ സാധ്യതയുള്ളതാണ്. ഒരു ദശാബ്ദം മുഴുവൻ പൂർണമായും ഒരു കമ്പനിക്കായി സമർപ്പിച്ചശേഷം ഒരടിസ്ഥാനവുമില്ലാത്ത വ്യാജപ്രചാരണങ്ങളും സോഷ്യൽ മീഡിയയിലെ സെൻസേഷണലിസവും കാരണം ഒരു ദിവസം ജോലി ഇല്ലാതാവുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നു, ” ആതിര ലിങ്ക്ഡ് ഇൻ പേജിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ വന്ന വ്യാജ പോസ്റ്റ് തന്നെയും കമ്പനിയെയും ഒരുപോലെ ബാധിച്ചെന്ന് ആതിര പറഞ്ഞു. ”ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ ഉയരത്തിൽ പാകിസ്താൻ പതാക വച്ചുവെന്ന വാർത്ത തീർത്തും തെറ്റായിരുന്നു. അത് എന്നെയും കമ്പനിയെയും ഒരുപോലെ ബാധിച്ചു. നിർഭാഗ്യവശാൽ കമ്പനിക്ക് എന്നെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. പക്ഷേ അത് ഞാൻ നിരസിക്കുകയും രാജിവയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു, ” ആതിര പറഞ്ഞു.
ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശം ഉൾക്കൊണ്ട് ലുലു മാളിൽ ഒരുക്കിയ അലങ്കാരത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടന്നത്. ഇന്ത്യയുടെ ദേശീയപതാകയേക്കാൾ ഉയരത്തിൽ പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചെന്നായിരുന്നു വ്യാജപ്രചാരണം. ക്രിക്കറ്റ് ലോകകപ്പിൽ മത്സമരിക്കുന്ന എല്ലാ ടീമുകളുടെയും പതാകകൾ മാളിൽ സ്ഥാപിച്ചിരുന്നു. ഇതിനൊപ്പമായിരുന്നു ഇന്ത്യയുടെയും പാകിസ്താന്റെയും പതാകകളുണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ പതാകയ്ക്കും മുകളിലായിട്ടാണ് പാകിസ്താൻ പതാക സ്ഥാപിച്ചതെന്നായിരുന്നു ഹിന്ദുത്വ നേതാവിന്റെ നേതൃത്വത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.
English Summary: Lulu Mall employee became a scapegoat in Hindutva’s hate campaign
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.