23 December 2024, Monday
KSFE Galaxy Chits Banner 2

തൊഴിലാളികളെ അരക്ഷിതരാക്കുന്ന തൊഴില്‍ നയം

Janayugom Webdesk
October 23, 2023 5:00 am

രാജ്യത്തെ അസംഘടിത, അനൗപചാരിക തൊഴിൽമേഖലകളിൽ പണിയെടുക്കുന്ന കോടാനുകോടി സ്ത്രീപുരുഷന്മാരുടെ അതിജീവനത്തെ ദുരിതപൂർണമാക്കുന്ന നടപടികളാണ് ദിനംപ്രതിയെന്നോണം കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആധാറുമായി തൊഴിൽകാർഡുകൾ ബന്ധിപ്പിക്കുന്നതിന്റെ പേരിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും അഞ്ചുകോടിയില്പരം തൊഴിലാളികളെ പുറന്തള്ളിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിവർഷം ഒരുകോടിയിൽപരം തൊഴിലാളികള്‍ക്കുവീതമാണ് ആധാർ അധിഷ്ഠിത വേതനവിതരണത്തിന്റെ പേരിൽ തൊഴിൽ കാർഡുകൾ നഷ്ടമായിക്കൊണ്ടിരുന്നത്. സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് സമൂഹത്തിന്റെ ഏറ്റവും താഴേത്തലത്തിലുള്ള പാവങ്ങൾക്ക് പട്ടിണിവേതനമെങ്കിലും ഉറപ്പുനൽകാൻ സംസ്ഥാനസർക്കാരുകളും നടപടി സ്വീകരിക്കുന്നില്ലെന്നത് ഖേദകരവും അപലപനീയവുമാണ്. ഇത് കേവലം സാങ്കേതിക പ്രശ്നമല്ല. മറിച്ച്, 2014ൽ അധികാരത്തിൽ വന്നതുമുതൽ നരേന്ദ്രമോഡി സർക്കാർ പിന്തുടർന്നുവരുന്ന തൊഴിലാളിവിരുദ്ധ, ജനദ്രോഹ നടപടികളുടെ തുടർച്ചയാണെന്ന് ലഭ്യമായ ഔദ്യോഗിക കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഔപചാരിക തൊഴിൽമേഖലകളിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിൽമണിക്കൂറുകളും കാലാകാലങ്ങളിൽ അംഗീകരിക്കപ്പെടുന്ന താരതമ്യേന മെച്ചപ്പെട്ട വേതനവും സേവന വ്യവസ്ഥകളും സാമൂഹിക സുരക്ഷയും നൽകേണ്ടതുണ്ട്. അത് മറികടക്കാനും തൊഴിലുടമകൾക്ക് തൊഴിലാളികളെ യഥേഷ്ടം ചൂഷണം ചെയ്യാനുമുള്ള മാർഗമായി മാറിയിരിക്കുകയാണ് തൊഴിലിന്റെ അനൗപചാരികവൽക്കരണം. മോഡിസർക്കാരിന്റെ തൊഴിൽ കോഡുകൾ ലക്ഷ്യംവയ്ക്കുന്നതും മറ്റൊന്നല്ല.

ഇതുകൂടി വായിക്കൂ;

ഔപചാരിക, സംഘടിത തൊഴിൽമേഖലകൾക്ക് അംഗീകൃത നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായേ പ്രവർത്തിക്കാൻ കഴിയു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ തൊഴിലാളികളുടെ ജീവിതനിലവാരം ക്രമാനുഗതമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഔപചാരിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പിന്തുടർന്നുപോന്നിരുന്നത്. ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ പ്രവേശനത്തോടെ ആ നയങ്ങൾ തിരുത്തപ്പെടുകയും മോഡിസർക്കാരിന്റെ വരവോടെ തൊഴിലാളി ക്ഷേമത്തിന്റെ സ്ഥാനത്ത് ‘വ്യവസായ സൗഹൃദ’ അന്തരീക്ഷത്തിന്റെ പേരിൽ തൊഴിലാളികളുടെ അവകാശനിഷേധ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുമായിരുന്നു. കേന്ദ്രസർക്കാരിന്റെ കാലിക തൊഴിൽശക്തി കണക്കുകൾ (പിരിയോഡിക്കൽ ലേബർ ഫോഴ്സ് സർവ്വേ-പിഎൽഎഫ്എസ്) പ്രകാരം സംഘടിത തൊഴിൽ മേഖലയിൽ 2011-12 കാലയളവിൽ ഉണ്ടായിരുന്നത് മൊത്തം തൊഴിൽശക്തിയുടെ 17 ശതമാനം ആയിരുന്നു. 2017–18 ആവുമ്പോഴേക്കും അത് 13.2 ശതമാനമായും ഇപ്പോൾ കേവലം ആറുശതമാനമായും കുത്തനെ ഇടിഞ്ഞിരിക്കുന്നു. മോഡിഭരണത്തിൽ സംഘടിത മേഖലകളിൽ മാന്യമായി തൊഴിലെടുത്ത് ഉപജീവനം കഴിച്ചിരുന്നവരിൽ ഗണ്യമായ ഒരുവിഭാഗം യാതൊരു സുരക്ഷയുമില്ലാത്ത അസംഘടിത മേഖലകളിലേക്ക് പുറന്തള്ളപ്പെട്ടു. 2011–12ൽ അസംഘടിത മേഖലയിലെ തൊഴിലാളികൾ മൊത്തം തൊഴിൽ ശക്തിയുടെ 83 ശതമാനം ആയിരുന്നെങ്കിൽ 2017–18ൽ 86.8 ശതമാനവും ഇപ്പോൾ അത് 94 ശതമാനവുമായി മാറിയിരിക്കുന്നു. അനൗപചാരിക മേഖലയിലാകട്ടെ അത് യഥാക്രമം 90.7, 92.4, 97 എന്നിങ്ങനെയാണ് വർധിച്ചിരിക്കുന്നത്. ഈ കണക്കുകൾ തുറന്നുകാട്ടുന്നത് രാജ്യത്തെ ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ മോഡിഭരണത്തിൽ ഗണ്യമായി കുറയുകയും മഹാഭൂരിപക്ഷം തൊഴിലാളികളും അരക്ഷിത തൊഴിൽമേഖലകളിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു എന്നുമാണ്.

തൊഴിൽരംഗത്തുള്ള തീവ്രമായ ഘടനാപരമായ ഈ മാറ്റം മോഡിഭരണം തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാർക്ക് തൊഴിലാളികളെ യഥേഷ്ടം ചൂഷണംചെയ്യാനും അവരുടെ ലാഭം അളവറ്റ തോതിൽ വർധിപ്പിക്കാനും തൊഴിലാളികളുടെ സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം നിഷേധിക്കാനും ലക്ഷ്യംവച്ചുള്ളതാണ്. സംഘടിത മേഖലകളിലാണ് ട്രേഡ്‌യൂണിയനുകൾക്ക് ശക്തമായ സാന്നിധ്യമുള്ളത്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ട്രേഡ്‌യൂണിനുകളെ തകർക്കുകയെന്നത് വലതുപക്ഷ മോഡിസർക്കാരിന്റെയും അവരുടെ കോർപ്പറേറ്റ് ചങ്ങാതിമാരുടെയും ആവശ്യമാണ്. ഇത് ശക്തമായ ട്രേഡ്‌യൂണിയൻ പ്രവർത്തനം രാജ്യത്ത് ദുഷ്കരമോ അസാധ്യമോ ആക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. തൊഴിലാളികളെ തൊഴിലുടമകളുടെ ആശ്രിത്വത്തിലേക്കും ഔദാര്യത്തിലേക്കും തള്ളിവിടാമെന്നാണ് ആ കണക്കുകൂട്ടൽ. അത് തെറ്റാണെന്ന് തെളിയിക്കേണ്ടത് ട്രേഡ്‌യൂണിയനുകളും മനുഷ്യത്വഹീനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനംചെയ്ത് അതിജീവനത്തിനായി പൊരുതാൻ നിർബന്ധിതരായ അസംഘടിത‑അനൗപചാരിക മേഖലകളിലെ കോടാനുകോടി തൊഴിലാളികളും നേരിടുന്ന അടിയന്തര വെല്ലുവിളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.