23 November 2024, Saturday
KSFE Galaxy Chits Banner 2

ദാരിദ്ര്യമുക്ത കേരളത്തിനായ് കൈകോര്‍ക്കാം

Janayugom Webdesk
October 21, 2023 9:56 am

ദാരിദ്ര്യം എന്നത് കേവലം ഭക്ഷണ ലഭ്യതയുടെ കുറവ് മാത്രമല്ല. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസത്തിലൂന്നിയ മനുഷ്യ വിഭവവികസനം, ജീവിതനിലവാരം, ആരോഗ്യം എന്നിവയില്‍ ഏത് മേഖലയിലുമുള്ള സൗകര്യങ്ങളുടെ അഭാവമോ ദൗര്‍ലഭ്യമോ ദാരിദ്ര്യമായി കണക്കാക്കാവുന്നതാണ്. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ പോലും ശേഷിയില്ലാത്തവരുടെയും പൊതുസമൂഹത്തിന്‍റെ ശ്രദ്ധയില്‍ പലപ്പോഴും പെടാതെ പോകുന്നവരുടെയും അവസ്ഥ ഇതിലും മോശമാണ്. അത്തരത്തില്‍ ഉള്ളവരെ കണ്ടെത്തി അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി.

അതിദരിദ്രരേയും അഗതികളേയും കണ്ടെത്തി അവരെ ഉള്‍ക്കൊള്ളുന്ന സമീപനമാണിത്. ‘ആശ്രയ’, ‘അഗതിരഹിത കേരളം’, മുതലായ പദ്ധതികളിലൊന്നിലും പല കാരണങ്ങളാല്‍ ഉള്‍പ്പെടാതെ പോയ അതിദരിദ്രര്‍ക്കാണ് പ്രത്യേക പരിഗണന. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്തുമുള്ള അതിദാരിദ്ര്യം അനുഭവിക്കുന്നവരെ സാമൂഹിക പങ്കാളിത്ത പ്രക്രിയയിലൂടെ കണ്ടെത്തുക, ഓരോ അതിദരിദ്ര കുടുംബത്തിന്‍റെയും അവസ്ഥയെ സംബന്ധിച്ച സമഗ്രവിവര ശേഖരണം നടത്തുക, അതിദരിദ്ര കുടുംബങ്ങളുടെ അതിജീവനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകള്‍ തയ്യാറാക്കി തദ്ദേശസ്ഥാപന തലങ്ങളില്‍ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ സംസ്ഥാനത്തെ അതിദാരിദ്ര്യം 5 വര്‍ഷം കൊണ്ട് ഇല്ലാതാക്കുകയാണ് ലക്ഷ്യം. 

പട്ടികജാതി-പട്ടികവർഗ കുടുംബങ്ങള്‍, തീരദേശവാസികള്‍, നഗരദരിദ്രര്‍, എച്ച്.ഐ.വി. ബാധിതര്‍ ഉള്ള ദരിദ്ര കുടുംബങ്ങള്‍, അനാഥരായ കുട്ടികള്‍ ഉള്ള ദരിദ്ര കുടുംബങ്ങള്‍, LGBTQIA+ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്ള ദരിദ്ര കുടുംബങ്ങള്‍ എന്നിങ്ങനെ ഏറ്റവും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. അതിദരിദ്രരെ കണ്ടെത്തുന്ന പ്രവര്‍ത്തനം 2021 ജൂലൈ മാസത്തില്‍ ആരംഭിച്ച് 2022 ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് അതിദാരിദ്യം അനുഭവിക്കുന്ന 64006 കുടുംബങ്ങളെ കണ്ടെത്തി. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ മേഖലകളില്‍ ക്ലേശം നേരിടുന്ന 64006 കുടുംബങ്ങളിലായി 103099 വ്യക്തികളെ 1032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തി.

കുടുംബങ്ങളുടെ അതിജീവനത്തിന് അടിയന്തര ആവശ്യമുള്ള സേവനങ്ങളും സൗകര്യങ്ങളും ചേര്‍ത്ത് ഉടന്‍ നടപ്പിലാക്കാവുന്ന സര്‍വ്വീസ് പദ്ധതികള്‍, മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷക്കാലയളവ് കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഹ്രസ്വ കാലത്തേക്കുള്ള പദ്ധതികള്‍, ദീര്‍ഘകാല സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമുള്ള പദ്ധതികള്‍ എന്നിങ്ങനെയാണ് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയതില്‍ മരണപ്പെട്ടവര്‍, നേരത്തെ തന്നെ ആശ്രയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, മറ്റ് സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവര്‍ ഒഴികെ 56821 കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. ഈ കുടുംബങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ പരമാവധി അവരുടെ വാതില്‍പ്പടിയില്‍ എത്തിയ്ക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിവരികയാണ്.

ഭക്ഷണം ആവശ്യമായവര്‍ക്ക് പാകം ചെയ്ത ഭക്ഷണമോ ഭക്ഷ്യ കിറ്റുകളോ നല്‍കി വരുന്നുണ്ട്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യ സ്ഥിതിക്ക് അനുയോജ്യമായ ഭക്ഷണം ആണ് നല്‍കുന്നത്. പോഷക ദാരിദ്ര്യം ഉള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഭക്ഷ്യ സാധനങ്ങള്‍ വാതില്‍ പടിയില്‍ എത്തിയ്ക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ റേഷന്‍ കടകള്‍ വഴി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ അപര്യാപ്തമായ ഇടങ്ങളില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭക്ഷണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ യഥാസമയം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിനായി അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ‘ഫുഡ് കാര്‍ഡുകള്‍’ നല്‍കുന്നുണ്ട്.

ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ മാസത്തില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ആവശ്യമുള്ള ചികിത്സയോ മരുന്നുകളോ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ചികിത്സ വാതില്‍ പടിയില്‍ എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ആശുപത്രികളില്‍ എത്തിച്ച് മാത്രം ചികിത്സ ആവശ്യമുള്ള അതിദരിദ്രരെ അവിടെ എത്തിച്ച് ചികിത്സ നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള മുഴുവന്‍ പേര്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അത് നൽകി. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കാന്‍ കഴിയാത്തവര്‍ക്ക് കാരുണ്യ ബനവലന്‍റ് പദ്ധതിയില്‍ ആനുകൂല്യം നല്‍കുന്നതിനും എല്ലാവര്‍ക്കും ‘ഹെല്‍ത്ത് കാര്‍ഡുകള്‍’ നല്‍കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. 

അടച്ചുറപ്പുള്ള വാസസ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്ന അതിദരിദ്ര കുടുംബങ്ങളും ഉണ്ട്. അവരെ ലൈഫ് മിഷന്‍ പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വീട് മാത്രം ആവശ്യമുള്ളവര്‍ക്കെല്ലാം അടിയന്തരമായി വീടുകള്‍ നല്‍കുന്നതിന് ധനസഹായം നല്‍കി തുടങ്ങി. 

സ്ഥായിയായ വരുമാനം ഇല്ലാത്തത് മൂലം അതിദാരിദ്ര്യത്തിൽ അകപ്പെട്ടു പോയ കുടുംബങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കുവാന്‍ കുടുംബശ്രീയിലൂടെ ‘ഉജ്ജീവനം’ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ ടീമുകള്‍ അതിദരിദ്ര കുടുംബങ്ങള്‍ സന്ദര്‍ശിച്ച് ഓരോ കുടുംബത്തിനും വേണ്ട ഉപജീവന പദ്ധതി തയാറാക്കും. അതിന് ശേഷം ഓരോ കുടുംബത്തിനും പ്രയോജനകരമാവുന്ന വരുമാനദായക പ്രവൃത്തികളിലേക്ക് അവരെ കൈ പിടിച്ച് ഉയര്‍ത്തും. അതിദരിദ്രര്‍ അംഗമായ സംരംഭങ്ങള്‍ക്ക് പ്രത്യേകം റിവോള്‍വിംഗ് ഫണ്ട്, സബ്സിഡി എന്നിവ നല്‍കുന്നത് പരിഗണനയിലുണ്ട്. 

അതിദരിദ്ര കുടുംബങ്ങളിലെ 3 മുതല്‍ 18 വയസ്സ് വരെയുള്ള 16187 കുട്ടികള്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ നല്‍കുവാന്‍ തദ്ദേശ സ്ഥാപനങ്ങള്‍/പി.റ്റി.എ. എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 136 കുട്ടികള്‍ക്ക് വീടിനടുത്ത് അഡ്മിഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ്, സ്റ്റൈപ്പന്‍ഡ്, കോളേജ് കാന്‍റീനില്‍ സൗജന്യ ഭക്ഷണം, ലാപ്ടോപ്പ്, പഠനോപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള യാത്ര സൗജന്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.
ആദ്യ ഘട്ടത്തിലെ അവകാശ രേഖകളും അടിയന്തര സേവനങ്ങളും അതിദരിദ്രര്‍ക്ക് ലഭ്യമാക്കുന്ന ‘അവകാശം അതിവേഗം’ പദ്ധതി പൂര്‍ത്തിയാകാറായി. അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍, മാനസിക രോഗമുള്ളവര്‍, മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറി പോയവര്‍, മരണപ്പെട്ടവര്‍ എന്നിവര്‍ ഒഴികെ മുഴുവന്‍ പേര്‍ക്കും അവ ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെട്ട ചില അപേക്ഷകള്‍ ഒഴികെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും രേഖകളും സേവനങ്ങളും നല്‍കിക്കഴിഞ്ഞു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയ്ക്ക് വേണ്ടി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനും വെബ്പോര്‍ട്ടലും ‘ഡിജിറ്റല്‍ ഇന്ത്യ’ അവാര്‍ഡില്‍ ‘സ്റ്റാര്‍ട്ട് അപ്പ്’-കളുമായി ചേര്‍ന്ന് വികസിപ്പിച്ച ആപ്ലിക്കേഷനുകളുടെ മത്സര വിഭാഗത്തില്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 

1998 ല്‍ കേരളത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് നടപ്പാക്കിയ കുടുംബശ്രീ പദ്ധതി, 2002–2003 ലെ ആശ്രയ പദ്ധതി, 2016 ന് ശേഷം നടപ്പിലാക്കിയ ‘അഗതി രഹിത കേരളം’ പദ്ധതി തുടങ്ങി കേരളത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടിയ വിവിധ പദ്ധതികളുടെ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. 2025 നവംബര്‍ 1 ന് രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറുന്നതിന് വേണ്ടിയുള്ള പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.