7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 30, 2024
August 12, 2024
June 26, 2024
June 25, 2024
June 21, 2024
February 6, 2024
November 19, 2023
October 21, 2023
October 20, 2023
September 28, 2023

കേരള ബാങ്ക് : കേരളീയരുടെ സ്വന്തം ബാങ്ക്

Janayugom Webdesk
October 20, 2023 10:05 am

കേരളീയരുടെ സ്വന്തം ബാങ്കാണ് സഹകരണ മേഖലയുടെ അഭിമാനമായ കേരള സംസ്ഥാന സഹകരണ ബാങ്ക് അഥവാ കേരള ബാങ്ക്. സാധാരണക്കാരന്‍റെ നിക്ഷേപം ഭദ്രമായി സൂക്ഷിക്കുന്നതിനും കൃഷി, സ്വയംതൊഴില്‍ സംരംഭങ്ങള്‍, വ്യവസായം തുടങ്ങി എല്ലാ വായ്പാ ഇടപാടുകള്‍ക്കും ആശങ്കകള്‍ കൂടാതെ ആശ്രയിക്കാവുന്ന തുമായ ഇടം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷെഡൂള്‍ഡ് ബാങ്കായാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്കിനെ രൂപീകരിച്ചത്.

2019 നവംബറില്‍ ആണ് കേരള ബാങ്ക് യാഥാര്‍ത്ഥ്യമായത്. ബാങ്കിംഗ് ഇടപാടുകള്‍ക്ക് കേരളീയര്‍ക്ക് സ്വന്തമായൊരു ഇടമെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരണത്തിലൂടെ മുന്നോട്ടുവച്ചത്. സംസഥാന സഹകരണബാങ്ക്, 14 ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ സംഘങ്ങള്‍ ഈ ക്രമത്തില്‍ ത്രിതല സംവിധാനത്തിലാണ് 2019 നവംബര്‍ വരെ കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിച്ചിരുന്നത്. സാധാരണക്കാരിലേക്ക് സഹകരണ മേഖലയുടെ ഗുണഫലം കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയുടെ അപെക്സ് സ്ഥാപനമായ കേരള സംസ്ഥാന സഹകരണ ബാങ്കുമായി ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ദ്വിതല സംവിധാനത്തിലേക്ക് കേരളത്തിലെ സഹകരണ മേഖല പുനസംഘടിപ്പിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് സംസ്ഥാന സഹകരണ ബാങ്കിന്‍റെ തുടക്കം. 1914‑ല്‍ ‘തിരുവിതാംകൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് റെഗുലേഷന്‍ ആക്റ്റ്’ പ്രഖ്യാപിക്കുകയും ഈ നിയമപ്രകാരം ആദ്യത്തെ സഹകരണ ബാങ്കായി ‘ട്രിവാന്‍ഡ്രം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്’ സ്ഥാപിക്കുകയും ചെയ്തു. 1956‑ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനഃസംഘടനയ്ക്ക് ശേഷം കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ തിരുവിതാംകൂര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സംസ്ഥാന സഹകരണ ബാങ്കായി രൂപാന്തരപ്പെട്ടു. ആദ്യഘട്ടത്തില്‍ മലപ്പുറം ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകളാണ് കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചത്. 12-01-2023 ന് മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള സംസ്ഥാന സഹകരണ ബാങ്കിന്‍റെ ഭാഗമായി മാറി. 

കേരളത്തിന്‍റെ വികസനത്തിനും സാധാരണക്കാരന്‍റെ ക്ഷേമത്തിനുമായി 823 ശാഖകളും, 1688 എ ക്ലാസ് അംഗ സംഘങ്ങളും ഉള്‍പ്പെടെ ബൃഹത്തായ ഒരു ശ്യംഖലയാണ് ഇന്ന് കേരള ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്നത്. കേരള ബാങ്കിന്‍റെ രൂപീകരണവേളയിലും നിലവിലെ പ്രവര്‍ത്തനങ്ങളിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നബാര്‍ഡും നല്‍കുന്ന പിന്തുണ കേരളത്തിന്‍റെ സഹകരണ മേഖലക്ക് കരുത്തു നല്‍കുന്നതാണ്. 2022–23 സാമ്പത്തിക വര്‍ഷം കേരള ബാങ്കിന്‍റെ മൊത്തം ബിസിനസ് 121204 കോടി ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10347 കോടിയുടെ ബിസിനസ് വര്‍ദ്ധനവുണ്ടായി. നിലവിലെ നിക്ഷേപം 74152 കോടിയാണ്.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വ്യത്യസ്ത വായ്പാ പദ്ധതികള്‍ ബാങ്ക് ആ വിഷ്കരിച്ചിട്ടുണ്ട്. കൂടാതെ സൂക്ഷ്മ ചെറുകിട സംരംഭമേഖലക്ക് മാത്രമായും വനിതകള്‍ക്ക് മാത്രമായും വിവിധ വായ്പകള്‍ കേരള ബാങ്കിലുണ്ട്. രൂപീകരണത്തിനു ശേഷം കാര്‍ഷിക വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ അനുവദിക്കാനും എഐഎഫ് ഫണ്ടില്‍ നിന്ന് പരമാവധി പലിശ ഇളവ് കര്‍ഷകര്‍ക്ക് നല്‍കാനും സാധിക്കുന്നുണ്ട്. മറ്റു വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന എല്ലാ ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്കിലൂടെ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്ന തരത്തില്‍ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

അന്തര്‍ദേശീയ സഹകരണസഖ്യവും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് കോഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം കേരള ബാങ്കിന് ഏഷ്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത് ഏഴാം സ്ഥാനവും ലഭിച്ചു. ടേണ്‍ഓവര്‍, ജിഡിപി, പെര്‍ക്യാപിറ്റ അടിസ്ഥാനത്തില്‍ ധനകാര്യ സേവന മേഖലയിലെ പ്രവര്‍ത്തനത്തിനാണ് ബാങ്കിന് അംഗീകാരം നേടാനായത്. സഹകരണ ബാങ്കുകളുടെ അപ്പക്സ് ഫെഡറേഷനായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് സമഗ്ര സംഭാവനക്ക് ദേശീയ തലത്തില്‍ നല്‍കുന്ന അവാര്‍ഡ് 2019–20,2020–21,2021–22 സാമ്പത്തിക വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 3 വര്‍ഷം കേരള ബാങ്ക് സ്വന്തമാക്കി. ബിസിനസ് നേട്ടങ്ങള്‍, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.