25 November 2024, Monday
KSFE Galaxy Chits Banner 2

ഗാസയില്‍ കരയുദ്ധം; മരണസംഖ്യ ഏഴായിരം കടന്നു

Janayugom Webdesk
ജെറുസലേം
October 26, 2023 10:41 pm

ഗാസയില്‍ കരയുദ്ധത്തിനു തുടക്കം കുറിച്ച് ഇസ്രയേല്‍. സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്തി. നിരവധി ഹമാസ് കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും ആക്രമിച്ച് നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഒറ്റ രാത്രിയിലെ ആക്രമണത്തിനുശേഷം കരസേന ഇസ്രയേൽ അതിർത്തിയിലേക്ക് മടങ്ങിയതായും റിപ്പോർട്ടുണ്ട്. അതേസമയം ഇന്നലെയും ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നു. ഇതിനിടെ ഗാസയിലെ മരണസംഖ്യ 7028 ആയി ഉയര്‍ന്നു. ഇതില്‍ മൂവായിരം പേര്‍ കുട്ടികളാണ്. 18,484 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസവും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് ഗാസയുടെ വടക്ക് ഭാഗത്തേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറിയത്. ഇനിയും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നെതന്യാഹു സൂചന നൽകിയിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്കും ഇസ്രയേല്‍ റോക്കറ്റ് ആക്രമണം നടത്തി.
ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ 50 ഓളം ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണ്. അതിനിടെ ഹമാസിന്റെ നേതൃസംഘം റഷ്യയിലെത്തി വിദേശകാര്യ മന്ത്രാലയ ഉന്നതരുമായി ചര്‍ച്ച നടത്തി. ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി അലി ബാഗ്രി ഘനിയും റഷ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. 

ഗാസയില്‍ ഇന്ധന ശേഖരം തീരുന്നതോടെ യുഎന്‍ ഏജന്‍സികള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. ഇതോടെ ആറു ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളും അനിശ്ചിതത്വത്തിലാവും. ഇന്ധന ട്രക്കുകള്‍ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. ഗാസ വന്‍ മാനുഷിക വിപത്തിലേക്കാണ് നീങ്ങുന്നതെന്നും ഇസ്രയേല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: War in Gaza; The death toll has crossed sev­en thousand

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.