23 December 2024, Monday
KSFE Galaxy Chits Banner 2

വിദ്യതേടി പുറം രാജ്യങ്ങളിലേക്ക്

പി എ വാസുദേവൻ
കാഴ്ച
October 28, 2023 4:30 am

വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോവുക എന്നത് എന്റെയൊക്കെ കോളജുകാലത്ത് അത്യപൂര്‍വമായിരുന്നു. ഭാഗ്യത്തിന് വന്നുവീഴുന്ന സ്കോളര്‍ഷിപ്പോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ അതൊക്കെ സാധിക്കൂ. എന്തിന് വിദേശയാത്ര തന്നെ വളരെക്കുറവായിരുന്നു. കാലം മാറിയതോടെ അതൊക്കെ മാറി. ഇപ്പോള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍, ഉപരിപഠനത്തിനായി എത്തിച്ചേരുന്നുണ്ട്. ഒരു വക വിമാനത്താവളങ്ങളിലൊക്കെ മലയാളി വിദ്യാര്‍ത്ഥിക്കൂട്ടത്തെ കാണാം. പണ്ട് അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന പഠനം, ഇപ്പോള്‍ യൂറോപ്പ്, ഇസ്രയേല്‍, ഈജിപ്ത്, പോളണ്ട് തുടങ്ങിയ എല്ലാ രാജ്യത്തും എത്തിയിട്ടുണ്ട്.  ഇതിന്റെ തനിരൂപം വ്യക്തമായത് കഴിഞ്ഞ ഉക്രെയ്ന്‍ യുദ്ധസമയത്താണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അവിടെ ഉണ്ടെന്ന് അപ്പോഴാണറിഞ്ഞത്. ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ എണ്ണമറ്റ മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഈ പഠനപ്രവാഹം നമ്മെ പലവഴിക്കും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതില്‍ പല ചോദ്യങ്ങളും അടങ്ങിയിട്ടുമുണ്ട്. എന്തിനാണ് പുറത്തു പഠിക്കാന്‍ പോകുന്നത്? പഠനച്ചെലവ് താങ്ങാനാവുമോ? ഡോക്ടര്‍, എന്‍ജിനീയര്‍ പഠനങ്ങള്‍ കഴിഞ്ഞാല്‍ എന്താണിവിടെ ഭാവി? ഇങ്ങനെ പലതരം ചോദ്യങ്ങളുമുണ്ട്. പുറംപഠനത്തിന് പോകുന്നതിന്റെ പ്രധാന കാരണം ഇവിടെ സീറ്റുകിട്ടാത്തതും പുറത്ത് പഠിക്കുന്നതിന്റെ ഗമയുമാണ്. എന്നാല്‍ വിദേശത്തെ പല യൂണിവേഴ്സിറ്റികളിലെയും പഠനങ്ങള്‍ തീരെ നിലവാരം കുറഞ്ഞവയാണ്. ഉക്രെയ്ന്‍ യുദ്ധമുണ്ടായപ്പോള്‍ ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ അവിടെക്കുടുങ്ങിയതായി വാര്‍ത്തകള്‍ വന്നു. കൂട്ടത്തില്‍ മറ്റു പല രാജ്യങ്ങളിലും അകപ്പെട്ടവരുടെ സ്ഥിതി വിവരക്കണക്കുകള്‍ വന്നു. കോവിഡ് 19 കാലത്താണ് ഒരുപാട് വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ മെഡിസിനും എന്‍ജിനീയറിങ്ങിനും പഠിക്കുന്നതായറിഞ്ഞത്. ഇങ്ങനെ ലോകത്തിലെ നാനാഭാഗത്തും നമ്മുടെ കുട്ടികള്‍ പഠനം തേടി എത്തിയിട്ടുണ്ട്. ഈയിടെ അയര്‍ലന്‍ഡില്‍ പോയി ഏതാനും മാസങ്ങള്‍ താമസിച്ചപ്പോഴാണ് അവിടെ വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്നതായറിഞ്ഞത്. യുകെ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ കഥ പറയുകയും വേണ്ട.

 

 


ഇതുകൂടി വായിക്കൂ; ലഡാക്ക്: ഏകാധിപത്യ നയങ്ങള്‍ക്ക് തിരിച്ചടി


 

ഇതിന്റെ സാമ്പത്തിക വശവും പരിശോധിക്കേണ്ടതുണ്ട്. അമ്പതും അറുപതും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മിക്കവരും മെഡിക്കല്‍ വിദ്യാഭ്യാസം, അന്യരാജ്യങ്ങളില്‍ നിന്നു പൂര്‍ത്തിയാക്കുന്നത്. എന്‍ജിനീയറിങ്, എംബിഎ എന്നീ പഠനങ്ങള്‍ക്കും നിരവധി പേര്‍ പുറത്തുപോകുന്നു. പല രാജ്യങ്ങളിലെ ഇത്തരം പഠനങ്ങളും നിലവാരം തീരെയില്ലാത്തവയാണ്. അവരില്‍ മിക്കവരും അവിടെ ജോലിയോ പ്രാക്ടീസോ തുടങ്ങാന്‍ തല്പരരാണെങ്കിലും അതിനു പെര്‍മിറ്റുകിട്ടുക എളുപ്പമല്ല. തിരിച്ച് ഇന്ത്യയില്‍ വന്നാലാണെങ്കില്‍ ഭേദപ്പെട്ട ശമ്പളത്തില്‍ ഒരു ജോലി കിട്ടുക എളുപ്പമല്ല. മെഡിക്കല്‍ രംഗം ഇവിടെ വളരെ മുന്നേറിയതുകാരണം, പല രാജ്യങ്ങളിലെയും ബിരുദധാരികള്‍ക്ക് ഓപ്പണിങ് കിട്ടുകയില്ല. അങ്ങനെ ഒട്ടേറെ എംബിബിഎസുകാരെ ഈ ലേഖകന് നേരിട്ടറിയാം. ഇവിടെ നിന്ന് എംബിബിഎസ് എടുത്തവര്‍ക്കുതന്നെ സ്വകാര്യ ആശുപത്രികള്‍ കൊടുക്കുന്നത് 15,000–20,000 രൂപ മാത്രമാണ്. പഠനത്തിന് ചെലവഴിച്ചതിന്റെ ഒരംശം പോലും തിരിച്ചുകിട്ടുന്നില്ല. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വേണ്ടത്ര സീറ്റുകളില്ലാത്തതും മറ്റടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൊക്കെകാരണമാണ് വന്‍ സാമ്പത്തിക ഭാരം പേറി പുറത്തേക്കു പഠിക്കാന്‍ പോകുന്നത്. ഇവര്‍ ചെന്നുചേരുന്ന പല യൂണിവേഴ്സിറ്റികളും നിലവാരമില്ലാത്തതും ബിരുദം നേടി വരുന്നവര്‍ വേണ്ടത്ര മത്സരക്ഷമതയില്ലാത്തവരുമാണ്. അതുകാരണം മെഡിക്കല്‍ ബിരുദധാരികളില്‍ തന്നെ വന്‍ തൊഴിലില്ലായ്മയുമുണ്ട്. ലാബ് അസിസ്റ്റന്റുമാരുടെ നിലയില്‍ ജോലി ചെയ്യേണ്ടിവരുന്ന മെഡിക്കല്‍ ബിരുദധാരികളുണ്ട്. ഇവരുടെ പഠനത്തിനായി കുടുംബങ്ങള്‍ തലയില്‍ വലിച്ചുവയ്ക്കുന്നത് വന്‍ ഋണബാധ്യതയുമാണ്. ബാങ്ക് വായ്പ തിരിച്ചടവിനു സാധിക്കാതെ വരുന്ന ഘട്ടങ്ങള്‍ ഒട്ടേറെയുണ്ട്. വിദേശത്ത് സാങ്കേതിക‑പ്രൊഫഷണല്‍ പഠനമെന്നതിന്റ ഗമ നൈമിഷികം മാത്രമാണ്.

 


ഇതുകൂടി വായിക്കൂ; ഇല്ലാതാകുന്ന വിവരാവകാശം


 

പ്രൊഫഷണല്‍-മെഡിക്കല്‍ ബിരുദധാരികള്‍, പഠിത്തത്തിനനുസരിച്ച് ജോലി ചെയ്യുന്നില്ല എന്ന അവസ്ഥ ഇന്ന് സുലഭമാണ്. ഇവിടെയും അതുണ്ട് എന്നു സമ്മതിച്ചാല്‍ തന്നെ, ഇവിടെ വരുന്ന ചെലവ് മറ്റേതിലും എത്രയോ കുറവാണ്. മെരിറ്റ് സീറ്റല്ലെങ്കില്‍ ഇവിടെയും വന്‍ ക്യാപിറ്റേഷനും ഫീസും ഉണ്ട്. അതൊക്കെ നല്‍കി പഠിച്ചുവന്നാലും നേരത്തെ പറഞ്ഞ തൊഴില്‍ പ്രശ്നമുണ്ട്. ഒരു ഡോക്ടര്‍ക്ക് കിട്ടേണ്ടുന്ന വരുമാനവും ബഹുമാനവും കിട്ടുന്നില്ല. മേല്‍ പഠനത്തിന് വിദേശത്ത് പോകുന്നവരില്‍ വലിയൊരു ഭാഗവും പഠനാനന്തരം അവിടെ തങ്ങാനുള്ള തയ്യാറെടുപ്പിലാണ് പോകുന്നത്. തിരിച്ചുവന്നാല്‍ ചെലവാക്കിയ പണം തിരിച്ചുകിട്ടില്ലെന്ന ഉറപ്പുണ്ട്. യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയവിടങ്ങളിലൊക്കെ സ്ഥിരതാമസമാക്കാനുള്ള ലക്ഷ്യത്തോടെയാണ് പോകുന്നത്. അത്തരം ഭാഗ്യാന്വേഷികള്‍ ലോകത്തെല്ലായിടത്തും എത്തിക്കഴിഞ്ഞു. സ്ഥിരതാമസ സാധ്യതയില്ലാത്ത ചൈന തുടങ്ങിയ രാജ്യങ്ങളിലും ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഈ ഒഴുക്ക്, ഭാവി സാധ്യതകള്‍ മുഴുവനും മു‍ന്‍കൂട്ടികണ്ടിട്ടല്ല. ഡോക്ടറാവണം, മറ്റ് സാങ്കേതിക രംഗത്ത് ചെന്നുപറ്റാന്‍ പഠിക്കണം. ഇവിടെ സീറ്റു കിട്ടാന്‍ വഴിയില്ല. പിന്നെ എങ്ങനെയെങ്കിലും പണം സ്വരൂപിച്ച് നാടുവിടുക. ഫലമോ? ഒരു സമൂഹത്തിനു താങ്ങാവുന്നതിലധികം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉണ്ടാവും. ധനനഷ്ടം, നൈരാശ്യം. ഇതൊരുതരം ‘ഡിമാന്റ്-സപ്ലൈ മിസ്‌മാച്ച്’ ആണ്. ആവശ്യത്തിലധികമായി വരുന്നവര്‍ അവര്‍ക്ക് അര്‍ഹമായതിലും എത്രയോ താഴ്ന്ന തൊഴിലിലും വരുമാനത്തിലുമാണ് ചെന്നുചേരുക. ‘ പ്രച്ഛന്ന തൊഴില്‍’ പൂള്‍ സൃഷ്ടിച്ചെടുക്കുന്നു. വിദേശത്ത് പഠിക്കാന്‍ ചെലവായതിന്റെ ഒരംശം പോലും തിരിച്ചുകിട്ടില്ല. ഋണബാധ്യത ഭാരമാവുകയും ചെയ്യും. നമ്മുടെ കുട്ടികള്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നതിലെ വിരോധം കൊണ്ടല്ല ഇതു പറയുന്നത്. പഠനാനന്തര ഭാവിയുടെ പ്രവചനം മാത്രമാണ്. പ്രധാനപ്രശ്നം അതല്ല. ഡോക്ടറോ എന്‍ജിനീയറോ എന്ന പരിമിത ഓപ്ഷനപ്പുറം ചിന്തിക്കാനും പ്രാവര്‍ത്തികമാക്കാനും അവര്‍ക്ക് അവസരം വേണം. അത് ഇവിടെ ലഭ്യമാക്കുകയും വേണം. അങ്ങനെവന്നാല്‍ ഈ സാമ്പ്രദായിക പഠനത്തിനുള്ള ‘പുറംപോക്ക്’ കുറയും. പുറത്തുപോയി പഠിച്ചവര്‍ക്കൊക്കെ അവിടെ തങ്ങി സമ്പാദിക്കാനാവില്ലെന്ന സത്യം അവര്‍ മനസിലാക്കുകയും വേണം. നമ്മുടെ ഒരുപാട് പണം ഈ വഴിക്ക് നഷ്ടമാവുന്നുണ്ട്. അവിടെപ്പോയി പഠിച്ചുവരുന്നവരെ ഇവിടെ വേണ്ടപോലെ ഉപയോഗിക്കാനുള്ള ആസൂത്രണം വേണം. ഇതൊരു ബൃഹത്തായ ബാധ്യതയാണ്. എങ്ങനെയെങ്കിലും നമ്മുടെ യുവമനുഷ്യവിഭത്തെ കടല്‍കടത്തി തലയൂരരുത്, അവര്‍ നമ്മുടെ മൂലധനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.