ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി.
കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ കരസ്ഥമാക്കിയത്. കോർപറേഷന്റെ ഇതുവരെയുള്ള പ്രവർത്തന ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കോർപറേഷൻ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സുസ്ഥിരമായ പ്രവർത്തന പുരോഗതി, ഉയർന്ന വായ്പ വിനിയോഗം, കൃത്യമായ തിരിച്ചടവ്, മൂലധന നിക്ഷേപം തുടങ്ങി വിവിധ പ്രവർത്തന ഘടകങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് നേട്ടം. ഈ കാലയളവിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 22,580 വനിതകൾക്ക് 375 കോടി രൂപ വായ്പ നൽകാൻ വനിതാ വികസന കോർപറേഷന് സാധിച്ചിട്ടുണ്ട്. സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്നശേഷം 10 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെയും ദേശീയ ധനകാര്യ വികസന കോർപറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകൾ കഴിഞ്ഞ 35 വർഷങ്ങളായി സ്ഥാപനം നൽകിവരുന്നു. ദേശീയ ധനകാര്യ വികസന കോർപറേഷനുകളിൽ നിന്നും വായ്പ എടുക്കുന്നതിനായി 805.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോർപറേഷന് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ചത്. ഇതിലൂടെ കോർപറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായകമായ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ കോർപറേഷൻ, ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷൻ എന്നിവയിൽ നിന്നുമുള്ള മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്കാരങ്ങളും കഴിഞ്ഞ വർഷങ്ങളിൽ കരസ്ഥമാക്കാനും സംസ്ഥാന വനിതാ വികസന കോർപറേഷന് സാധിച്ചിട്ടുണ്ട്.
English Summary;National Award for State Women Development Corporation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.