18 November 2024, Monday
KSFE Galaxy Chits Banner 2

കേരളീയം വ്യാപാരമേള; എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകൾ

Janayugom Webdesk
തിരുവനന്തപുരം
October 29, 2023 10:52 pm

എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകളുമായി കേരളീയത്തിന്റെ വ്യാപാരമേള നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുത്തരിക്കണ്ടം, സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, യൂണിവേഴ്സിറ്റി കോളജ്, ടാഗോർ തിയേറ്റർ, എൽഎംഎസ്, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാൾ, വിമൻസ് കോളജ് എന്നീ എട്ടു വേദികളിലാണ് വ്യവസായ വാണിജ്യ പ്രദർശന മേള നടക്കുന്നത്. 

പുത്തരിക്കണ്ടത്ത് വ്യാവസായികോല്പന്ന പ്രദർശന വിപണനമേള, സെൻട്രൽ സ്റ്റേഡിയത്തിൽ പരമ്പരാഗത ഉല്പന്ന പ്രദർശ വിപണന മേള, കനകക്കുന്നിൽ വനിതാ സംരംഭകരുടെ ഉല്പന്ന പ്രദർശന വിപണന മേള, യൂണിവേഴ്സിറ്റി കോളജിൽ എത്നിക് ട്രേഡ് ഫെയർ, ടാഗോർ തിയേറ്ററിൽ ഉല്പന്ന പ്രദർശന വിപണന മേള, എൽഎംഎസിൽ കാർഷിക ഉല്പന്ന പ്രദര്‍ശന വിപണന മേള, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ ടോയ്‌സ് ആന്റ് പ്രസന്റേഷൻ ഉല്പന്നങ്ങളുടെ പ്രദർശന വിപണന മേള, വിമൻസ് കോളജിൽ ഫ്ലീ മാർക്കറ്റ് എന്നിങ്ങനെയാണ് മേള ഒരുക്കിയിരിക്കുന്നത്. ആകെ 425 സംരംഭകർ പങ്കെടുക്കും. 

നവംബർ ഒന്നു മുതൽ ഏഴു വരെ രാവിലെ 10 മുതൽ രാത്രി 10 മണി വരെയായിരിക്കും വ്യാപാരമേള സംഘടിപ്പിക്കുന്നത്. എല്ലാവേദികളിലേക്കും പ്രവേശനം സൗജന്യമായിരിക്കും. തുണിത്തരങ്ങൾ, കാർഷിക‑ഭക്ഷ്യ സംസ്‌ക്കരണ മൂല്യവർധിത ഉല്പന്നങ്ങൾ, കയർ‑കൈത്തറി ഉല്പന്നങ്ങൾ, ആയുർവേദ ഉല്പന്നങ്ങൾ, റബർ അധിഷ്ടിത ഉല്പന്നങ്ങൾ, കരകൗശല ഉല്പന്നങ്ങൾ, മുള ഉല്പന്നങ്ങൾ, ഗാർഹിക ഉല്പന്നങ്ങൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉല്പന്നങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭകരുടെ ഉല്പന്നങ്ങൾ മേളയിൽ എത്തും. 

സംരംഭകരിൽനിന്ന് ഉപഭോക്താക്കൾക്ക് ഉല്പന്നങ്ങൾ നേരിട്ടു വാങ്ങാനാവും. മേളയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിക്കും. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ ബിടുബി മീറ്റുകളിൽ ഇരുനൂറോളം ബയേഴ്സ് പങ്കെടുക്കുമെന്നാണ് കരുതുന്നത്. കൂടാതെ സംരംഭകർക്കും പൊതുജനങ്ങൾക്കുമായി വിവിധ പദ്ധതികളെക്കുറിച്ച് സെമിനാറും മേളയുടെ ഭാഗമായി നടക്കും. 

Eng­lish Sum­ma­ry: Ker­alayam Trade Fair; More than four hun­dred stalls in eight venues
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.