മുംബൈ
October 30, 2023 10:09 pm
മഹാരാഷ്ട്രയിലെ രണ്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എംഎല്‍എമാരുടെ വീടുകള്‍ക്ക് തീവച്ച് മറാത്ത സംവരണ സമര അനുകൂലികള്‍. എൻസിപി എംഎല്‍എ പ്രകാശ് സോളങ്കി, സന്ദീപ് ക്ഷീരസാഗര്‍ എന്നിവരുടെ വീടുകള്‍ക്കാണ് തീവച്ചത്. ഒക്ടോബര്‍ 25 മുതല്‍ മറാത്ത പ്രക്ഷോഭ നേതാവ് മനോജ് ജാരങ്കെ നടത്തുന്ന നിരാഹാര സമരത്തിനെതിരായി പ്രതികരണം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.
വീടുകള്‍ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. സന്ദീപ് ക്ഷീരസാഗറിന്റെ വസതിക്ക് മുന്നിലുണ്ടായിരുന്ന വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. ശരദ് പവാര്‍ വിഭാഗത്തിന്റെ ഭാഗമാണ് സന്ദീപ്. ബീഡ് ജില്ലയിലാണ് സംഭവം. അതേ ജില്ലയില്‍ തന്നെ മുന്‍ മന്ത്രി ജയ്ദത്ത ക്ഷീരസാഗറിന്റെ ഓഫീസിന് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ജയ്ദത്ത.
ആക്രമണം ഉണ്ടായ സമയത്ത് താനും കുടുംബവും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നതായും ഭാഗ്യവശാല്‍ തനിക്കോ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കോ പരിക്കുകളുണ്ടായില്ലെന്ന് സോളങ്കി പറഞ്ഞു. സമരക്കാര്‍ അഗ്നിക്കിരയാക്കിയ സോളങ്കിയുടെ വീടിന്റെ ദൃശ്യങ്ങളും എഎൻഐ പുറത്തുവിട്ടു. സോളങ്കിയുടെ വീടിന് നേരെയുണ്ടായ ആക്രണം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് എൻസിപി നേതാവും എംപിയുമായ സുപ്രിയ സൂലെ പ്രതികരിച്ചു.
അതിനിടെ മറാത്ത വിഷയത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന മനോജ് ജാരങ്കെ പാട്ടീല്‍ ആരോഗ്യ പരിശോധനക്ക് സന്നദ്ധനാകാൻ വിസമ്മതിച്ചു.
ഓരോ രണ്ടു മണിക്കൂറിലും ജില്ലാ അധികൃതരും ഡോക്ടര്‍മാരും ജാരങ്കെയെ സമീപിക്കുന്നതായും എന്നാല്‍ പരിശോധനയ്ക്കോ ചികിത്സയ്ക്കോ ജാരങ്കി തയ്യാറാകുന്നില്ലെന്നും ശരീരത്തില്‍ ഗ്ലൂക്കോസ് അളവ് കുറയാൻ ഇടയുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ ബാധിക്കുമെന്നും ഡോക്ടര്‍ അറിയിച്ചു. മറാത്ത വിഷയത്തില്‍ സമരാനുകൂലികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എംപി സ്ഥാനം രാജി വക്കുന്നതായി ശിവസേന എംപി ഹേമന്ദ് പാട്ടീല്‍ അറിയിച്ചു. ഹിങ്കോളി ലോക്‌സഭയില്‍ നിന്ന് എത്തിയ പട്ടീല്‍ പ്രക്ഷോഭം നടക്കുന്ന ഉമാര്‍ഖേദില്‍ വച്ചാണ് രാജി കത്ത് എഴുതിയത്. കത്ത് സ്പീക്കര്‍ ഓം ബിര്‍ളക്ക് കൈമാറുമെന്നും പട്ടീല്‍ പറഞ്ഞു.സമര വേദിയില്‍ വച്ച് പ്രക്ഷോഭകര്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ പട്ടീലിനോട് ശരിക്കും തങ്ങള്‍ക്കൊപ്പമാണെങ്കില്‍ രാജി വയ്ക്കാൻ സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു എന്നും തുടര്‍ന്ന് പട്ടീല്‍ രാജികത്ത് എഴുതുകയായിരുന്നു എന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
English Summary: Maratha reservation: NCP MLA Prakash Solanke’s house in Maharashtra’s Beed set on fire
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.