22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2024
April 4, 2024
April 3, 2024
March 20, 2024
March 18, 2024
March 16, 2024
March 13, 2024
February 15, 2024
November 3, 2023
November 3, 2023

രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനസ്രോതസ് അറിയാന്‍ പൗരന് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2023 10:47 pm

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് അറിയാനുള്ള അവകാശം പൗരന്‍മാര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇലക്ടറല്‍ ബോണ്ട് ഹര്‍ജികളില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. ഭരണഘടനയുടെ അനുച്ഛേദം 19(1) പ്രകാരം പൗരന്‍മാര്‍ക്ക് ഈ വിഷയത്തില്‍ അറിയാനുള്ള അവകാശമില്ലെന്ന് ഹര്‍ജി പരിഗണിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഒരു പരിശോധനയ്ക്കും കീഴിൽവരാത്ത സുതാര്യമല്ലാത്ത ഫണ്ടിങ് സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്ന് ചൂണ്ടിക്കാട്ടി എൻജിഒകളായ കോമൺ കോസ്, എഡിആർ തുടങ്ങിയവരുടെ ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. 

എന്തും അറിയാനുള്ള പൊതുഅവകാശം പൗരന്‍മാര്‍ക്കില്ല. ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് അവകാശങ്ങള്‍. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാനുള്ള പൗരന്റെ അവകാശം വ്യക്തമാക്കുന്ന വിധിന്യായങ്ങള്‍ ഈ വിഷയത്തില്‍ കൂട്ടിച്ചേര്‍ക്കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.
ഇലക്ടറൽ ബോണ്ട് പദ്ധതി ഏതെങ്കിലും വ്യക്തിയുടെ നിലവിലുള്ള അവകാശങ്ങളെ തടസപ്പെടുത്തുന്നില്ല. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും പറയാനാവില്ല. അതുകൊണ്ടുതന്നെ അക്കാരണം ചൂണ്ടിക്കാട്ടി നിയമം റദ്ദാക്കാൻ സാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മെച്ചപ്പെട്ടതോ വ്യത്യസ്തമോ ആയ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനുവേണ്ടി കേന്ദ്ര നയങ്ങൾ പരിശോധിക്കാനുള്ളതല്ല ജുഡീഷ്യൽ റിവ്യൂ എന്നും സത്യവാങ്മൂലത്തിലുണ്ട്. 

2017ല്‍ കൊണ്ടുവന്ന ധനകാര്യ നിയമത്തിലെ ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16 ന്‌ സിജെഐ, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഞ്ചംഗ ബെഞ്ചിന് വിടുകയായിരുന്നു. നേരത്തെ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സമ്മതിച്ചിരുന്നു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിഷയം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും ഹര്‍ജികള്‍ പരിഗണിക്കുന്നത്. 

Eng­lish Sum­ma­ry: The cen­tral gov­ern­ment says that cit­i­zens have no right to know the source of income of polit­i­cal parties

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.