2 May 2024, Thursday

Related news

April 20, 2024
April 4, 2024
April 3, 2024
March 20, 2024
March 18, 2024
March 16, 2024
March 13, 2024
February 15, 2024
November 3, 2023
November 3, 2023

ഇലക്ടറല്‍ ബോണ്ട്: നഷ്ടക്കമ്പനികളില്‍ നിന്ന് 434.2 കോടി ബിജെപിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2024 11:09 pm

നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 45 കമ്പനികള്‍ വിവാദ ഇലക്ടറല്‍ ബോണ്ട് വാങ്ങി ബിജെപിയെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്. സംശയകരമായ രീതിയില്‍ സാമ്പത്തിക ഇടപാട് നടത്തുന്ന ഇത്തരം കമ്പനികളില്‍ 33 എണ്ണവും വന്‍നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 33 കമ്പനികളും കൂടി ആകെ 576.2 കോടി രൂപയുടെ ബോണ്ടാണ് വാങ്ങിക്കൂട്ടിയത്. ഇതില്‍ 75 ശതമാനം തുകയായ 434.2 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. 

33 കമ്പനികളടെയും മൊത്തം നഷ്ടം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരിക്കെയാണ് ഇത്രയും ഭീമമായ തുകയുടെ ബോണ്ട് വാങ്ങി നല്‍കിയത്. ആറ് കമ്പനികൾ അവരുടെ പ്രഖ്യാപിത അറ്റലാഭത്തേക്കാൾ വളരെ ഉയർന്ന തുകയ്ക്കുള്ള ബോണ്ടുകളാണ് വാങ്ങിക്കൂട്ടിയത്. മൂന്നെണ്ണം ലാഭം കാണിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷ നികുതിയടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി കണക്കുകൾ പറയുന്നു. മറ്റു മൂന്നു കമ്പനികൾ ലാഭമുണ്ടാക്കിയതായോ പ്രത്യക്ഷനികുതി അടച്ചതായോ വിവരങ്ങൾ യാതൊന്നും ലഭ്യമല്ല.
നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനികള്‍ കള്ളപ്പണം ഉപയോഗിച്ചാണ് ഇത്രയും തുകയുടെ ബോണ്ട് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഇലക്ടറല്‍ ബോണ്ട് ഉപയോഗിച്ചുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
2017–18 മുതല്‍ 2022–23 വരെ ആകെ 12,008 കോടി രൂപയുടെ ബോണ്ട് വില്പനയാണ് നടന്നത്. ഇതില്‍ 6,564 കോടി രൂപയും ലഭിച്ചത് ബിജെപിക്കായിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ വേണ്ടി മോഡി സര്‍ക്കാര്‍ ആരംഭിച്ച വിവാദ ഇലക്ടറല്‍ ബോണ്ട് സംവിധാനത്തെ പ്രതിപക്ഷം തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.

ബോണ്ടിനെതിരെ ഇടതുപാര്‍ട്ടികളും സന്നദ്ധ സംഘടനകളും നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യപിച്ചത്. രാജ്യത്തെ പൗരന്റെ അറിയാനുള്ള അവകാശം ഹനിക്കുന്ന വിധത്തില്‍ യാതൊരു സുതാര്യതയുമില്ലാതെ നടന്നുവന്ന ബോണ്ട് സംവിധാനം കോടതി റദ്ദാക്കുകയും വില്പനക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഇതിന്റെ മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. 

Eng­lish Sum­ma­ry: Elec­toral bond: 434.2 crore to BJP from loss mak­ing companies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.