23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

അച്ചടക്കവാളിന് പുല്ലുവില; കെപിസിസി വിലക്ക് ഫലംകണ്ടില്ല

സുരേഷ് എടപ്പാൾ
മലപ്പുറം
November 3, 2023 11:42 pm

കോൺഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസത്തിനും ഭീഷണിക്കും പുല്ലുവില. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ എ പി അനിൽകുമാർ എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും മുന്നറിയിപ്പുമായി വന്‍ പ്രകടനം.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ റാലിയും പൊതുയോഗവും അക്ഷരാർത്ഥത്തിൽ കെപിസിസി നേതൃത്വത്തെ വെല്ലുവിളിക്കുന്നതു തന്നെയായി. കോരിച്ചെരിയുന്ന മഴയത്തും നൂറുകണക്കിനാളുകളാണ് ആര്യാടന്‍ ഷൗക്കത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയത്. സംഘടനാ തെരഞ്ഞെടുപ്പിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്തിനെ തുടർച്ചയായി തഴയുന്ന നേതൃത്വത്തിനെതിരെ പരസ്യമായി എ ഗ്രൂപ്പ് അണികള്‍ രംഗത്തെത്താന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം വേദിയായി.

വിഭാഗീയ പ്രവർത്തനമെന്ന് പറഞ്ഞ് പരിപാടി വിലക്കി കെപിസിസി കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. പങ്കെടുത്താല്‍ നടപടിയെടുക്കുമെന്ന് ഡിസിസി മുന്നറിയിപ്പും പ്രവർത്തകർക്ക് ലഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഡിസിസി പലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും നടത്തിയ സാഹചര്യത്തിൽ മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം കെപിസിസിയുടെ അച്ചടക്കവാൾ കണ്ടില്ലെന്ന് നടിക്കാനായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെയും കൂട്ടരുടേയും ഉറച്ച തീരുമാനം.

മലപ്പുറം കുന്നുമ്മലിലെ ടൗൺഹാളിൽ നിന്നും ആരംഭിച്ച റാലി ജനസദസ് നടക്കുന്ന കിഴക്കേത്തലയില്‍ സമാപിച്ചു. സമസ്ത വൈസ് പ്രസിഡന്റ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് ന‌‌‌ദ്‌വി, ഡോ. ഹുസൈൻ മടവൂർ, ആര്യാടൻ ഷൗക്കത്ത്, ആർ എസ് പണിക്കർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ജില്ലയിലെ കോൺഗ്രസ് സംവിധാനത്തില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന എ ഗ്രൂപ്പിന് ആര്യാടൻ മുഹമ്മദിന്റെ മരണശേഷം നേതൃതലത്തിൽ സ്വാധീനം കുറഞ്ഞിരുന്നു. ഇതോടെ ഭാരവാഹിത്വങ്ങളിൽ നിന്നെല്ലാം എ ഗ്രൂപ്പിനെ ഒഴിവാക്കുന്ന സാഹചര്യമുണ്ടായി. ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, മുൻമന്ത്രി എ പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം എ ഗ്രൂപ്പുകാരെ വെട്ടിമാറ്റുന്നു എന്നായിരുന്നു ആരോപണം. റാലിയിലുണ്ടായ വൻജനപങ്കാളിത്തം മലപ്പുറത്തെ കോൺഗ്രസിൽ ഏറ്റുമുട്ടൽ വരും ദിവസങ്ങളിൽ സജീവമാകുമെന്ന സൂചനയാണ് നൽകുന്നത്.

പലസ്തീൻ ഐ­​ക്യ­​ദാ​ർ­​ഢ്യം: ലീഗില്‍ പോര് രൂക്ഷം

അനില്‍കുമാര്‍ ഒഞ്ചിയം

കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ കാര്യത്തിലും ലീഗില്‍ പോര് രൂക്ഷമാകുന്നു. ഈ മാസം 11ന് കോഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് ലീഗിനെ ക്ഷണിച്ചതാണ് യുഡിഎഫിലും ലീഗിലും ചേരിതിരിവിന് കാരണമായത്. സിപിഐ(എം) റാലിയിൽ ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രകോപിപ്പിച്ചു. റാലിയില്‍ പങ്കെടുക്കാനുള്ള ലീഗിന്റെ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പാണ് കെ സുധാകരന്‍ പ്രകടിപ്പിച്ചത്.
ബഷീറിന്റെ പ്ര​തി​ക​ര​ണ​ത്തെക്കു​റി​ച്ച് അ​റി​യില്ലെ​ന്നും യു​ഡി​എ​ഫ് എ​ടു​ത്ത തീ​രു​മാ​നം അ​വി​ടെത്തന്നെ ഉ​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ‘വരുന്ന ജന്മം പട്ടിയാണെങ്കിൽ ഇപ്പോഴേ കുരയ്ക്കണോ’ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തി. പരാമർശം കൂടിപ്പോയെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പിഎംഎ സലാം പറഞ്ഞു. പിന്നീട് സുധാകരൻ തന്റെ പരാമര്‍ശം തിരുത്തി.

പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീറിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടേയും നിലപാട്. എന്നാല്‍ എം കെ മുനീര്‍— കെ എം ഷാജി അനുകൂല വിഭാഗം ഇ ടി മുഹമ്മദ് ബഷീറിന്റെ നിലപാട് പാടെ തള്ളിക്കളയുകയായിരുന്നു. കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണമോ എന്ന് തിരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുനീര്‍, ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സൂചിപ്പിച്ചു.
തര്‍ക്കം രൂക്ഷമായതിനെത്തുടർന്ന് ലീഗിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. പലസ്തീൻ ഐക്യദാർഢ്യ പ­​രി­​പാ­​ടി­​യി­​ലേ­​ക്ക് ലീ­​ഗി​ന് ഔ­​ദ്യോ­​ഗി­​ക­​മാ­​യി ക്ഷ­​ണം ല­​ഭി­​ച്ചിട്ടുണ്ടെന്നും ശനിയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗത്തിലാണ് പങ്കെടുക്കണമോ എന്ന കാര്യം തീരുമാനിക്കുകയെന്നും പിന്നീട് സലാം വ്യക്തമാക്കി. സു­​ധാ­​ക­​ര­​ന്റെ പ്ര­​സ്­​താ­​വ­​ന ഏ­​ത് സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണെ­​ന്ന് യു­​ഡി​ എ­​ഫ് നേ­​തൃ​ത്വം പ​രി­​ശോ­​ധി­​ക്ക­​ണ­​മെ​ന്നും അ­​ദ്ദേ­​ഹം പ്രതികരിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.