25 November 2024, Monday
KSFE Galaxy Chits Banner 2

ഗാസ വെടിനിർത്തലിനായി ലോകരാജ്യങ്ങള്‍; സമ്മര്‍ദം ശക്തമാക്കി

Janayugom Webdesk
അമ്മാന്‍
November 4, 2023 10:48 pm

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ശക്തമാക്കി ലോകരാജ്യങ്ങള്‍. ജോര്‍ദാനിലെ അമ്മാനിൽ ചേര്‍ന്ന അറബ് വിദേശമന്ത്രിമാരുടെ യോഗം ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തണമെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സൗദി, ഖത്തർ, യുഎഇ, ഈജിപ്ത്, ജോർദാന്‍ വിദേശകാര്യ മന്ത്രിമാരും പലസ്തീൻ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ഏകോപന യോഗത്തിൽ പങ്കെടുത്ത വിദേശ മന്ത്രിമാരുമായി ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ് കൂടിക്കാഴ്ചയും നടത്തി. ഇസ്രയേൽ കൂട്ടക്കൊല ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരെ കൊല്ലുന്നഇസ്രയേൽ നടപടി അംഗീകരിക്കില്ലെന്നും അബ്ദുല്ല രണ്ടാമൻ മുന്നറിയിപ്പ് നൽകി.

ഇസ്രയേലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായും തുര്‍ക്കി അറിയിച്ചു. ഗാസയിലെ യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നീതിന്യായക്കോടതിയെ സമീപിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി സന്ദര്‍ശിക്കാനിരിക്കെയാണ് എര്‍ദോഗന്‍ കടുത്ത നിലപാടിലേക്ക് കടന്നിരിക്കുന്നത്.
അതിനിടെ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവയ്ക്കണമെന്ന യുഎസ് ആവശ്യവും ഇസ്രയേല്‍ തള്ളി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ നടന്ന ചര്‍ച്ചയിലാണ് താല്‍ക്കാലിക യുദ്ധവിരാമം ആവശ്യപ്പെട്ടത്. നേരത്തെ വെടിനിർത്തലിലില്ലെന്ന ഇസ്രയേല്‍ നിലപാടിന് ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്നത് യുഎസില്‍ നിന്നുമാണ്. എന്നാല്‍ ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടാത്ത താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

കൂട്ടക്കൊല തുടരുന്നു; മരണം 9,488

ജറുസലേം: ഗാസ മുനമ്പിലെ ബോംബാക്രമണം ശക്തമാക്കി ഇസ്രായേൽ സൈന്യം. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ പോലും ലംഘിച്ച് സ്‌കൂളുകൾ, അഭയകേന്ദ്രങ്ങൾ, ആശുപത്രികൾ, ആംബുലൻസുകൾ, പള്ളികള്‍ എന്നിവയെല്ലാം ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി.

ഗാസയിലെ അസ്ഹർ യൂണിവേഴ്‌സിറ്റി ഇസ്രയേൽ സൈന്യം ബോംബാക്രമണത്തിലൂടെ തകർത്തു. യൂണിവേഴ്‌സിറ്റി പൂർണമായും നാമാവശേഷമാക്കി. കഴിഞ്ഞദിവസം ഗുരുതരമായി പരിക്കേറ്റ രോഗികളെ അൽ‑ഷിഫ ഹോസ്പിറ്റലിൽ നിന്ന് റഫ അതിർത്തിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകളുടെ വാഹനവ്യൂഹത്തിനുനേര്‍ക്ക് ബോംബാക്രമണം നടത്തിയിരുന്നു. ജബാലിയ അഭയാർത്ഥി ക്യാമ്പിലെ യുഎൻആർഡബ്ല്യുഎ നടത്തുന്ന അൽ-ഫഖൂറ സ്‌കൂളിനുനേര്‍ക്ക് മിസൈല്‍ ആക്രമണമുണ്ടായി. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ കനത്ത ആക്രമണം നടത്തി. അതേസമയം അഞ്ച് ഇസ്രയേല്‍ സൈനികരെ കൂടി ഗാസയിൽ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു.

ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 9,488 ആയി ഉയർന്നതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 3,900 കുട്ടികളും 2,509 സ്ത്രീകളുമുണ്ട്. 32,500 പേർക്ക് പരിക്കേറ്റു.

Eng­lish Sum­ma­ry: Nations of the World for Gaza Cease­fire; The pres­sure intensified

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.