23 December 2024, Monday
KSFE Galaxy Chits Banner 2

സിക്ക രോഗലക്ഷണമുള്ളവർ ചികിത്സ തേടണം; ഉന്നതതല യോഗം ചേർന്നു

Janayugom Webdesk
തിരുവനന്തപുരം
November 6, 2023 7:46 pm

സിക്ക വൈറസിനെതിരെ പൊതുജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തലശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. രോഗികളിൽ സിക്ക രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണം. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകൾ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സർവയലൻസ് നടത്തണമെന്നും മന്ത്രി നിർദേശം നൽകി.

ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ രോഗമുള്ള പ്രദേശത്തെ ഗർഭിണികളെ പ്രത്യേകം നിരീക്ഷിക്കും. ഗർഭിണികൾക്ക് മുമ്പ് സിക്ക രോഗലക്ഷണങ്ങൾ വന്നിട്ടുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യണം. പനി ബാധിച്ച ഗർഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകും.

പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്കയെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരാം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ഫോഗിംഗും ശക്തമാക്കണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണം. കണ്ണൂർ ജില്ലയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ഗർഭിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും കൊതുകുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടിന് അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

നിലവിൽ എട്ട് സിക്ക കേസുകളാണ് തലശേരിയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ ആർആർടി സംഘവും ഉൾപ്പെടെ നിരന്തരം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബോധവത്ക്കരണം ശക്തമാക്കും. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാനം നേരത്തെ മുതൽ ഡ്രൈ ഡേ ആചരിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡ്രൈ ഡേ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും.

Eng­lish Sum­ma­ry: Peo­ple with symp­toms of Zika should seek treatment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.