22 November 2024, Friday
KSFE Galaxy Chits Banner 2

ഇല്ലാത്ത അധികാരം കൈയാളുന്നവര്‍

Janayugom Webdesk
November 8, 2023 5:00 am

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർമാർക്ക് യാതൊരു അധികാരവും അവകാശവും ഇല്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ഒരിക്കൽക്കൂടി അവരെ അനുസ്മരിപ്പിച്ചു. പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, കേരളം എന്നീ സംസ്ഥാന നിയമസഭകൾ പാസാക്കിയ സുപ്രധാന ബില്ലുകൾക്ക് അനുമതി നൽകാതെ ഗവർണർമാർ തടഞ്ഞുവച്ചിരിക്കുന്നതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതമായ സാഹചര്യത്തിലാണ് മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ കൂടിയായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കോടതിയുടെ അസംതൃപ്തി തുറന്നു പ്രകടിപ്പിച്ചത്. ‘ഭരണഘടന നിലവിൽവന്നതോടെ പ്രവർത്തനക്ഷമമായി മാറിയ ജനാധിപത്യക്രമത്തിൽ ഗവർണർമാരുടെ ഉത്തരവാദിത്ത നിർവഹണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടിവരുന്നത് ഗൗരവതരമായ ഭരണഘടനാപ്രശ്നമാണ്. ഇത് ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിൽ കൂടിയാലോചിച്ച് പരിഹരിക്കേണ്ട വിഷയമാണ്. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് കോടതി ഉറപ്പുവരുത്തും. തങ്ങൾ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഗവർണർമാർ വിസ്മരിക്കരുതെ‘ന്ന് ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തി. പഞ്ചാബ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവർണർ ബെൻവരിലാൽ പുരോഹിത് തടഞ്ഞുവച്ചിരിക്കുന്ന ബില്ലിന്മേൽ ചില നടപടികൾ സ്വീകരിക്കാൻ മുതിർന്നതിലും കോടതിയുടെ അസംതൃപ്തി മറച്ചുവച്ചില്ല.

ഗവർണർ ബില്ലുകൾ തടഞ്ഞുവയ്ക്കുകയും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ ‘കോടതിയിൽ കാണാം’ എന്ന വെല്ലുവിളി പരസ്യമായി ഉയർത്തിയതും കേരളത്തിന്റെ അഭിഭാഷകൻ പരാമർശിക്കുകയുണ്ടായി. വെള്ളിയാഴ്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരികയാണ്. നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അനന്തമായി തടഞ്ഞുവയ്ക്കാൻ ഭരണഘടന ഗവർണർമാർക്ക് യാതൊരു അവകാശവും അധികാരവും നല്‍കുന്നില്ല. നിയമസഭകൾ പാസാക്കി അയയ്ക്കുന്ന ബില്ലുകൾക്ക് അനുമതിനല്‍കുകയോ തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണയ്ക്കായി അയയ്ക്കുകയോ ചെയ്യാൻ മാത്രമുള്ള അവകാശമാണ് ഭരണഘടനയുടെ അനുച്ഛേദം 200 ഗവർണർമാർക്ക് നല്‍കുന്നത്. അത്തരത്തിൽ ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കാതെ രാജവാഴ്ചക്കാലത്തെ സാമന്തന്മാരെപ്പോലെയോ ജന്മിത്തമ്പുരാക്കന്മാരെപ്പോലെയോ ആണ് കേരളത്തിലേതടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ പെരുമാറുന്നത്. ഗവർണർപദവി തെരഞ്ഞെടുക്കപ്പെട്ട ഒന്നല്ലെന്ന് ചീഫ് ജസ്റ്റിസ് അവരെ ഓർമ്മപ്പെടുത്തിയത് ഏറെ പ്രസക്തമാണ്. ബ്രിട്ടീഷ് കോളനി പരമ്പര്യം അവശേഷിപ്പിച്ചുപോയ ഒരു സംവിധാനം വേണ്ടത്ര വീണ്ടുവിചാരവും ചർച്ചയും കൂടാതെ ഇന്ത്യൻ ഭരണഘടനയിൽ സ്ഥാനംപിടിച്ചതാണെന്ന് കരുതുന്ന ഭരണഘടനാവിദഗ്ധരും നിയമജ്ഞരും രാഷ്ട്രമീമാംസകരും ഏറെയുണ്ട്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിക്ക് സംസ്ഥാന ഭരണകൂടങ്ങളെ, വിശിഷ്യ അവ ഇതര പാർട്ടികൾ നയിക്കുന്നവയാണെങ്കിൽ, നിയന്ത്രിക്കാനുള്ള ഏജന്റും ചട്ടകവുമായാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെയുമാണ് പരിമിതപ്പെടുത്തുകയും പലപ്പോഴും പൂർണമായും തടസപ്പെടുത്തുകയും ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ:ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സുപ്രീം കോടതി വിധി


ഗവർണർമാരുടെ അവകാശാധികാരങ്ങളെയും അവയുടെ ദുരുപയോഗത്തെയുംപറ്റിയുള്ള ചർച്ചയ്ക്ക് പുതുമ യാതൊന്നുമില്ല. കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ നെഹ്രു സര്‍ക്കാര്‍ പിരിച്ചുവിട്ടതുമുതലുള്ള ആ ചർച്ച ഇപ്പോഴും അനന്തമായി തുടരുകയാണ്. ബില്ലുകൾക്ക് അനുമതി നൽകാതെ അനന്തമായി തടഞ്ഞുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിൽ സുപ്രീം കോടതി കാലവിളംബം കൂടാതെ തീർപ്പുകല്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നായിരിക്കുമെന്നാണ് കോടതിയിൽ നടക്കുന്ന വാദങ്ങളും നിരീക്ഷണങ്ങളും നല്‍കുന്ന സൂചന. പക്ഷെ, അത് രോഗലക്ഷണങ്ങളെ താൽക്കാലികമായി ശമിപ്പിക്കാൻ മാത്രമേ ഉതകൂ. വേണ്ടത് രോഗകാരണത്തെ പൂർണമായും നിർമ്മാർജനം ചെയ്യുക എന്നതാണ്. രാജ്യത്ത് ഭരണഘടന കാലികമായി പരിഷ്കരിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ പലയിടങ്ങളിലും തലങ്ങളിലും സജീവമാണ്. അവ പലപ്പോഴും ചർച്ചകളുടെ പ്രയോജകരുടെ നിക്ഷിപ്ത താല്പര്യങ്ങളെ ചുറ്റിപ്പറ്റിയുള്ളവയും മാത്രമാണ്. ആധുനികവും സംഘടിതവുമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ ക്രമാനുഗതമായ പരിണാമത്തെ സംബന്ധിച്ചാണ് അത്തരം ചർച്ചകളെങ്കിൽ അത്തരമൊരു സമൂഹസൃഷ്ടിക്ക് അനിവാര്യമായ ഭരണഘടനാ ചട്ടക്കൂടിൽ ഗവർണർ പദവിക്ക് സ്ഥാനം ഉണ്ടായിരിക്കില്ല. പാർലമെന്ററി ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്ന ഭരണഘടനാ ലക്ഷ്യങ്ങളും പദ്ധതികളുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത ജനാധിപത്യ ഗാത്രത്തിലെ അനാവശ്യ അവയവമാണ് അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.