23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 10, 2024
December 9, 2024
November 19, 2024
November 19, 2024
November 17, 2024
November 9, 2024
October 30, 2024
October 22, 2024

കേരളത്തിനെതിരെ കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക ആക്രമണം

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
November 8, 2023 11:14 pm

കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക ആക്രമണങ്ങളാണ് ദീര്‍ഘകാലമായി സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ക്ഷേമ‑വികസന പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കുന്ന രീതിയില്‍ സാമ്പത്തിക ഞെരുക്കമുണ്ടായിട്ടും, തനത് വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജ്മെന്റ് വഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍.

കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാന സ്രോതസുകൾ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്. ഈ വർഷവും ചെലവിന്റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. എങ്കിലും, ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റിവയ്ക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കേരളം.

ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും, മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ചുള്ള പോരാട്ടത്തിനുമുള്ള നീക്കങ്ങളിലേക്ക് കടക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ മറ്റൊരു സംസ്ഥാനത്തിനും സാധാരണഗതിയിൽ നേരിടേണ്ടിവരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പൊതുവിൽ സംസ്ഥാനങ്ങൾക്ക് നേരെ സ്വീകരിക്കാൻ പാടില്ലാത്ത അവഗണന കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമുണ്ട്.

അത്തരം കാര്യങ്ങളും സംസ്ഥാനത്തിന്റേതായ പ്രത്യേക പ്രശ്നങ്ങളും നിയമപരമായി ഉന്നയിക്കാനാകുമെന്ന വ്യക്തമായ ഉപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമിടുന്നത്. നമ്മുടെ രാജ്യത്തിന്റെ ചില ഭാഗങ്ങൾ പ്രത്യേകമായ അവഗണന നേരിടുന്നുണ്ട്. അത്തരം സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നതിനും ചര്‍ച്ചകള്‍ നടത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. യോജിച്ച് എത്രകണ്ട് കാര്യങ്ങള്‍ നീക്കാമെന്നതും നീക്കങ്ങൾ എങ്ങനെ നടക്കുമെന്നുള്ള കാര്യങ്ങളും ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്ഷേമപദ്ധതികളില്‍ നിന്ന് പിന്മാറില്ല

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും ക്ഷേമ പദ്ധതികളിൽ നിന്ന് അണുവിട പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കുന്നില്ല. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരുത്താതെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം. ജിഎസ്‌ടി ഏർപ്പെടുത്തിയതോടെ നികുതി പിരിക്കുന്നതിൽ വലിയ അധികാര നഷ്ടമാണുണ്ടായത്. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി നികുതി അവകാശം ചുരുങ്ങി. ഈ വർഷം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്.

വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഢീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നാണ് സംസ്ഥാനത്തിന്റെ ധനമാനേജ്മെന്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:Extreme eco­nom­ic attack by the Cen­tral gov­ern­ment against Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.