തന്ത്രങ്ങളാകെ പാളുന്നു, വാക്കുകളെല്ലാം പിഴയ്ക്കുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് കാലിടറുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരനെ നീക്കണമെന്ന ആവശ്യത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. ഉന്നത — മധ്യതല നേതാക്കളെ വരുതിയിലാക്കാനും പാര്‍ട്ടിയില്‍ വിഭാഗീയത ആളിക്കത്തിക്കാനുമാണ് സുധാകരന്റെ കരുനീക്കങ്ങളെന്നും ആരോപണം ശക്തം. ഐ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയെയും ഒറ്റപ്പെടുത്തി എ ഗ്രൂപ്പിനെ കൂടെനിര്‍ത്താനുള്ള നീക്കം പാളിയതോടെ സുധാകരന്‍ ആവിഷ്കരിച്ച മറ്റൊരു തന്ത്രമാണ് ഇപ്പോഴത്തെ കൂട്ടപ്പൊരിച്ചിലിന് വഴിമരുന്നിട്ടതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അനാഥമായ എ ഗ്രൂപ്പിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സുധാകരന്‍ നീക്കങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി എ ഗ്രൂപ്പുകാരനായ മുതിര്‍ന്ന നേതാവ് കെ സി ജോസഫടക്കം ഒമ്പതുപേരെ നേതൃത്വത്തിന്റെ കണ്ണായ സ്ഥാനങ്ങളില്‍ കുടിയിരുത്താനും പദ്ധതി ആവിഷ്കരിച്ചു. ഇക്കാര്യം അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും കടുത്ത സംശയങ്ങള്‍ക്കിടയാക്കി. എ ഗ്രൂപ്പ് പിടിച്ചെടുക്കാനുള്ള കുതന്ത്രമാണിതെന്ന് മനസിലാക്കിയ മലപ്പുറം, ഇടുക്കി, കോട്ടയം, പാലക്കാട് തുടങ്ങിയ എ ഗ്രൂപ്പിന് ആധിപത്യമുള്ള ജില്ലകള്‍ തിരിച്ചടിച്ചതോടെ നില്ക്കക്കള്ളിയില്ലാതായ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഒത്താശയോടെ കോണ്‍ഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പുതിയ ആരോപണം.
മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവുമായി മാറിക്കഴിഞ്ഞ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഇതിനെതിരെ ആഞ്ഞടിച്ചതോടെ സുധാകരന്റെ നില പിന്നെയും പരുങ്ങലിലായി. ഇടുക്കി ജില്ലയാകട്ടെ മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയും ചെയ്തു. എ ഗ്രൂപ്പിന് ആധിപത്യമുള്ള പല ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. ഇടങ്കോലിട്ടാല്‍ പുനഃസംഘടനയുമില്ല എന്ന വെല്ലുവിളി. ഇതുമൂലം മൂന്നു മാസം മുമ്പ് പൂര്‍ത്തിയാക്കേണ്ട മണ്ഡലം പുനഃസംഘടന എങ്ങുമെത്തിയുമില്ല. മാത്രമല്ല, ആര്യാടന്‍ ഷൗക്കത്തിനെ അനുനയിപ്പിക്കുന്നതിനുപകരം കൂടുതല്‍ പ്രകോപിപ്പിക്കുന്ന സുധാകരന്റെ നിലപാടിനെതിരെ മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റി പോലും രംഗത്തിറങ്ങേണ്ടിവന്നു.
ഷൗക്കത്തിനെ പിന്തുണച്ച് കെ മുരളീധരനും തിരിച്ചടിച്ചതോടെ സുധാകരന് ഉള്‍വലിയേണ്ടിവന്നു; ആര്യാടനെതിരായ നടപടികള്‍ എ ഗ്രൂപ്പ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതിയുടെ തലയില്‍ ഇട്ടു. തിരുവഞ്ചൂര്‍ സമിതിയാകട്ടെ ആര്യാടനെ കുറ്റവിമുക്തനാക്കാനുള്ള ഉത്തരവാണ് അടുത്ത ദിവസത്തില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. യുഡിഎഫിനെ നയിക്കുന്ന കക്ഷിയുടെ നായകനെന്ന നിലയില്‍ ഘടകകക്ഷികളെ ചേര്‍ത്തുനിര്‍ത്തേണ്ട സുധാകരനാകട്ടെ മുന്നണിയെ ശിഥിലീകരിക്കുന്ന വാക്പ്രയോഗങ്ങളാണ് നടത്തുന്നത്.
ഉദാഹരണം ലീഗിനെതിരായ പട്ടി പ്രയോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കാനും എ, ഐ ഗ്രൂപ്പുകളിലുള്ള നിലവിലെ എം പിമാരെ വെട്ടിനിരത്താനും സതീശനും വേണുഗോപാലും നടത്തുന്ന അണിയറ നീക്കങ്ങളെ ചെറുത്തുതോല്പിക്കാന്‍ പോലും അശക്തനാണിപ്പോള്‍ സുധാകരന്‍. കൂട്ടുപിടിക്കാന്‍ ആരെയും കിട്ടാത്ത ഗതികേടിലും.
English Summary: congress against to k sudhakaran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.