18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

March 27, 2024
February 15, 2024
January 19, 2024
January 17, 2024
December 18, 2023
December 15, 2023
December 11, 2023
December 10, 2023
December 9, 2023
December 8, 2023

ജനാധിപത്യം തോൽക്കുന്ന കാലത്ത് മഹുവയും ഒരു മുന്നറിയിപ്പാണ്

അബ്ദുൾ ഗഫൂർ
November 12, 2023 4:30 am

മഹുവ മൊയ്ത്ര എന്നത് ഒരു മാസത്തിലധികമായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന പേരാണ്. അതിന് മുമ്പും അവരെ നാം കേട്ടുകൊണ്ടിരുന്നുവെങ്കിലും ഇപ്പോഴവർ വിവാദ നായികയായാണ് നിറയുന്നതെന്ന വ്യത്യാസമുണ്ട്. ലോക്‌സഭയിൽ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണമുന്നയിച്ചാണ് ബിജെപി അവരെ വിവാദത്തിൽ നിർത്തിയിരിക്കുന്നത്. എല്ലാ കാര്യങ്ങളും ബിജെപിയാണ് തീരുമാനിക്കുന്നത് എന്ന അതിഭീതിദമായ സാഹചര്യമാണ് ഇന്ത്യയിലുള്ളത് എന്നതിനാൽ മഹുവ ഇനി ലോക്‌സഭാംഗമായി തുടരണമെന്നുപോലുമില്ല. അവരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന നിർദേശമാണ് എത്തിക്സ് കമ്മിറ്റി നൽകിയതെന്ന് സമിതിയിലെ അംഗം തന്നെ മാധ്യമങ്ങളോട് പറഞ്ഞുകഴിഞ്ഞു. 500 പേജുള്ള റിപ്പോർട്ടാണ് എഴുതിവച്ചതെന്നും വാർത്തകളിലുണ്ടായിരുന്നു. ഒരു മിനിറ്റാണ് യോഗം ചേർന്നതെന്നും റിപ്പോർട്ട് ഏകപക്ഷീയമായി അംഗീകരിക്കുകയായിരുന്നുവെന്നും ചർച്ചയ്ക്ക് അവസരമുണ്ടായില്ലെന്നും സമിതിയിലെ പ്രതിപക്ഷാംഗങ്ങൾ പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായമനുസരിച്ചാണ് അവരെ സഭയിൽ നിന്ന് പുറത്താക്കുന്നതിനുള്ള ശുപാർശ തീരുമാനിച്ചത്. പ്രസ്തുത റിപ്പോർട്ടാണ് സ്പീക്കർ ഓംബിർളയ്ക്ക് നൽകിയിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്ന് ലോക്‌സഭയിലെത്തി അധികനാള്‍ കഴിയുന്നതിന് മുമ്പ് തന്നെ അവർ ബിജെപിയുടെ നോട്ടപ്പുള്ളിയായിരുന്നു. കൊൽക്കത്തയിലെ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹുവ യുഎസിൽ മസാച്യുസെറ്റ്സിലെ സൗത്ത് ഹാഡ്‌ലിയില്‍ മൗണ്ട് ഹോളിയോക്ക് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി. പിന്നീട് ജെ പി മോർഗൻ ചേസിന്റെ നിക്ഷേപ ബാങ്കറായി ന്യൂയോർക്ക് സിറ്റിയിലും ലണ്ടനിലും പ്രവർത്തിച്ചു.

അതുകൊണ്ടുതന്നെ ആംഗലേയഭാഷയിലെ പ്രാവീണ്യമുപയോഗിച്ച് ചർച്ചകളിലും സംവാദങ്ങളിലും ശ്രദ്ധേയസാന്നിധ്യമായി അവർ മാറി. ടിഎംസി അംഗമായാണ് സഭയിലെത്തിയത് എന്നതിനാൽ ബിജെപിയും അതിന്റെ നേതാക്കളും മൊയ്ത്രയുടെ വാക്ശരങ്ങൾ വല്ലാതെ നേരിടേണ്ടിവന്നു. നിശിതമായിരുന്നു അവരുടെ വിമർശനങ്ങൾ. കുറിക്കുകൊള്ളുന്നതായിരുന്നു വാക്കുകളും പ്രയോഗങ്ങളും. ഇംഗ്ലീഷ് ഭാഷയിൽ വൈബ്രന്റ് എന്നും മലയാളത്തിൽ ത്രസിപ്പിക്കുന്നത് എന്നുമൊക്കെ വിശേഷിപ്പിക്കാവുന്ന ആ പ്രസംഗങ്ങൾ രാഷ്ട്രീയ എതിരാളികളെ എരിപൊരികൊള്ളിച്ചു. ഭരണകക്ഷിയായ ബിജെപിക്കാരെ അവരുടെ പ്രസംഗം വിറപ്പിച്ചു. ലോക്‌സഭയിലെ മഹുവയുടെ പ്രസംഗങ്ങളെ ബിജെപിയുടെ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയെയും നിർമ്മലാ സീതാരാമനെയും മറ്റും ഇറക്കി സമീകരിക്കാൻ ശ്രമിച്ചുവെങ്കിലും ഭാഷാപ്രയോഗത്തിലും പ്രസംഗപാടവത്തിലും ഒന്നിനൊന്ന് മത്സരിച്ചിട്ടും മഹുവതന്നെ മുന്നിൽനിന്നു. ഈ സാഹചര്യത്തിലാണ് മറ്റെല്ലാ പ്രതിപക്ഷ നേതാക്കളെയുമെന്നതുപോലെ മഹുവയെയും വേട്ടയാടിത്തുടങ്ങിയത്. അവർ തന്റെ ബിസിനസ് കാലം കഴിച്ചത് ന്യൂയോർക്ക് സിറ്റിയിലും ലണ്ടനിലുമായിരുന്നു എന്നതിനാൽ സാമ്പത്തിക തട്ടിപ്പിന്റെയോ അനധികൃത സ്വത്ത് സമ്പാദനത്തിന്റെയോ കള്ളപ്പണമിടപാടുകളുടെയോ പേരിൽ പിടികൂടാനുള്ള ഗൂഢാലോചനകൾ നടക്കാതെ പോയി. ഇഡിയെയോ ആദായ നികുതി വകുപ്പിനെയോ വിട്ട് പിടിക്കുന്നതിനുള്ള സാഹചര്യമുണ്ടായില്ല. അതിന് മോഡി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റേതായ കാരണം കൂടിയുണ്ട്. മഹുവയുടെ ബിസിനസ് യുഎസിലും ലണ്ടനിലുമൊക്കെയായിരുന്നു. അവർ പ്രവർത്തിച്ച ജെ പി മോർഗൻ എന്ന ബാങ്കിങ്-ഓഹരി ഇടപാടുകൾ നടത്തുന്ന സ്ഥാപനം ബഹുരാഷ്ട്ര കമ്പനിയാണ്. അതുകൊണ്ട് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അവരെ പിടിച്ചാൽ അത് ആ ബഹുരാഷ്ട്രകമ്പനിയെ വേദനിപ്പിച്ചെന്നിരിക്കും. ചങ്ങാത്ത മുതലാളിയെ ബാധിക്കുന്നതെന്തെങ്കിലും സ്വീകരിക്കുക എന്നത് മോഡി സർക്കാരിന് അചിന്ത്യമാണ്. അതുകൊണ്ടാണ് ജനാധിപത്യവേദിയെ ദുരുപയോഗം ചെയ്യുന്ന വിലകുറഞ്ഞ നടപടി ബിജെപി സർക്കാരിൽ നിന്നുണ്ടായിരിക്കുന്നത്. അവർ മഹുവയെ പിടികൂടുന്നതിന് വഴികൾ പലത് കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.


ഇതുകൂടി വായിക്കൂ:അന്ധമായ നിലപാടുകളില്‍ നട്ടം തിരിയുന്ന യുഡിഎഫ്


ഭ്രാന്തമായ അധികാരമോഹവും ഫാസിസ്റ്റ് സമീപനങ്ങളുമുള്ളവർക്ക് കാരണം കണ്ടെത്തുന്നതിന് പ്രയാസമില്ല. 2009ൽ ലണ്ടനിലെ ജെ പി മോർഗൻ ചേസിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് മഹുവ യൂത്ത് കോൺഗ്രസിൽ ചേരുന്നത്. 2010ൽ അവർ തൃണമൂൽ കോൺഗ്രസ് പാർട്ടിയിലേക്ക് മാറി. 2016ൽ ബംഗാളിലെ കരിംപൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗവുമായി. 2017ൽ ടെലിവിഷൻ സംവാദത്തിനിടെ തന്റെ വ്യക്തിത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോക്കെതിരെ മൊയ്ത്ര പൊലീസിൽ പരാതി നൽകിയെങ്കിലും കൽക്കട്ട ഹൈക്കോടതി അത് തള്ളി. എന്നാൽ തൊട്ടുപിന്നാലെ റോസ്‌വാലി പോൺസി ഫേം അഴിമതിയിൽ പങ്കുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയെന്നുമാരോപിച്ച് മൊയ്ത്രയ്ക്കും ടിഎംസി എംപിമാരായ സൗഗത റോയ്, തപസ് പോൾ എന്നിവർക്കും ബാബുൽ സുപ്രിയോ വക്കീൽ നോട്ടീസ് അയച്ചു. 2019ൽ ലോക്‌സഭാംഗമായതിനുശേഷം ആദ്യസമ്മേളനത്തിലെ മഹുവയുടെ പ്രസംഗം ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചുള്ളതായിരുന്നു. ഫാസിസത്തിന്റെ പ്രവണതകളെക്കുറിച്ച് വിശദീകരിച്ച അവർ അവയെല്ലാം നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍കീഴിൽ പ്രകടമാണെന്ന് കുറ്റപ്പെടുത്തുകയും ഭരണഘടന വെല്ലുവിളിയിലാണെന്ന് വിശദീകരിക്കുകയും ചെയ്തു. മോഡി പ്രകീർത്തനം പതിവാക്കിയ ഗോദി മീഡിയയെ വിമർശിച്ചതിന് അവർ ബഹിഷ്കരണഭീഷണിയും നേരിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ലൈംഗികാരോപണമുയർന്നപ്പോൾ ജുഡീഷ്യറിയെന്ന വിശുദ്ധപശു വിശുദ്ധമല്ലെന്ന് പറഞ്ഞത് വിവാദമായി. ഇത്തരം പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും അലോസരമുണ്ടാക്കിയ ബിജെപി, ബഹളമുണ്ടാക്കിയും മറ്റും അവരെ തടസപ്പെടുത്തുക പതിവായിരുന്നു. അവകാശലംഘനം, ചട്ടലംഘനം എന്നിങ്ങനെ പരാതികൾ നൽകി ദ്രോഹിക്കുന്ന സമീപനവും സ്വീകരിച്ചു. ഇപ്പോൾ ചോദ്യത്തിന് കോഴയാരോപണമുന്നയിച്ച നിഷികാന്ത് ദുബെയും മറ്റൊരു ബിജെപി അംഗമായ പി പി ചൗധരിയും 2021 ഫെബ്രുവരി 11ന് പ്രത്യേകാവകാശ നോട്ടീസും നൽകിയിരുന്നു.

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ നിലപാടെടുത്തപ്പോഴും ഹിന്ദു ദേവതയായ കാളിയെ അപമാനിച്ചെന്നാരോപിച്ചും എല്ലാം അവരെ ബിജെപി വേട്ടയാടാൻ ശ്രമിച്ചു. അതിന്റെയെല്ലാമൊടുവിലാണ് ലോക്‌സഭയിലെ ഭൂരിപക്ഷമുപയോഗിച്ച് അവരെ അയോഗ്യയാക്കുക എന്ന ലക്ഷ്യം നേടാനുള്ള നീക്കം നടത്തുന്നത്. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ലോക്‌സഭയിലും രാജ്യസഭയിലും തങ്ങളുടെ പൊ‌യ്‌മുഖങ്ങൾ വലിച്ചഴിക്കുവാൻ തയ്യാറായ എല്ലാവരെയും വേട്ടയാടിയിട്ടുണ്ട് ബിജെപി. പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമ്പോൾ ഭരണപക്ഷാംഗങ്ങൾ മൗനികളായിരിക്കുന്നവരല്ല. പ്രതിപക്ഷത്തെക്കാൾ ഉച്ചത്തിൽ അതിനെ എതിർക്കുന്നവരാണ്. ഇരുപക്ഷവും വാക്പോര് നടത്തിയാലും പ്രതിപക്ഷാംഗങ്ങളെ മാത്രം പുറത്താക്കിയ, നടപടിയെടുത്ത നിരവധി സംഭവങ്ങൾ ഉണ്ടായി. രാഹുൽ ഗാന്ധി കള്ളക്കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടപ്പോൾ കോടതിയുത്തരവിന്റെ മഷിയുണങ്ങും മുമ്പ് അയോഗ്യനാക്കി. എല്ലാവരും ആത്യന്തികമായി ഉന്നയിച്ചത് അഡാനിയും മോഡിയും തമ്മിലുള്ള അവിശുദ്ധമായ ബന്ധത്തെക്കുറിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് അവരെയെല്ലാം വേട്ടയാടുന്നത്. അതിനാൽത്തന്നെ മഹുവ മൊയ്ത്ര ആദ്യത്തേതല്ല. പക്ഷേ കാരണം അസാധാരണവും നടപടികൾ അപൂർവവുമായി എന്നുമാത്രം. നേരത്തെ മറ്റൊരു പരാതി നൽകി പരാജയപ്പെട്ട നിഷികാന്ത് ദുബെയിൽ നിന്ന് പരാതിവാങ്ങി, ചോദ്യവും ഉത്തരവും നേരത്തെ തയ്യാറാക്കി ഏകപക്ഷീയമായി ശിക്ഷ വിധിക്കുകയെന്ന അസാധാരണ നടപടി. പരാതിയിലെ ആരോപണങ്ങൾക്ക് പകരം താമസിച്ച ഹോട്ടലിനെക്കുറിച്ചും ആരുടെ കൂടെ എന്നുമൊക്കെ ചോദിക്കുന്ന അന്വേഷണരീതി. മഹുവ തന്നെ പറഞ്ഞത്: വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നതിന് സമാനമായ അനുഭവങ്ങളാണ് നേരിടേണ്ടിവന്നത് എന്നതാണ്.


ഇതുകൂടി വായിക്കൂ:സത്യസന്ധരായ ഉദ്യോഗസ്ഥരും മോഡി ഭരണത്തില്‍ ഇരകള്‍


സ്പീക്കർ എന്ന പദവിയുടെ മഹത്വത്തിനും മറ്റെല്ലാ ജനാധിപത്യ, ഭരണഘടനാ പദവികൾക്കുമെന്നതുപോലെ ബിജെപി ഭരണത്തിനുകീഴിൽ മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ അടുത്ത കാലത്ത് കൂറുമാറിയ അംഗങ്ങളെ സംബന്ധിച്ച തീരുമാനം, സുപ്രീം കോടതിയുടെ ശക്തമായ വിമർശനവും കർശനമായ നിർദേശവുമുണ്ടായിട്ടും നീട്ടിക്കൊണ്ടുപോകുന്നത് സ്പീക്കർ പദവി എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതിന്റെ സമീപകാല ഉദാഹരണമാണ്. നേരത്തെ കർണാടകയിലും മധ്യപ്രദേശിലുമൊക്കെ നാമത് കണ്ടതാണ്. അതിനാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയിൽ നിന്ന് മറിച്ചൊരു തീരുമാനം പ്രതീക്ഷിക്കുന്നത് അതിമോഹമാണ്. നടപടിക്കായി സമര്‍പ്പിച്ച ശുപാർശയിലെ അധാർമ്മികത, സമിതിയംഗം അപരാജിത സാരംഗി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യത്തിന് കോഴയെന്ന ആരോപണമാണ് ബിജെപി അംഗം ഉന്നയിച്ചത്. എന്നാൽ ചോദ്യത്തിന് കോഴ വാങ്ങിയോ എന്നതിന്റെ തെളിവുകൾ സമിതിയുടെ മുമ്പാകെ ഇല്ലെന്നും അത് കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസികളാണെന്നുമാണ് അവർ പറഞ്ഞത്. തെളിവുകളില്ലാതെയും കുറ്റം തെളിയാതെയും ശിക്ഷ വിധിക്കുന്ന അപൂർവതയാണ് ഇവിടെ ഉണ്ടാകുന്നത് എന്നർത്ഥം. ഇവിടെ ജനാധിപത്യമാണ് വീണ്ടും തോൽക്കുന്നത്. സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് അതാത് ജനപ്രതിനിധികളെ തെരഞ്ഞെടുത്തയച്ച സമ്മതിദായകരോടുള്ള വെല്ലുവിളിയാണെന്ന പരാമർശം സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത് അടുത്ത കാലത്താണ്. അങ്ങനെയൊരു പശ്ചാത്തലമുള്ളപ്പോഴാണ് ഭൂരിപക്ഷം എന്ന സാങ്കേതികത ഉപയോഗിച്ച് മഹുവയെ പുറത്താക്കുവാനുള്ള നടപടിയിലേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ നീതിപീഠത്തോടുമുള്ള വെല്ലുവിളിയായും ഇത് മാറുന്നു. ചോദ്യം ചെയ്യുന്നവരെയെല്ലാം ജയിലിൽ അടയ്ക്കുകയോ പുറത്താക്കുകയോ ചെയ്യുക എന്നത് അജണ്ടയാക്കിയ കാലത്ത് മഹുവ മൊയ്ത്രയും ഒരു മുന്നറിയിപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.