23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

ഗാസ: മരണം 11,000

ആശുപത്രികള്‍ കുഴിമാടങ്ങളാകുന്നു
ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുന്നു 
Janayugom Webdesk
ഗാസ
November 11, 2023 11:15 pm

ഇസ്രയേല്‍ കരുണയില്ലാതെ ആക്രമണം തുടരുന്ന ഗാസയില്‍ മരണം 11,000 കടന്നു. ഇന്നലെ വരെ 4,506 കുട്ടികളടക്കം 11,078 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,027 സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. 30,000ത്തിലേറെപ്പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. വെസ്റ്റ് ബാങ്കില്‍ 200 ഓളം പേര്‍ക്കും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായി.

അതേസമയം ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണങ്ങളിലെ മരണസംഖ്യ 1,400 ല്‍ നിന്ന് 1,200 ആക്കി ഇസ്രയേല്‍ കുറച്ചിട്ടുണ്ട്. ഇതില്‍ വിദേശ തൊഴിലാളികളും മറ്റ് വിദേശ പൗരന്മാരും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ സൈന്യം ഗാസയിലെ ആശുപത്രികള്‍ക്കുനേരെ ആക്രമണം ശക്തമാക്കി. മൂന്ന് പ്രധാന ആശുപത്രികള്‍ ഇസ്രയേലി ടാങ്കുകള്‍ വളഞ്ഞിരിക്കുകയാണ്. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും ഭൂഗര്‍ഭ ശൃംഖലയും കണ്ടെത്തി നശിപ്പിച്ചതായും ഇസ്രായേല്‍ സൈന്യം പറയുന്നു. അല്‍-ഷിഫ ആശുപത്രിക്കുനേരെ ഇസ്രയേല്‍ സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച്‌ ഷെല്ലാക്രമണം നടത്തിയതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം ആരോപിച്ചു.

കഴിഞ്ഞ ഒരു മാസമായി ഗാസയിലും ലെബനനിലും തുടരുന്ന ആക്രമണത്തില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഇസ്രയേല്‍ നിഷേധിക്കുകയായിരുന്നു. അല്‍ഷിഫ ആശുപത്രിയുടെ കവാടം മൃതശരീരങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നതിനാല്‍ ആശുപത്രിക്കകത്ത് തന്നെ വലിയ കുഴിമാടമൊരുക്കി സംസ്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഹമാസിന്റെ സൈനിക ഔട്ട്‌പോസ്റ്റ് തകര്‍ക്കുകയും നിരവധി ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് അവകാശപ്പെട്ടു. കരയാക്രമണം ആരംഭിച്ചതിന് ശേഷം 150 ഭീകരരെ വധിച്ചതായും ഐഡിഎഫ് അവകാശപ്പെടുന്നു. അതേസമയം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നാല് ഇസ്രയേലികള്‍ക്ക് പരിക്കേറ്റു.

ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു

ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണമായും നിലയ്ക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകള്‍ക്ക് പോലും ക്ഷാമം നേരിടുകയാണെന്ന് ഇന്തോനേഷ്യന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇ​തു​വ​രെ 21 ആ​ശു​പ​ത്രി​ക​ളുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. അല്‍ഷിഫ ആശുപത്രിയിലെ അവസാന ജനറേറ്ററും ഇസ്രയേല്‍ തകര്‍ത്തതോടെ വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. ഇൻക്യുബേറ്ററില്‍ കഴിഞ്ഞിരുന്ന നവജാത ശിശുവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാളും മരിച്ചു. ഇൻക്യുബേറ്ററിനടുത്തേക്ക് പോകാൻ ശ്രമിച്ച ഡോക്ടറെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി. വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതോടെ ഐസിയുവിന്റെയും ഡയാലിസിസ് യൂണിറ്റുകളുടെയും പ്രവര്‍ത്തനം നിലച്ചു. രോഗികളും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം 3000ത്തോളം ആളുകളാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്.

Eng­lish Sum­ma­ry: Gaza death toll tops 11000
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.