25 November 2024, Monday
KSFE Galaxy Chits Banner 2

തോട്ടികളുടെ ചരിത്രം തിരുത്തിയാൽ ചോദിക്കാനൊരു പുസ്തകമുണ്ട്

ഷിബു ടി ജോസഫ്
November 12, 2023 9:34 am

ഴുതപ്പെട്ടതും അല്ലാത്തതുമായ ചരിത്രങ്ങൾ തിരുത്തപ്പെടുന്ന കാലമാണിത്. രണ്ട് തരത്തിലുള്ള തിരുത്തലുകളുണ്ട്. ഒന്ന് ചരിത്രാബദ്ധങ്ങളെ മാറ്റിയെഴുതുന്നത്. രണ്ടാമത്തേത് ചരിത്രത്തെ തന്നെ മാറ്റുന്നത്. ആദ്യകൂട്ടർ തമസ്കരിക്കപ്പെട്ട ചരിത്രത്തെ ഉയർത്തുന്നവരാണ്. ചരിത്രം ഭാരമായി വരുന്നവരോ ചരിത്രധാരണയില്ലാത്തവരോ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചരിത്രത്തെ തെറ്റിദ്ധരിക്കുന്നവരോ ആയിരിക്കും രണ്ടാമത്തെ കൂട്ടർ. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഷ്ടതയേറിയ ചരിത്രമാണ് നഗരശുചീകരണത്തൊഴിലാളികളുടേത്. പണ്ടിവർ നാറുന്ന തോട്ടിത്തൊഴിലാളികളായിരുന്നു. അവരുടെ സംഘടനാ ചരിത്രവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ വിവാദത്തിന് പിന്നാലെയാണ് കേരളത്തിലെ നഗരശുചീകരണ തൊഴിലാളികളുടെ സംഘാടനത്തെക്കുറിച്ചും സമരങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം പുറത്തുവരുന്നത് എന്നത് ചരിത്രത്തിന്റെ മഹത്തായ നീതിനിർവഹണം തന്നെയാണ്. കേരളത്തിലെ ഓരോ നഗരങ്ങളിലെയും തോട്ടി തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും അവരുടെ സംഘടനാ ചരിത്രത്തെക്കുറിച്ചും വർഷങ്ങളോളും ആഴത്തിൽ പഠിച്ചതിന് ശേഷമാണ് കെ ജി എന്ന് സഹപ്രവർത്തകർ സ്നേഹപൂർവം വിളിക്കുന്ന കെ ജി പങ്കജാക്ഷൻ ഈ ഗ്രന്ഥം തയ്യാറാക്കിയത്. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും കേരളാ സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റുമാണ് കെ ജി പങ്കജാക്ഷൻ. 

ബാലചന്ദ്രൻ ചുള്ളിക്കാട് അടുത്തകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തോട്ടി എന്ന പേരിൽ എഴുതിയ കവിതയാണ് വിവാദമായി മാറിയത് അതിലെ ചരിത്രപരമായ പിശകുകൊണ്ടായിരുന്നു. പ്രമുഖ സിപിഐ (എം) നേതാവും തൊഴിലാളി സംഘടനാ നേതാവുമായിരുന്ന എം എം ലോറൻസിനെക്കുറിച്ചാണ് കവിതയിൽ പരാമർശിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി തോട്ടിത്തൊഴിലാളികൾക്ക് സംഘടനയുണ്ടാക്കിയ നേതാവ് എന്ന നിലയ്ക്കാണ് കവിതയിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കവിത പുറത്തുവന്നപ്പോൾ നഗരശുചീകരണത്തൊഴിലാളികളുായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ തലപ്പത്തുള്ളവർ അതിലെ ചരിത്രപരമായ പിശക് ചൂണ്ടിക്കാട്ടിയിരുന്നു. എം എം ലോറൻസ് എന്ന തൊഴിലാളി നേതാവിനെക്കുറിച്ചും അദ്ദേഹം തോട്ടിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതിനെക്കുറിച്ചുമൊക്കെ നന്നായി തന്നെ കവിതയിൽ വ്യക്തമാക്കിയിട്ടുണ്ട്. മറവിയുടെ തിരശീലക്കുള്ളിൽ തമസ്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുവരുന്നത് ശ്ലാഘനീയമാണ്. എന്നാൽ അതിൽ ചരിത്രപരമായ പിശക് കടന്നുകൂടാൻ പാടില്ല. ഇത്തരം അബദ്ധങ്ങൾ തിരുത്തപ്പെടുകതന്നെ വേണം. 

കേരളത്തിലെ നഗരശുചീകരണ വിഭാഗം തൊഴിലാളികൾ പിന്നിട്ട വഴികൾ എത്രമാത്രം ദുഷ്കരമായിരുന്നുവെന്ന് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. മനുഷ്യമലം തലയിൽ ചുമക്കാൻ നാട്ടുകാരായ തൊഴിലാളികളെ കിട്ടാതെ വന്നപ്പോൾ അന്നത്തെ മദിരാശി സംസ്ഥാനത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് ഈ ജോലി ചെയ്യിച്ചിരുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെല്ലാം ഈ ജോലിക്കു വേണ്ടി ഇവരെ നിയോഗിച്ചു. മലബാർ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും കൊച്ചിയിലും കോഴിക്കോട്ടും തലശേരിയിലുമെല്ലാം ജോലി ചെയ്യാൻ മദിരാശിയിൽ നിന്നും എത്തപ്പെട്ട സ്ത്രീപുരുഷ തൊഴിലാളികളായിരുന്നു.
കക്കൂസുകളിൽ നിന്നും മലം ബക്കറ്റിൽ നിറച്ച് തലയിലേറ്റി ഡപ്പോ ബർമാർ ചെയ്യുന്നത്. ബക്കറ്റും ചൂലുമായി വീടുകളിലെ കക്കൂസുകളിൽ നിന്നും മലം കോരിയെടുത്ത് ഡിപ്പോകൾക്കടുത്ത് എത്തിച്ച് ടാങ്കറുകളെ കാത്തുനിൽക്കണം. തലയിൽ മലം ചുമക്കുന്നവരിൽ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളാണ്. കടും നിറത്തിലുള്ള സാരി മാത്രമാണ് ഇവരുടെ വേഷം, മേൽ വസ്ത്രമില്ല. പകുതിഭാഗം ഉടുത്ത് ബാക്കി കൊണ്ട് മാറുമറച്ച് അറ്റം പുറകിലേക്കും പിന്നെ ചുറ്റി മുമ്പിലേക്ക് എടുത്ത് അരയിൽ ഉറപ്പിക്കും. ടാങ്കർ ലോറികൾ വന്നാൽ ബക്കറ്റ് ഉയർത്തി മുകളിൽ നില്ക്കുന്ന പുരുഷതൊഴിലാളികൾക്ക് നൽകണം. അവർ ടാങ്കറിൽ ഒഴിച്ച് ബക്കറ്റ് തിരികെ കൊടുക്കും. വെള്ളമുള്ള സ്ഥലത്ത് പോയി ബക്കറ്റ് കഴുകി തിരിച്ചുവന്ന് വേണം മടങ്ങിപ്പോകാൻ. ഇതെക്കുറിച്ച് പറഞ്ഞാൽ ഇന്നത്തെ തലമുറക്ക് വിശ്വാസം വരില്ല.
വീട്ടിലെ കക്കൂസിന് ഒരു കള്ളിയെന്നാണ് അന്ന് കോഴിക്കോട്ടുകാർ പറയുക. പല വീടുകളിലും സിമന്റ് തൊട്ടികളും മരം കൊണ്ടുണ്ടാക്കിയ പെട്ടികളുമാണ് ഉപയോഗിക്കുക. സ്ത്രീ തൊഴിലാളികൾക്ക് ഇത് പൊക്കിയെടുത്ത് ബക്കറ്റിലേക്ക് പകരാൻ കഴിയില്ല. അവർ മലം കൈകൊണ്ട് വാരിയെടുത്താണ് ബക്കറ്റിൽ നിറക്കുക. അക്കാലത്ത് കൈയുറകൾ ഇല്ല. ഒരു തവണ കൊണ്ട് തീരില്ല. രണ്ടും മൂന്നും തവണ എടുക്കാനുണ്ടാകും. ബക്കറ്റ് നിറയെ മലം. മുകളിൽ ഇല ഇട്ടു മൂടും. കൂടെ പോകുന്ന തൊഴിലാളികളുടെ സഹായത്താലാണ് തലയിലേറ്റുന്നത്. ഡെപ്പോകൾ ലക്ഷ്യമാക്കിയുള്ള നടത്തിനിടെ ഇവർ മലത്താൽ അഭിഷേകം ചെയ്യപ്പെടും. വലിയ ഈച്ചകൾ ബക്കറ്റിനെയും തൊഴിലാളിയേയും പൊതിയും. നഗരങ്ങളിൽ പൊതു ശൗചാലയങ്ങൾ കുറവ്. നേരം പുലരുന്നതിന് മുമ്പ് ജനങ്ങൾ പ്രഭാതകർമ്മങ്ങൾ റോഡരികിലും പൊതുസ്ഥലത്തും നിർവഹിക്കും. ഇതും കോരി ബക്കറ്റിലാക്കി നഗരം വെടിപ്പാക്കണം. ഈ തൊഴിലാളികളെ ജനങ്ങൾ അറപ്പോടെയും വെറുപ്പോടെയും കാണുന്നു. തങ്ങളുടെ വിസർജ്യമാണ് ഇവർ തലയിൽ പേറുന്നത് എന്ന ചിന്തയില്ലാതെ അതിക്രൂരമായ പരിഹാസവും ഇടപെടലും. കിണറുകളിൽ നിന്ന് വെളളമെടുക്കാൻ ഒരു വീട്ടുകാരും സമ്മതിക്കില്ല. അത്രയധികം കഷ്ടടപ്പെട്ട് കീടങ്ങൾക്ക് സമാനമായ ജീവിതം നയിച്ചിരുന്ന ഇവർ പട്ടിണിയാലും രോഗങ്ങളാലും വലഞ്ഞിരുന്ന മനുഷ്യരായിരുന്നു. 

1940 കാലത്താണ് കേരളത്തിൽ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. സമൂഹം അറപ്പോടെയും വെറുപ്പോടെയും നോക്കിക്കണ്ട മനുഷ്യരുടെ ജീവിതത്തിലാണ് ജുബാ രാമകൃഷ്ണപിള്ള, എച്ച് മഞ്ചുനാഥറാവു, ടി കെ കരുണൻ തുടങ്ങിയ നേതാക്കൾ വിവിധ പട്ടണങ്ങളിൽ ഇടപെടുന്നത്. ഇതിന്റെ പേരിൽ ഇവർക്ക് പീഡനങ്ങളും പരിഹാസങ്ങളും മർദ്ദനങ്ങളും ജയിൽ ശിക്ഷയും വരെ നേരിടേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ജുബാ രാമകൃഷ്ണപിള്ളയുടെ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കോഴിക്കോട്ട് എച്ച് മഞ്ചുനാഥറാവുവും ടി കെ കരുണനും തോട്ടി തൊഴിലാളികളെ സംഘടിപ്പിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. 1943ൽ ഇവർ സംഘടനയുണ്ടാക്കി പ്രവർത്തനം ആരംഭിച്ചു. 

കൊല്ലം പന്മനയിൽ ജനിച്ച രാമകൃഷ്ണപ്പിള്ള ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് എത്തുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട നഗര ശുചീകരണ തൊഴിലാളികളുടെ ദയനീയസ്ഥിതി മനസിലാക്കിയ രാമകൃഷ്ണപിള്ള അവരെ സംഘടിപ്പിക്കുന്നതിന് ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തി. തൊഴിലാളികളെ സംഘടിപ്പിച്ച് സിറ്റി സ്കാവഞ്ചേഴ്സ് യൂണിയൻ എന്ന സംഘടന രജിസ്റ്റർ ചെയ്തു. സിറ്റി സ്കാവെഞ്ചേഴ്സ് യൂണിയൻ ആണ് പിന്നീട് തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ ആയിമാറിയത്. നഗര ശുചീകരണ തൊഴിലാളികളെ പൗരന്മാരായി അംഗീകരിച്ച് റേഷൻ കാർഡ് അനുവദിക്കുന്നതിനും കൂലി വർദ്ധിപ്പിച്ചു കിട്ടുന്നതിനും പെൻഷൻ അനുവദിക്കുന്നതിനും വേണ്ടി മൂന്നുദിവസം തുടർച്ചയായി പണിമുടക്കുസമരം നടത്തി. നഗരം ദുർഗന്ധപൂരിതമായി. മാലിന്യം കുന്നുകൂടി. തൊഴിലാളികൾക്കും നേതാക്കന്മാർക്കും നേരെ ഭീകരമമായ പോലീസ് മർദ്ദനം അഴിച്ചുവിട്ടു. രാമകൃഷണപിള്ളയടക്കം ജയിലിലടക്കപ്പെട്ടു. എന്നാൽ തൊഴിലാളികളുടെ അവകാശങ്ങൾ സ്ഥാപിക്കപ്പെട്ടു. 1952ൽ സംസ്ഥാന മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ രൂപീകരിച്ചപ്പോൾ മുതൽ 1985വരെ ജുബാ രാമകൃഷ്ണപിള്ള ഇതിന്റെ പ്രസിഡന്റായി. ദീർഘകാലം എഐടിയുസി സംസ്ഥാന കൗൺസിൽ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 

കോഴിക്കോട് കോർപറേഷന്റെ ആദ്യമേയറും തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സഖാവ് എച്ച് മഞ്ചുനാഥറാവു കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് സംഘടനാ രംഗത്ത് വന്നത്. കർണാടകയിൽ നിന്നും കോഴിക്കോട്ട് സ്വർണക്കച്ചവടത്തിന് വന്ന കുടുംബത്തിലെ പിൻതലമുറക്കാരൻ ആയിരുന്നു മഞ്ചുനാഥറാവു. എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുമ്പോൾത്തന്നെ ദേശീയ പ്രസ്ഥാനത്തിലും കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. 1931ൽ വിദ്യാഭ്യാസം കഴിഞ്ഞ് കോഴിക്കോട്ടെത്തിയ അദ്ദേഹം കോൺഗ്രസിൽ ചേരുകയും മദ്യഷാപ്പ് പിക്കറ്റിങ്, വിദേശവസ്ത്ര ബഹിഷ്കരണം, തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള പ്രക്ഷോഭം, ഉപ്പുസത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ സജീവമാകുകയായിരുന്നു. 1932ൽ നിരോധിക്കപ്പെട്ട കോൺഗ്രസിന്റെ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടു. ജയിൽമോചിതനായ മഞ്ചുനാഥറാവു പൊലീസ് മർദനത്തിന് വിധേയരാകുന്ന വളണ്ടിയർമാർക്ക് ചികിത്സയ്ക്കായി കോഴിക്കോട്ട് ഒരു ജനകീയ ആശുപത്രിയും വാർത്താവിനിമയത്തിനായി ഒരു സമാന്തര പോസ്റ്റൽ സർവീസും ആരംഭിക്കുന്നതിനായുള്ള പ്രവർത്തനം തുടങ്ങി. ഇതിന്റെ പേരിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ഒമ്പതുമാസത്തെ തടവിനും നൂറ് രൂപ പിഴയും ശിക്ഷിച്ചു. 1934 മുതൽ 36 വരെ അദ്ദേഹം എഐസിസി അംഗമായി പ്രവർത്തിച്ചു. കോഴിക്കോട് ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മലബാർ ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കേരളാ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ പദവികളിൽ സേവനം നടത്തി. സഖാക്കൾ പി കൃഷ്ണപിള്ള, കെ പി ഗോപാലൻ, എകെജി, ഇഎംഎസ് എന്നിവരോടൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുകയും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും നേതാവുമാവുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രത്ത് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരണ യോഗത്തിലും മ‍ഞ്ചുനാഥറാവു പങ്കെടുത്തു. 

സമൂഹത്തിലെ ഏറ്റവും ദുരിതം അനുഭവിച്ചിരുന്ന മുനിസിപ്പൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് പി കൃഷ്ണപിള്ളയുടെ നിർദേശപ്രകാരമാണ് എച്ച് മഞ്ചുനാഥ റാവുവും ടി കെ കരുണനൊടൊപ്പം സജീവമായി രംഗത്തുവന്നത്. 1946ൽ കോഴിക്കോട്ട് നടന്ന മുൻസിപ്പൽ തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയത് മഞ്ചുനാഥറാവുവും ടി കെ കരുണനുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു തൊഴിലാളിയായി ജീവിതം ആരംഭിക്കുകയും തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ കൂടി അവശജനവിഭാഗത്തിന്റെ ശബ്ദമായി മാറുകയും ചെയ്തയാളാണ് ടി കെ കരുണൻ. 1946ൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരുണേട്ടൻ വെല്ലൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. തുടർന്ന് സേലം ജയിലിലും. സേലം ജയിൽ വെടിവെപ്പിനു രണ്ടുദിവസം മുമ്പാണ് സഖാവ് ജയിൽ മോചിതനായത്. കോഴിക്കോട്ടെ തമിഴ് തൊഴിലാളികളുടെ പെരിയോർ ആയിരുന്നു ടി കെ കരുണൻ. എഴുത്തും വായനയും അറിയാത്തവരും സമൂഹം പരിഹാസത്തോടെ മാത്രം കണ്ടിരുന്നവരുമായ മനുഷ്യരുടെ ഇടയിലേക്കാണ് ടി കെ കരുണനും മഞ്ചുനാഥറാവുവും ഇറങ്ങിച്ചെന്നത്. മനുഷ്യർ എന്ന പരിഗണന പോലും സമൂഹം ഈ വിഭാഗം തൊഴിലാളികൾക്ക് നൽകാതിരുന്ന കാലത്ത് അവരെ സംഘടിപ്പിച്ച് വർഗ്ഗബോധമുള്ളവരാക്കി മാറ്റുന്നതിൽ ഇവർ വഹിച്ച ത്യാഗപൂർണ്ണമായ പങ്ക് ഒരു കാലത്തും വിസ്മരിക്കപ്പെടുകയില്ല. തിരുവനന്തപുരത്ത് ജുബാ രാമകൃഷ്ണപിള്ളയെ തോട്ടി രാമകൃഷ്ണനെന്നും കോഴിക്കോട്ട് ടി കെ കരുണനെ തോട്ടിക്കരുണമെന്നും കണ്ണൂരിൽ സി കണ്ണനെ തോട്ടിക്കണ്ണമെന്നുമാണ് സമൂഹത്തിലെ മാന്യന്മാർ അക്കാലത്ത് സ്ഥിരമായി വിളിച്ചുരുന്നത്. 

കൊച്ചി മുനിസിപ്പാലിറ്റിയിൽ 1950ലാണ് തോട്ടിത്തൊഴിലാളികൾക്ക് സംഘടനയുണ്ടാകുന്നത്. ജോർജ് ചടയംമുറി, കെ എ രാജൻ, എം എം ലോറൻസ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി അമരാവതി മാർക്കറ്റിന് സമീപം തീട്ടപ്പറമ്പ് എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലത്താണ് ആദ്യയോഗം ചേർന്നതും കെ എ രാജൻ പ്രസിഡന്റ്, റോക്സ് ഫെർണാണ്ടസ് സെക്രട്ടറി, എം എം ലോറൻസും ടി എം അബുവും സഹഭാരവാഹികളുമായി യൂണിയൻ രൂപീകരിച്ചതും. കേരളത്തിലെ ഓരോ പട്ടണങ്ങളിലും നഗരശുചീകരണ തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെയും അതിന് നേതൃത്വം നൽകിയവരുടെയും ജീവിതമാണ് ‘കേരളത്തിലെ നഗരശുചീകരണ തൊഴിലാളികൾ ഇന്നലെ, ഇന്ന്, നാളെ’ എന്ന പുസ്തകം. ഇത് കേരളത്തിലെ നഗരശുചീകരണത്തൊഴിലാളികളുടെ സംഘടനാ ചരിത്രമാണ്. മാതൃഭൂമി വാരികയിലെ കവിത പുറത്തുവന്നപ്പോൾ ഇതിലെ ചരിത്രപരമായ പിശക് ചൂണ്ടിക്കാട്ടിയവരിൽ പ്രമുഖൻ കെ ജി പങ്കജാക്ഷനാണ്. ഈ പുസ്തകത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള നഗരശുചീകരണ തൊഴിലാളികളുടെ ചരിത്രം മാത്രമല്ല ഇതിനായി ജീവിതം ഉഴിഞ്ഞുവച്ച തൊഴിലാളി സംഘടനാനേതാക്കളെക്കുറിച്ചും വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.