കൊച്ചി
November 12, 2023 6:58 pm
മിത്ത് വിവാദത്തിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതി. എൻഎസ്എസ് പരിപാടിക്കിടെ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് എഴുതിത്തള്ളാമെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. മിത്ത് വിവാദത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഓഗസ്റ്റ് രണ്ടിന് എൻഎസ്എസ് ഘോഷയാത്ര സംഘടിപ്പിച്ചത്.
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനും കണ്ടാൽ അറിയാവുന്ന ആയിരത്തോളം പ്രവർത്തകർക്കെതിരെയുമായിരുന്നു കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പൊലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. എന്നാൽ ഗതാഗത നിരോധനം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നാമജപ ഘോഷയാത്ര നടത്തിയവർക്ക് സ്പർദ്ധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്നും ഘോഷയാത്രക്കെതിരെ ആരും പരാതിപ്പെടാത്ത സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നും പൊലീസിന് നിയമോപദേശവും ലഭിച്ചിരുന്നു.
English Summary: Namajapa ghoshayatra: High Court closes cases
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.