18 December 2024, Wednesday
KSFE Galaxy Chits Banner 2

തുറന്നുകാട്ടപ്പെടുന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥ

Janayugom Webdesk
November 24, 2023 5:00 am

ന്ത്യ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായി അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഉടന്‍തന്നെ രാജ്യം അഞ്ചു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്നും അവകാശവാദമുണ്ട്. അതിനായി പെരുപ്പിച്ച കണക്കുകളും വാര്‍ത്തകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആഭ്യന്തര മൊത്ത ഉല്പാദന (ജിഡിപി ) വളര്‍ച്ച ഇരട്ടയക്കം കടക്കുമെന്ന അവകാശവാദം, ഈ വര്‍ഷം, അടുത്തവര്‍ഷം എന്നിങ്ങനെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും കുറേ നാളുകളായിരിക്കുന്നു. എന്നാല്‍ ഇപ്പോഴും ജിഡിപി വളര്‍ച്ച ആറ്, ഏഴ് ശതമാനമെന്ന നിരക്കില്‍തന്നെ കറങ്ങിനില്‍ക്കുകയാണ്. വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമെങ്കിലും കടക്കാതെ തൊഴിലില്ലായ്മാ പ്രശ്നത്തിന് പരിഹാരം കാണുക പ്രയാസമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുന്‍ ഗവർണറും സാര്‍വദേശീയ സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ അടുത്തിടെയാണ് പറഞ്ഞത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ടാണെങ്കിലും വർധിച്ചുവരുന്ന തൊഴിൽ ആവശ്യകത നിറവേറ്റുന്നതിന് എട്ടുശതമാനത്തിലധികം വളർച്ച ആവശ്യമാണെന്നായിരുന്നു രണ്ടാഴ്ച മുമ്പ് ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒരാഴ്ച മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷക വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടിലും തൊഴിലില്ലായ്മ കുറഞ്ഞുവെന്ന് വിശദീകരിക്കുന്നുണ്ട്. 2018ല്‍ 6.1 ശതമാനമായിരുന്നത് 2023ല്‍ 3.2 ശതമാനമായെന്നാണ് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചത്. പക്ഷേ ഇതിനുള്ള കാരണമായി പറയുന്നതാകട്ടെ സ്വയം സംരംഭകത്വമാണ്. സ്വയംതൊഴില്‍ സംരംഭങ്ങളിലെ തൊഴിലവസരങ്ങള്‍ 2018ലെ 13.6ല്‍ നിന്ന് 2023ല്‍ 18.3 ശതമാനമായെന്നാണ് എസ്ബിഐ കണക്കാക്കിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: രണ്ടു സാമ്പത്തിക കുറ്റകൃത്യങ്ങള്‍


അതേസമയം മൂന്നാഴ്ച മുമ്പ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) വ്യത്യസ്തമായ കണക്കാണ് തൊഴിലില്ലായ്മ സംബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലില്ലായ്മാ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണെന്നാണ് സിഎംഐഇ കണക്കാക്കുന്നത്. ഒക്ടോബറില്‍ 10.09 ശതമാനമായെന്നും അവര്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ 7.09ല്‍ നിന്ന് മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞുവെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. എന്നുമാത്രമല്ല, നേരത്തെ ഔദ്യോഗിക വെളിപ്പെടുത്തല്‍ പ്രകാരംതന്നെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലെത്തിയിരുന്നതുമാണ്. ഈ വൈരുധ്യങ്ങള്‍ നിലവിലുള്ളപ്പോഴാണ് രാജ്യം നാലു ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ച കൈവരിച്ചുവെന്ന പ്രചരണം നടക്കുന്നത്. ബജറ്റ് കണക്കുകള്‍ പ്രകാരം 3.19 ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ചയാണ് പ്രതീക്ഷ എന്നിരിക്കെയാണ് ആഗോള ഏജന്‍സികളെ ഉദ്ധരിച്ചെന്ന് പറഞ്ഞ് സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ ഇത്തരമൊരു പ്രചരണം കെട്ടഴിച്ചുവിട്ടത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യെയാണ് അവര്‍ ഇതിന് ആധാരമാക്കിയത്. സംഘ്പരിവാര്‍ സംഘടനയിലെ സാധാരണ സൈബര്‍ പ്രവര്‍ത്തകര്‍ മാത്രമല്ല ബിജെപിയുടെ ഉന്നത നേതാക്കളും മന്ത്രിമാരും കേന്ദ്ര സര്‍ക്കാരിന്റെ കൂഴലൂത്ത് മാധ്യമങ്ങളും സാമ്പത്തിക സഹയാത്രികരുമെല്ലാം ഇത് വലിയ ആഘോഷമാക്കുന്നതിന് ശ്രമിച്ചു. നാലു ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ച കൈവരിച്ചുവെങ്കില്‍ ജിഡിപി നിരക്ക് ഏഴ് ശതമാനത്തിന് മുകളില്‍ പോയെന്നാണ് അര്‍ത്ഥമെന്നതുപോലും മനസിലാക്കാതെയാണ് ഈ കുപ്രചരണം അവര്‍ ഏറ്റുപിടിച്ചത്. ബിജെപി ആഭിമുഖ്യത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് രൂപകല്പന ചെയ്ത പ്രചരണത്തിന് തുടക്കമിട്ടത്. ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വം ഇങ്ങനെയാണ്, നമ്മുടെ രാജ്യം മനോഹരമായി പുരോഗമിക്കുന്നത് അങ്ങനെയാണ്, 4 ട്രില്യൺ ജിഡിപി നാഴികക്കല്ല്. പ്രധാനമന്ത്രി നരേന്ദ്രമോഡിജിക്ക് അഭിനന്ദനങ്ങള്‍ എന്നിങ്ങനെ വാഴ്ത്തുപാട്ടും വ്യാപകമായി. വസ്തുതകള്‍ മനസിലാക്കാതെ മടിത്തട്ട് മാധ്യമങ്ങളും ഇതേറ്റുപിടിച്ച് മോഡീസ്തുതി നടത്തി.


ഇതുകൂടി വായിക്കൂ: ഇന്ത്യയുടെ ജനശക്തിയും യാഥാർത്ഥ്യങ്ങളും


എന്നാല്‍ ഈ കുപ്രചരണത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. രാജ്യങ്ങളുടെ ജിഡിപി കണക്കെടുപ്പ് നടത്താറില്ലെന്നും ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച പ്രചരണം തെറ്റാണെന്നും വിശദമാക്കി ഐഎംഎഫ് തന്നെ രംഗത്തെത്തി. വ്യാജപ്രചരണമാണെന്ന് സ്ഥാപിക്കപ്പെട്ടു എന്ന് മാത്രമല്ല, ഐഎംഎഫ് നിര്‍വഹിക്കാത്ത ഉത്തരവാദിത്തം അവരുടെ മേല്‍ചാര്‍ത്തി കബളിപ്പിക്കുവാന്‍ ശ്രമിച്ചു എന്നുമാണ് ഇതിലൂടെ വ്യക്തമായത്. ജിഡിപി വിവരങ്ങള്‍ ഔദ്യോഗികമായി സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് സ്ഥിതിവിവര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എന്‍എസ്ഒ) ആണ്. ഇത് ത്രൈമാസ രീതിയില്‍ ചെയ്യുന്ന കര്‍ത്തവ്യവുമാണ്. 2023 ജൂലൈ-സെപ്റ്റംബർ പാദത്തിലെ ജിഡിപി കണക്കുകള്‍ നവംബർ 30നാണ് പുറത്തിറക്കേണ്ടത്. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വ്യാജപ്രചരണത്തിന് ശ്രമിച്ചത്. ഇതിലൂടെ രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി അത്ര ശുഭകരമല്ലെന്നാണ് തെളിയിക്കുന്നത്. അതുകൊണ്ട് ഇനിയുള്ള നാളുകളില്‍ കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.