19 November 2024, Tuesday
KSFE Galaxy Chits Banner 2

സ്നേഹനിധിയായ ആ അമ്മയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍

ബിനോയ് വിശ്വം
November 27, 2023 4:45 am

സുമതിയമ്മയെ ചങ്ങനാശേരിക്കു പുറത്ത് പഴയ കമ്മ്യൂണിസ്റ്റുകാര്‍ പോലും ചിലപ്പോള്‍ അറിയണമെന്നില്ല. 85 വയസുകഴിഞ്ഞ ഒരാളുടെ മരണം നടുക്കുന്ന മരണം ആകണമെന്നുമില്ല. എന്നാല്‍ ഇന്നലെ മരിച്ച സുമതിയമ്മയുടെ മരണത്തിനു മുമ്പില്‍ അങ്ങനെ നിസംഗനായി നില്‍ക്കാന്‍ അവരെ അടുത്തറിഞ്ഞ ആര്‍ക്കും കഴിയുകയില്ല. ഞങ്ങളില്‍ പലര്‍ക്കും അവര്‍ അമ്മയെപ്പോലെയായിരുന്നു. രജിതയുടെയും വിദ്യാസാഗറിന്റെയും ചിത്തന്റെയും അമ്മ പാര്‍ട്ടിയിലെ പിന്‍തലമുറക്കാരായ ഞങ്ങളെ പലരെയും സ്വന്തം മക്കളെപ്പോലെയാണ് സ്നേഹിച്ചത്. ആ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി ഈ ചെറിയ കുറിപ്പെങ്കിലും എഴുതണമെന്ന് മനഃസാക്ഷി എന്നോട് നിര്‍ബന്ധിക്കുകയായിരുന്നു. സുമതിയമ്മ പാര്‍ട്ടിയിലെ ഒരു ഘടകത്തിലും അംഗമായിരുന്നില്ല. ആരോഗ്യവതിയായിരുന്ന കാലത്ത് അവര്‍ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ ഘടകം താന്‍ ജീവിച്ചിരുന്ന മനയ്ക്കച്ചിറ പ്രദേശത്തെ ബ്രാഞ്ച് ആയിരുന്നിരിക്കണം. ഘടകങ്ങള്‍ മാത്രം നോക്കി സഖാക്കളെയും അവരുടെ രാഷ്ട്രീയബോധത്തെയും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അവര്‍ വഹിച്ച പങ്കിനെയും വിലയിരുത്താനാണെങ്കില്‍ അവരെപ്പറ്റി ഉന്നത ഘടകങ്ങളിലുള്ളവര്‍ക്ക്‌‍ അധികം പറയാനുണ്ടാകില്ല.

എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാക്കിയത് ഉന്നത ഘടകങ്ങളില്‍ അംഗത്വമുള്ളവര്‍ മാത്രമല്ല. അവരുടെ കൂടെ അവരോടൊപ്പം പ്രസ്ഥാനത്തെ പ്രാണനെപ്പോലെ സ്നേഹിച്ച പതിനായിരക്കണക്കിന് സഖാക്കളാണ് പാര്‍ട്ടിയുടെ എക്കാലത്തെയും കരുത്ത്. അത് മറന്നുപോയാല്‍ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ പാര്‍ട്ടിയുടെ ഏറ്റവും മൗലികമായ സത്ത മറന്നുപോകുന്നു എന്നാണര്‍ത്ഥം. മരിച്ചുപോയ സുമതിയമ്മയെക്കുറിച്ചുളള അനുശോചനക്കുറിപ്പല്ല ഞാനെഴുതുന്നത്. പത്തമ്പത് കൊല്ലമായി, വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എനിക്കറിയാവുന്ന ധീരയായ, നന്മനിറഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരിയെപ്പറ്റിയാണ് എഴുതുന്നത്. നമ്മള്‍ എല്ലായ്പ്പോഴും പറയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ പാര്‍ട്ടികളെയും പോലെ ഒരു പാര്‍ട്ടിയല്ല എന്ന്. വ്യത്യസ്തമായ ഒരു പാര്‍ട്ടിയെന്ന് നമ്മുടെ പാര്‍ട്ടിയെ ആദ്യം വിശേഷിപ്പിച്ചത് ലെനിനാണ്- ‘Par­ty of a new type’. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും അടിസ്ഥാനപ്പെടുത്തി പരിവര്‍ത്തനം ലക്ഷ്യമാക്കിയ പാര്‍ട്ടി എന്ന കാഴ്ചപ്പാടിലാണ് ലെനിന്‍ അത് പറഞ്ഞത് പ്രത്യയശാസ്ത്രവും രാഷ്ട്രീയവും മാത്രമല്ല ജനങ്ങള്‍ നല്‍കിയ അതിരില്ലാത്ത സ്നേഹവും ചേര്‍ന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പകരം കൊടുത്തതും ആ സ്നേഹവും കൂറും നന്മയും ആയിരുന്നു. ആ പാരസ്പര്യത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൊണ്ട് ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയെ സ്നേഹിച്ച അമ്മയായിരുന്നു സുമതിയമ്മ.


ഇതുകൂടി വായിക്കൂ:ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി


പ്രസ്ഥാനം കടന്നുവന്ന പരീക്ഷണഘട്ടങ്ങളുടെ കാലം മുതല്‍ അവര്‍ പാര്‍ട്ടിയെ അറിഞ്ഞതാണ്. ആ ഓര്‍മ്മകളെല്ലാം ആ മനസില്‍ എന്നും പച്ച പിടിച്ചുനിന്നു. അവരുടെ ജീവിതപങ്കാളി സുമതിയമ്മയെപ്പോലെ തന്നെ പാര്‍ട്ടിക്കുള്ളില്‍ മുമ്പില്‍ നിന്ന സഖാവ് വി കെ രാഘവനായിരുന്നു. അദ്ദേഹം പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. അവര്‍ രണ്ടുപേരും എല്ലാ കഷ്ടപ്പാടുകളുടെയും നടുവില്‍ കമ്മ്യൂണിസ്റ്റുകാരായി ജീവിച്ച് മക്കളെയും കമ്മ്യൂണിസ്റ്റുകാരായി വളര്‍ത്തി. ജീവിതമാര്‍ഗമായി അവര്‍ ആരംഭിച്ച കൊച്ചുചായക്കട പിന്നെ ചെറിയ ഹോട്ടലായി. ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ ഓരത്ത് മനയ്ക്കച്ചിറയിലുളള ആ ചായക്കട, പാര്‍ട്ടി പ്രായസപ്പെട്ട കാലങ്ങളില്‍ പാര്‍ട്ടി ഓഫിസ് പോലെയും പ്രവ‍ര്‍ത്തിച്ചു. രുചികരമായ ആഹാരം മാത്രമല്ല ചൂടേറിയ രാഷ്ട്രീയപാഠങ്ങളും ആ ദമ്പതികള്‍ വരുന്നവര്‍ക്കെല്ലാം കൈമാറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരചരിത്രത്തെപ്പറ്റി പുസ്തകഭാഷയിലല്ലാതെ പച്ചയായ ജീവിതഭാഷയില്‍ സുമതിയമ്മ പറയുന്നത് എത്രയോ തവണ ഞാന്‍ കേട്ടിട്ടുണ്ട്. രാഘവന്‍ സഖാവാകട്ടെ മിതഭാഷിയായിരുന്നു. ആഴമുള്ള രാഷ്ട്രീയ ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആ വഴിയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞങ്ങളെല്ലാവരും ആ കടയില്‍ കയറണമെന്ന് ആ അമ്മയ്ക്കും അച്ഛനും നിര്‍ബന്ധമായിരുന്നു. കയറാതെ പോയി എന്നറിഞ്ഞാല്‍ ഞങ്ങളെ ഫോണ്‍ ചെയ്തു ശകാരിക്കുമായിരുന്നു. അവിടുന്നു കഴിച്ച ആഹാരത്തിന്റെ രുചി അവരുടെ സ്നേഹം കൂടി ചാലിച്ചുണ്ടാക്കിയതായിരുന്നു.

ജന്മിത്വം കൊടികുത്തി വാണകാലത്ത് ചങ്ങനാശേരിയിലെയും പരിസരങ്ങളിലെയും ജീവിതാവസ്ഥകളെക്കുറിച്ച് അവര്‍ പറഞ്ഞത് ഞാനോര്‍ത്തുപോകുന്നു. അടിച്ചമര്‍ത്തപ്പെട്ട കര്‍ഷകത്തൊഴലാളികള്‍ക്ക് നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ധൈര്യം പകര്‍ന്നുകൊടുത്ത ചെങ്കൊടിയെപ്പറ്റി പറയുമ്പോള്‍ അവരുടെ കണ്ണില്‍ അഭിമാനം കത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പാര്‍ട്ടിയുടെ ചങ്ങനാശേരിയിലെ ആദ്യകാല നേതാക്കളായ എ എം കല്യാണകൃഷ്ണന്‍ നായര്‍, കെ ജി എന്‍ നമ്പൂതിരിപ്പാട്, എം എ കാസിംകണ്ണ് എന്നിവരെപ്പറ്റിയെല്ലാം ഞാനാദ്യം കേള്‍ക്കുന്നത് വൈയ്ക്കത്തെ ഞങ്ങളുടെ വീട്ടില്‍ അച്ഛനും അമ്മയും കൂടി നടത്തുന്ന സംഭാഷണങ്ങളിലൂടെ ആയിരുന്നു. പില്‍ക്കാലത്ത് അക്കാലത്തെ ചങ്ങനാശേരിയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കുറെക്കൂടി വൈകാരികമായി സുമതിയമ്മ പറഞ്ഞത് എന്റെ ഓര്‍മ്മയിലുണ്ട്. പാര്‍ട്ടിയായിരുന്നു സുമതിയമ്മയ്ക്കെല്ലാം. ജനയുഗം പത്രം ആദ്യവസാനം വായിക്കാതെ അവര്‍ ഉറങ്ങുമായിരുന്നില്ല. പത്രം മുടങ്ങിയാല്‍ ആ സഖാവിന് ഒരുതരം അസ്വസ്ഥതയാണ്. എത്രയോ പ്രാവശ്യം അവരെന്നെ വിളിച്ച് പത്രം വരാത്തതിനെപ്പറ്റി പരാതി പറഞ്ഞിരിക്കുന്നു. നമ്മുടെ ജനയുഗത്തിന് ദാരിദ്ര്യവും അതിന്റെ കുറവുകളും ഉണ്ടായിരിക്കാം. പക്ഷേ എത്രയും സ്നേഹവായ്പോടെ അതിനെ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്ന അറിവ് ജനയുഗത്തിന്റെ ഭാഗമായ നമ്മളെയെല്ലാം ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. പത്രപാരായണത്തിലൂടെയും രാഷ്ട്രീയ ബോധത്തിലൂടെയും ആർജിച്ച ആശയവ്യക്തതയാണ് ആ സാധാരണക്കാരിയായ കമ്മ്യൂണിസ്റ്റുകാരിയെ വീറുറ്റ വിപ്ലവകാരിയാക്കിയത്. കമ്മ്യൂണിസ്റ്റുകാർ നേരും നെറിയുമുള്ളവരാകണമെന്ന് സാധാരണ സംഭാഷണങ്ങളിൽ പോലും അവർ പറയുമായിരുന്നു. സുമതിയമ്മയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ പരിധി കേരളത്തിലൊതുങ്ങിയില്ല.

ഇന്ത്യയിലെയും ലോകത്തിലെയും സംഭവവികാസങ്ങളെപ്പറ്റി സംശയം ചോദിക്കാനും അഭിപ്രായങ്ങൾ പറയാനും ചിലപ്പോൾ വിമർശനം ഉന്നയിക്കാനും വേണ്ടി മാത്രം രാത്രി വൈകിയിട്ടും അവർ വിളിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അണികളെ രാഷ്ട്രീയം പഠിപ്പിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന പരാതി ആ അമ്മയ്ക്കുണ്ടായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൂടാത്ത കാര്യങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ അവർ ചോദിക്കുമായിരുന്നു. ആ ക്ഷോഭം ദേഷ്യത്തിന്റേതല്ല, നിറഞ്ഞ സ്നേഹത്തിന്റേതാണെന്ന് അവരെ അറിയാവുന്നവർക്കെല്ലാം പെട്ടെന്ന് മനസിലാവും. രാഘവൻ സഖാവിന്റെ മരണത്തോടു കൂടി സുമതിയമ്മയുടെ പ്രസരിപ്പ് പകുതിയായി കുറഞ്ഞു. എന്നാലും അവർ ശീലങ്ങളൊന്നും മാറ്റിയില്ല. കടയുടെ മേൽനോട്ടവും രാഷ്ട്രീയ ചർച്ചകളുമെല്ലാമായി അവർ സജീവമായിത്തന്നെ തുടരാൻ ശ്രമിച്ചു. ഏകദേശം ഒരു കൊല്ലം മുമ്പ് ആരോഗ്യം ക്ഷയിച്ച് സുമതിയമ്മ വീട്ടിലേക്ക് ചുരുങ്ങി. അന്നൊരിക്കൽ അവരെ കാണാനായി സി കെ ശശിധരന്‍, വി ബി ബിനു, മാധവൻ പിള്ള തുടങ്ങിയവരോടൊപ്പം ഞാനും പോയിരുന്നു. അനാരോഗ്യം മൂലം അവശയായിരുന്നെങ്കിലും അന്നും അവർ പറഞ്ഞതത്രയും പാർട്ടി കാര്യങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ശരികൾക്ക് വേണ്ടിയുള്ള സമരം തുടരുന്നത് നേതാക്കളുടെ മാത്രം നിശ്ചയപ്രകാരമല്ല. പാർട്ടിയെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന സുമതിയമ്മയെ പോലുള്ള പതിനായിരക്കണക്കിന് സഖാക്കൾ പാർട്ടിയെപ്പറ്റി പുലർത്തുന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലുമാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ എന്ന് പൊതുവിൽ പറഞ്ഞുപോരുന്ന ആശയങ്ങളല്ലാം ഈ പ്രതീക്ഷയോട് കടപ്പെട്ടിരിക്കുന്നു. അത് കളങ്കപ്പെടില്ല എന്ന് ഉറപ്പ് വരുത്താൻ എല്ലാ കമ്മ്യൂണിസ്റ്റുകാരും ബാധ്യസ്ഥരാണ്. താഴെയുള്ള സഖാക്കളോട് പാർട്ടി തീരുമാനപ്രകാരം പറയുന്ന കാര്യങ്ങളെല്ലാം പ്രാവർത്തികമാക്കാൻ നേതാക്കൻമാരും കടപ്പെട്ടവരാണ് എന്ന് സുമതിയമ്മ പറയുമായിരുന്നു. അത് ഘടകങ്ങളിലൊന്നും പെടാത്ത ഒരു പാർട്ടി അംഗത്തിന്റെ വിലാപമായി കാണേണ്ടതാണ്.


ഇതുകൂടി വായിക്കൂ:ആ പുഞ്ചിരി മായുന്നില്ല


നേതാക്കന്മാരെയെല്ലാം നേതാക്കന്മാരാക്കിയ, കമ്മ്യൂണിസ്റ്റ് പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയാക്കിയ ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആജ്ഞയാണത്. ആ ആജ്ഞയ്ക്ക് കാത് കൊടുത്തില്ലങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏതൊരു വലതുപക്ഷപാർട്ടിയെയും പോലെ ഉള്ളു പൊള്ളയായതായി മാറും. അപ്പോൾ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേർതിരിവിന്റെ വര മാഞ്ഞുമാഞ്ഞില്ലാതവും. വലതുപക്ഷത്തിന്റെ മൂലധനകേന്ദ്രീകൃതമായ ആശയങ്ങൾ നാനാപ്രകാരത്തിൽ സമൂഹത്തെ മലിനപ്പെടുത്തുന്ന കാലമാണിത്. അതിന്റെ വൈറസുകൾ ഇടതുപക്ഷത്തെയും കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതിനെ ചെറുക്കാനുള്ള നിതാന്തമായ ജാഗ്രതയാണ് കമ്മ്യൂണിസ്റ്റുകാർ പാലിക്കേണ്ടത്. ആ ജാഗ്രതപ്പെടുത്തൽ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയ കൂറുറ്റ ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വിയോഗവേളയിൽ നമുക്ക് നമ്മോട് തന്നെ ആ ജാഗ്രതപ്പെടുത്തൽ നടത്താം. കമ്മ്യൂണിസ്റ്റ് മൂല്യമാണ് നമ്മുടെ പതാകയുടെ പരിശുദ്ധിയെന്ന് നാം മറന്നുപോകരുതെന്ന് സുമതിയമ്മയും അവരെ പ്പോലെയുള്ള സാധാരണ സഖാക്കളും എല്ലാവരെയും ഓർമ്മപ്പെടുത്തും. പിൻകുറിപ്പ്: അമ്മ ബിനോയ് ചേട്ടനെ കാണണമെന്ന് പലവട്ടം പറഞ്ഞതായി രജിത അറിയിച്ചിരുന്നു. സാവകാശമായി പോകണമെന്ന് ഞാനും തീരുമാനിച്ചിരുന്നു. ഒടുവിൽ അവസാനമായി ഒന്ന് കാണാൻ കാത്തുനിൽക്കാതെ, സ്നേഹം നിറഞ്ഞ സംഭാഷണങ്ങൾക്ക് ഇടം തരാതെ സുമതിയമ്മ യാത്ര പറഞ്ഞു. സ്നേഹനിധിയായ ആ അമ്മയുടെ വാത്സല്യമേറ്റുവാങ്ങിയ എല്ലാ മക്കളുടെയും അന്ത്യാഭിവാദ്യമായി ഈ കുറിപ്പിനെ കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.