27 April 2024, Saturday

ആ പുഞ്ചിരി മായുന്നില്ല

ഡോ. എഴുമറ്റൂർ രാജരാജവർമ്മ 
July 28, 2023 4:15 am

സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായിരുന്ന മലയാളത്തിന്റെ അനന്യപ്രതിഭ എൻ കൃഷ്ണപിള്ള(1916–88)മൺമറഞ്ഞിട്ട് ജൂലൈ പത്തിന് 35 വർഷം തികഞ്ഞു. എന്നാൽ ആ ധന്യസ്മരണ നാൾക്കുനാൾ വളരുകയാണ്. ശരീരമാസകലം പങ്കെടുക്കുന്ന ആ പൊട്ടിച്ചിരി ഇന്നും ശിഷ്യരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും മനസിൽ പ്രകാശം ചൊരിഞ്ഞ് നിൽക്കുന്നു. ശിശുസഹജമായ നിഷ്കളങ്കമനസിന്റെ ഉടമയായിരുന്നു കൃഷ്ണപിള്ള. നന്മയുള്ള മനസിന്റെ പ്രതിഫലനമായിരുന്നു ആ നിറഞ്ഞ ചിരി. അതേവിശുദ്ധി എഴുത്തുകളിൽ കാത്തുസൂക്ഷിച്ച സാഹിത്യാചാര്യനാണദ്ദേഹം. എൻ കൃഷ്ണപിള്ള പ്രഗത്ഭനായ അധ്യാപകനായിരുന്നു. ആധുനിക മലയാള നാടകത്തിന്റെ ജാതകം തിരുത്തിയ ആചാര്യനായിരുന്നു. സൂക്ഷ്മഗ്രാഹിയായ ഗവേഷകനും കുശാഗ്രബുദ്ധിയായ വിമർശകനും ആയിരുന്നു. സമദർശിയായ സാഹിത്യചരിത്രകാരനും ഉത്തമ ബാലസാഹിത്യകാരനും പ്രഭാഷകനും സരസസംഭാഷണ ചതുരനും ആദർശധീരനും തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു.
ബഹുമുഖവ്യക്തിത്വത്തിന്റെ ഉടമയായി കേരളത്തിന്റെ സാംസ്കാരികരംഗത്ത് അര നൂറ്റാണ്ടിലേറെക്കാലം അദ്ദേഹം നിറഞ്ഞുനിന്നു . അർത്ഥപൂർണമായ ഒരു ജീവിതം ജീവിതവ്യമായ രീതിയിൽ ജീവിച്ച് വരുംതലമുറകൾക്ക് മാതൃകയായിത്തീർന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കില്‍ ചക്കാലവിളാകത്ത് വീട്ടിൽ പാർവതി അമ്മയുടെയും ആറ്റിങ്ങൽ കക്കാട്ട് മഠത്തിൽ കേശവരുടെയും പുത്രനായി 1916 സെപ്റ്റംബർ 22ന് ജനിച്ച കൃഷ്ണപിള്ള കഠിനാധ്വാനത്തിലൂടെയാണ് സാംസ്കാരികാചാര്യനായ എൻ കൃഷ്ണപിള്ളയായിത്തീർന്നത്. പഠിച്ച ശിവഗിരി മിഡിൽ സ്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും അധ്യാപകനായിരിക്കാൻ കൃഷ്ണപിള്ളയ്ക്ക് സാധിച്ചു. അരനൂറ്റാണ്ടിലേറെ അധ്യാപകനായിരുന്നു. 1972ൽ യൂണിവേഴ്സിറ്റി കോളജിലെ മലയാള വിഭാഗം അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പറഞ്ഞത്,‘എ ആർ രാജരാജവർമ്മയിൽ തുടങ്ങുന്ന ഒരു മഹിത പാരമ്പര്യത്തിന്റെ കണ്ണി ഇവിടെ മുറിയുന്നു’ എന്നാണ്.


ഇതുകൂടി വായിക്കൂ: പി കൃഷ്ണപിള്ളയുടെ ധീരതകളും സിഐഡിയായ കമ്മ്യൂണിസ്റ്റുകാരനും


വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിൽ ശ്രദ്ധിക്കുന്ന അധ്യാപകനായിരുന്നു കൃഷ്ണപിള്ള. ശിഷ്യസമ്പത്ത് ഏറ്റവും വലിയ ധന്യതയായി അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ വിമർശനത്തിന്റെ വിളഭൂമി ക്ലാസ് മുറികളാണ്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ‘എന്റെ ഏറ്റവും ധന്യനിമിഷങ്ങളിൽ പലതും ഞാൻ അനുഭവിച്ചിട്ടുള്ളത് ക്ലാസ് മുറികളിൽ ശിഷ്യരുമായി ഹൃദയസംവാദം ചെയ്യുമ്പോഴാണ്. കാലേക്കൂട്ടി പഠിക്കുകയും ചിന്തിക്കുകയും ചെയ്യൽ പൂർവപീഠികയായി ഞാൻ കൈക്കൊണ്ടിരുന്നെങ്കിലും ക്ലാസ് മുറികൾക്കകത്തു വച്ച് പഠിപ്പിക്കേണ്ട വിഷയത്തിലൂടെ ഏകാഗ്രമായി കടന്നു പോകുമ്പോഴാണ് സാഹിതീയമായ പല നൂതനാശയങ്ങളും ഉള്ളിൽ കിളിർത്തുപൊന്തിയിട്ടുള്ളത്’.
അധ്യാപകനാകുന്നതിനു മുമ്പുതന്നെ ഗവേഷകനും പ്രബന്ധകാരനും നാടകകൃത്തും ആയിക്കഴിഞ്ഞിരുന്നു അദ്ദേഹം. മലയാളനാടകത്തിന് ദിശാബോധം നൽകിയ ഭഗ്നഭവനം 1942ൽ പുറത്തുവന്നു. തമിഴ് സംഗീത നാടകങ്ങളും വിലകുറഞ്ഞ ഹാസ്യപ്രകടനങ്ങൾ കൊണ്ട് നിറഞ്ഞ പ്രഹസനങ്ങളും അരങ്ങുവാണിരുന്ന തിരുവനന്തപുരം നാടകവേദിയെയും അലസരായി പൊട്ടിച്ചിരിച്ച് ജീവിതത്തെ നിസാരമായി കണ്ടിരുന്ന പ്രേക്ഷക വൃന്ദത്തെയും ഞെട്ടിച്ച ആദ്യത്തെ മലയാള നാടകമാണ് ഭഗ്നഭവനം. ഇന്ദ്രിയങ്ങളും ബുദ്ധിയും ആത്മാവും വേദിയിൽ ബന്ധിച്ചിരുന്ന്, പിരിമുറുക്കത്തോടെ നാടകം കാണാനും നാടകം കണ്ട് മടങ്ങിയാലും ബുദ്ധിയെ വേട്ടയാടുന്ന ജീവിതചിന്തകളിൽ മുഴുകാനും ആസ്വാദക സമൂഹത്തെ പഠിപ്പിച്ച ആദ്യ മലയാള നാടകമാണ് ഭഗ്നഭവനം. തുടർന്ന് കന്യക, ബലാബലം, അനുരഞ്ജനം, മുടക്കുമുതൽ, അഴിമുഖത്തേക്ക് തുടങ്ങിയ നാടകങ്ങളെല്ലാം കുടുംബപശ്ചാത്തലത്തിൽ ഗൗരവമേറിയ സാമൂഹികപ്രശ്നങ്ങൾ വിശകലനം ചെയ്തു. വ്യക്തിയും വ്യക്തിയും തമ്മിൽ, വ്യക്തിയും സമൂഹവും തമ്മിൽ, സമൂഹവും സമൂഹവും തമ്മിൽ ഉണ്ടാകുന്ന സംഘട്ടനങ്ങൾക്ക് അറുതിവരണമെങ്കിൽ, വ്യക്തിക്കും സമൂഹത്തിനും സമാധാനം ലഭിക്കണമെങ്കിൽ പരസ്പരം അറിയുകയും പലതും ത്യജിക്കുകയും വിട്ടുവീഴ്ചയോടുകൂടി പെരുമാറുകയും വേണമെന്ന് നാടകകൃത്ത് ഉദ്ബോധിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ: ജീവിതം തൊടുന്ന കവിതകൾ


പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യ സിദ്ധാന്തങ്ങൾ ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കൃഷ്ണപിള്ള, ഒരു സിദ്ധാന്തത്തിന്റെയും വക്താവാകാതെ എല്ലാത്തിനെയും സമന്വയിപ്പിച്ചുള്ള തനിമയാർന്ന ഒരു വിമർശനമാതൃക സൃഷ്ടിച്ചു. അതാണ് വിമർശകൻ എന്ന നിലയിൽ കൃഷ്ണപിള്ളയുടെ മുഖ്യസംഭാവന. അതിന് ഭാരതീയമായ അടിത്തറയുണ്ട്. പ്രതിപാത്രം ഭാഷണഭേദം എന്ന വിഖ്യാതകൃതിയിൽ സി വി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാ ബഹദൂർ എന്നീ ചരിത്രാഖ്യായികകളിലെ കഥാപാത്രങ്ങളെ അവരുടെ ഭാഷണ ഭേദങ്ങൾ ആസ്പദമാക്കി പഠിക്കുകയും അതിലൂടെ സിവിയുടെ അത്ഭുതപ്രതിഭയെ കണ്ടെത്തുകയും ചെയ്യുന്നു. ശൈലീനിഷ്ഠമായ സാഹിത്യ വിമർശനത്തിന് മലയാളത്തിലുണ്ടായ പ്രകാശഗോപുരമാണ് പ്രതിപാത്രം ഭാഷണഭേദം.
വിമർശനവും ഗവേഷണവും ചരിത്രവും സമ്യക്കായി കൂട്ടിയിണക്കി മലയാളത്തിൽ വിരചിതമായ ആദ്യത്തെ സാഹിത്യചരിത്ര ഗ്രന്ഥമാണ് കൈരളിയുടെ കഥ. പണ്ഡിതന്മാർക്കും ഗവേഷകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാരായ സാഹിത്യകുതുകികൾക്കും എല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന മലയാള സാഹിത്യചരിത്രം. നമ്മുടെ ആഘോഷങ്ങൾ, ബിന്ദുക്കൾ സീതാപരിത്യാഗം, ഇരുളും വെളിച്ചവും, സമ്പൂർണ ജീവിതം തുടങ്ങിയുള്ള ബാലസാഹിത്യകൃതികൾ ‘ബാലരെ ഉത്തമരാക്കുന്ന സാഹിത്യമാണ് ഉത്തമ ബാലസാഹിത്യം’ എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. ഒരു വാക്കും പാഴിലാകാത്ത ആ പ്രഭാഷണം എപ്പോഴും പ്രൗഢഗംഭീരമായിരുന്നു. ഗ്രാമീണജീവിതത്തിന്റെ ഹൃദയനൈർമ്മല്യം കാത്തുസൂക്ഷിച്ച കൃഷ്ണപിള്ള എന്ന കാരണവർ തികഞ്ഞ മനുഷ്യസ്നേഹിയും ഉത്തമ കുടുംബനാഥനും ആയിരുന്നു. അഴകത്ത് സരസ്വതിക്കുഞ്ഞമ്മയായിരുന്നു ജീവിതപങ്കാളി. 1988 ജൂലൈ 10ന് അന്തരിച്ച എൻ കൃഷ്ണപിള്ളയുടെ സ്മരണകൾ നിലനിർത്തുന്നതിന് ശിഷ്യരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന് രൂപം നൽകി. തിരുവനന്തപുരത്ത് നന്താവനത്ത് സ്ഥിതി ചെയ്യുന്ന പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ആസ്ഥാനമന്ദിരത്തിൽ പ്രൊഫ. എൻ കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാല‑പഠനഗവേഷണകേന്ദ്രം, എം കെ ജോസഫ് മിനി തിയേറ്റർ, എൻ കൃഷ്ണപിള്ള മ്യൂസിയം, കുട്ടികളുടെ ഗ്രന്ഥശാല, മലയാളഭാഷാപഠന കേന്ദ്രം, ദൃശ്യ‑ശ്രാവ്യ നാടക പഠനകേന്ദ്രം, കൃഷ്ണ ഡിജിറ്റൽസ്: റെക്കോർഡിങ് — എഡിറ്റിങ് സ്റ്റുഡിയോ, നന്ദനം ബാലവേദി, എൻ കൃഷ്ണപിള്ള നാടകവേദി, സാഹിതീ സഖ്യം, വനിതാവേദി എന്നിങ്ങനെ വിവിധ ഘടകങ്ങൾ പ്രവർത്തിച്ചുവരുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.