21 January 2025, Tuesday
KSFE Galaxy Chits Banner 2

നവകേരള സദസ്സ്; തീരമേഖലയിൽ ആവേശക്കാറ്റായി പതിനായിരങ്ങൾ

സുരേഷ് എടപ്പാൾ
തിരൂർ
November 27, 2023 11:30 pm

നവകേരള സദസിനോട് നിസഹകരിക്കാനുള്ള ലീഗിന്റെയും കോൺഗ്രസിന്റെയും ആഹ്വാനം തള്ളി പതിനായിരങ്ങൾ നാടിന്റെ പുതിയ വികസനനയം രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിക്കൊപ്പം നിലയുറച്ചപ്പോൾ ആവേശം അലകടലായി. പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിൽ സ്വീകരണം ജനസാഗരത്തെ സാക്ഷിയാക്കി അവിസ്മരണീയമായ അനുഭവമായി.
ലീഗിന്റെയും കോൺഗ്രസിന്റെയും പ്രദേശിക നേതാക്കളടക്കം നിരവധി പേർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് തങ്ങൾ അടക്കം ഒട്ടേറെ പേർ നേരിട്ടെത്തി. രാവിലെ തിരൂരിൽ പ്രത്യേക ക്ഷണിതാക്കളുമായി ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് ആശയങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞശേഷം ചരിത്രനഗരമായ പൊന്നാനി ഹാർബറിലായിരുന്നു ആദ്യ സ്വീകരണം.

തിരൂരിലെ വാർത്താസമ്മേളനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും ഉൾപ്പെയുള്ളവർ ഹാർബറിലെ വേദിയിലെത്തിയപ്പോൾ പൊന്നാനിയുടെ ചരിത്രത്തിലെ വലിയ ജനസഞ്ചയമായിരുന്നു കടൽക്കരയിൽ. കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ശക്തമായി ആഞ്ഞടിച്ച മുഖ്യമന്ത്രി ജനങ്ങളെ അണനിരത്തി കേന്ദ്രത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുമെന്നും അറിയിച്ചു. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം നവകേരള സദസിനെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അവർ ജനപങ്കാളിത്തം കണ്ട് വിറയിലാണ്- മുഖ്യന്ത്രി വിമർശിച്ചു. ഉച്ചയ്ക്ക് ശേഷം കെ കേളപ്പന്റെ തട്ടകമായ തവനൂർ മണ്ഡലത്തിലെ എടപ്പാളിലായിരുന്നു സദസ്. ശക്തമായ വെയിലിനെ കൂസാതെ നട്ടുച്ച മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ എത്തി. സമയകൃത്യത പാലിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയപ്പോൾ ആവേശം അണപൊട്ടി. നാടിന്റെ കലവറയില്ലാത്ത പിന്തുണ അറിയിച്ച് ജനം ആർപ്പു വിളിച്ചു. 

ഭാഷാപിതാവിന്റെ മണ്ണായ തിരൂരിലെത്തിയപ്പോൾ ജിബിഎച്ച്എസ്എസ് മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു. ജനങ്ങൾ വേനൽച്ചൂടിനെ മറന്ന് അധ്യാപകരുടെ സാംസ്കാരിക കൂട്ടായ്മയായ ജ്വാല അവതരിപ്പിച്ച കലാപരിപാടികൾ ആസ്വദിക്കുകായിയിരുന്നു.
താനൂർ മണ്ഡലത്തിലെ ഉണ്യാലിലായിരുന്നു നവകേരള സദസിന്റെ സമാപനം. വലിയ പ്രതീക്ഷകളുമായി എത്തിയ മത്സ്യത്തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു വന്നെത്തിയവരിലേറെയും. പാവങ്ങളുടെ കണ്ണീരൊപ്പാൻ, കൈത്താങ്ങാകാൻ കെല്പുള്ള ഭരണനേതൃത്വത്തിലുള്ള ഉറച്ച പ്രതീക്ഷ തന്നെയായിരുന്നു അവരുടെ കണ്ണുകളിൽ. പൊരുതുന്ന ജനതയ്ക്ക് വഴികാട്ടുന്ന ജനനേതാക്കളോടുള്ള സ്നേഹാദരവിന്റെ അടയാളങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും സംഘവും രാത്രിയോടെ ഉണ്യാലിൽ നിന്ന് യാത്രയായത്. ഇന്ന് വള്ളിക്കുന്ന് മണ്ഡലം സദസ് രാവിലെ 11ന് കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ് വൈകുന്നേരം 4.30ന് സബാഹ് സ്ക്വയറിലും, കോട്ടക്കൽ മണ്ഡലം സദസ് വൈകിട്ട് ആറിന് ആയുർവേദ കോളജ് ഗ്രൗണ്ടിലും നടക്കും. 

Eng­lish Summary:Tens of thou­sands were swept away in the coastal region
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.