19 December 2025, Friday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

ബാങ്കിങ് മേഖലയുടെ സ്വകാര്യവല്‍ക്കരണം പരാജയപ്പെടുത്തണം

Janayugom Webdesk
December 3, 2023 5:00 am

ബാങ്കിങ് മേഖലയിലെ എണ്ണപ്പെട്ട ട്രേഡ് യൂണിയൻ നേതാവ് എച്ച് എൽ പർവാനയുടെ ജന്മശതാബ്ദി നവംബർ മൂന്നിനായിരുന്നു. ഇതേ നാൾ അദ്ദേഹത്തെയും രാജ്യത്തെ ബാങ്കിങ് വ്യവസായ ചരിത്രത്തിൽ ആദ്ദേഹം നൽകിയ സംഭാവനകളെയും ഇടപെടലുകളെയും കൃതജ്ഞതയോടെ ഓർമ്മിച്ചു. ചൂഷണങ്ങളും നിഷേധങ്ങളും ഇല്ലായ്മകളും അപമാനങ്ങളും അനുഭവിക്കുന്ന ബാങ്ക് ജീവനക്കാരുടെ വിടുതലിനായി അദ്ദേഹം പരിശ്രമിച്ചു. പർവാനയുടെ കാഴ്ചപ്പാടും അനിതരസാധാരണമായ നേതൃഗുണങ്ങളും ബാങ്ക് ജീവനക്കാർക്ക് എന്നും പ്രചോദനമാണ്. സഖാവ് എൽ പർവാനയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നാഗ്പൂരിലെ പർവാന ഭവനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചാബിലെ ഒരു ഇടത്തരം കുടുംബത്തിലാണ് പർവാനയുടെ ജനനം. മിടുക്കനായ വിദ്യാർത്ഥിയും പരീക്ഷകളിലെ റാങ്ക് ജേതാവുമായിരുന്നു അദ്ദേഹം. സ്കൂളിലേക്ക് പത്ത് കിലോമീറ്റർ അകലമുണ്ടായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളായിരുന്ന ലാലാ ലജ്പത് റായ്, ഭഗത് സിങ് തുടങ്ങിയവരായിരുന്നു ആരാധനാ പാത്രങ്ങൾ. ജാലിയൻ വാലാബാഗ് കൂട്ടക്കൊല ഉണങ്ങാത്ത മുറിവായിരുന്നു മനസിൽ. മെട്രിക്കുലേഷനിൽ ഒന്നാം റാങ്ക് നേടിയെങ്കിലും കൂടുതൽ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിട്ടും ജോലി തിരഞ്ഞെടുക്കേണ്ടി വന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഉറുദുവിൽ ബിരുദം നേടി. സഹോദരൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തെ തുടർന്ന് പർവാന ബാങ്കിൽ ഒരു യൂണിയൻ സംഘടിപ്പിച്ചു. വലിയൊരു തുടക്കമായിരുന്നു അത്. രാജ്യത്തിന്റെ വികാസം ജനങ്ങളുടെ ദിശാബോധത്തെയും ബാങ്കിങ് മേഖലയുടെ ശക്തിയെയും വിപുലീകരണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഇത്തരമൊരു സംവിധാനം സാധ്യമാക്കാൻ ബാങ്കുകളുടെ ദേശസാൽക്കരണം അനിവാര്യമായിരുന്നു. രാജ്യത്തെ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി കെട്ടിപ്പടുക്കുക എന്നതാണ് ഭരണഘടനയിൽ ലക്ഷ്യമായി രൂപപ്പെടുത്തിയത്. പുരോഗതിയുടെ സാധ്യത ബാങ്കിങ് സ്ഥാപനങ്ങൾ ഉറപ്പാക്കുന്ന സാമ്പത്തിക സൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം പുരോഗതിക്കും വികസനത്തിനും ബാങ്കിങ് സംവിധാനത്തിന്റെ പിന്തുണയുള്ള ജനാധിഷ്ഠിത പാത തിരഞ്ഞെടുക്കുകയായിരുന്നു. 1951ലെ ആദ്യ പഞ്ചവത്സര പദ്ധതിയിൽ തന്നെ ഇത് പ്രകടവുമായിരുന്നു. 1969 ജൂലൈ 19ന് സർക്കാർ 14 ബാങ്കുകളെ ദേശസാൽക്കരിച്ചു. 14 സ്വകാര്യ വാണിജ്യ ബാങ്കുകളായിരുന്നു ദേശസാൽക്കരിക്കപ്പെട്ടത്.


ഇതുകൂടി വായിക്കൂ:സഹകരണ സംഘങ്ങള്‍ക്കെതിരായ ആര്‍ബിഐ നിലപാട്


രണ്ടാം ഘട്ടത്തിൽ, 1980 ഏപ്രിൽ 15ന് അന്നത്തെ സർക്കാർ 200 കോടി രൂപ മൂലധനമുള്ള ആറ് സ്വകാര്യ ബാങ്കുകൾ കൂടി ദേശസാൽക്കരിച്ചു. ബാങ്കുകൾ ദേശസാൽക്കരിക്കപ്പെടുന്നതിന് മുമ്പ്, രണ്ടാം ലോക മഹായുദ്ധത്തിൽ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക മേഖല മുഴുവൻ നഷ്ടത്തിൽ മുങ്ങിയിരുന്നു. തൽഫലമായി, മുതലാളിത്ത രാജ്യങ്ങളാണ് അതാത് രാജ്യങ്ങളിൽ സ്വദേശിവൽക്കരണ പ്രക്രിയകൾക്ക് തുടക്കമിട്ടത്. ഇന്ത്യയും അപവാദമായിരുന്നില്ല. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ കുത്തകവൽക്കരണം തടയുന്നതിനായിരുന്നു ഇവിടെ നടപടി സ്വീകരിച്ചത്. ഗ്രാമീണ മേഖലകളിലേക്കും ബാങ്കുകൾക്ക് പ്രവർത്തനം വ്യാപിപ്പിക്കേണ്ടതുണ്ടായിരുന്നു. 1968വരെ ബാങ്കുകളെല്ലാം സ്വകാര്യവ്യവസായികളുടെ കുത്തകയായിരുന്നു. 1951നും 1968നും ഇടയിൽ സ്വകാര്യ ബാങ്കുകൾ വിതരണം ചെയ്ത വായ്പയിൽ വ്യവസായത്തിന്റെ വിഹിതം 34 ശതമാനത്തിൽ നിന്ന് 68 ശതമാനമായി വർധിച്ചിരുന്നു. കാർഷിക മേഖലയ്ക്ക് ആകെ ലഭിച്ചത് രണ്ട് ശതമാനത്തിൽ താഴെയായിരുന്നു. ബാങ്കിങ് ഇടപാടുകളിൽ ജനങ്ങളുടെ വിശ്വാസം വളരെ കുറവായിരുന്നു. ഇത് ഇന്ത്യയിലെ ബാങ്കിങ് വിപുലീകരണത്തിന് വലിയ തടസവുമായിരുന്നു. ദേശസാൽക്കരണം ബാങ്കുകളെ നഗരങ്ങളിൽ നിന്ന് പുറത്തിറക്കി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ശാഖകള്‍ തുറക്കാൻ തുടങ്ങി. ദേശസാൽക്കരണം സമസ്തമേഖലകളെയും മുൻഗണനാടിസ്ഥാനത്തിൽ മാറ്റിമറിച്ചു.

ഭക്ഷ്യസുരക്ഷയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള ഹരിതവിപ്ലവത്തിലേക്ക് ചുവടുവയ്ക്കുകയും ഈ പ്രക്രിയയെ ശക്തിപ്പെടുത്തുകയും ചെയ്തു ദേശസാൽക്കരണം. മൊത്ത ആഭ്യന്തര സമ്പാദ്യം ഏതാണ്ട് ഇരട്ടിയായി. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ ഏകദേശം 800 ശതമാനം വർധനയും വായ്പകൾ 11,000 ശതമാനവും ഉയർന്നു. മൊത്തം ബാങ്ക് വായ്പയിൽ ചെറുകിട വ്യവസായ യൂണിറ്റുകളുടെ പങ്ക് 1968 ജൂണിൽ ആറ് ശതമാനമായിരുന്നത് 1973 ജൂണിൽ 12 ശതമാനമായി വര്‍ധിച്ചു. മൊത്തം വായ്പയിലും നിക്ഷേപത്തിലും ഗ്രാമീണ മേഖലകളുടെ വിഹിതത്തിൽ സ്ഥിരമായ വർധനവ് രേഖപ്പെടുത്തി. നരേഷ് പാൽ, പ്രഭാത് കർ, സുധിൻ ബിശ്വാസ്, താരകേശ്വര്‍ ചക്രവർത്തി തുടങ്ങിയ ബാങ്ക് ട്രേഡ് യൂണിയൻ നേതാക്കൾ എച്ച് എൽ പർവാനയ്ക്കൊപ്പം ദേശസാൽക്കരണ പ്രക്രിയ യാഥാര്‍ത്ഥ്യമാക്കാൻ നിലകൊണ്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 25 എംപിമാർ ജനകീയ പ്രശ്നങ്ങളുടെ സംരക്ഷകരായി. ഇപ്പോൾ എല്ലാ കണക്കുകളും ജനപക്ഷത്തുനിന്ന് വളരെ അകലെയാണ്. 2023 മാർച്ചിലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ മൊത്ത പ്രവർത്തന ലാഭം 2,28,414 കോടി രൂപയാണ്. അറ്റാദായം 1,00,814 കോടിയും. ലാഭത്തിന്റെ ഭൂരിഭാഗവും, കൃത്യമായാൽ അതിന്റെ 56 ശതമാനം കുത്തകകൾക്കുള്ള കിട്ടാക്കടങ്ങളായോ അവ എഴുതിത്തള്ളാനോ ഉപയോഗിക്കുന്നു. അങ്ങനെ ജനങ്ങളുടെ പണം കുത്തകമുതലാളിത്ത സംരംഭങ്ങൾ കൊള്ളയടിക്കുന്നു. ബാങ്കുകളുടെ ദേശസാൽക്കരണത്തിനായി പോരാടിയതുപോലെ, പൊതുമേഖലാ ബാങ്കുകൾക്ക് വേണ്ടി നിലകൊള്ളുകയും സ്വകാര്യവൽക്കരണത്തിലേക്കുള്ള പടവുകളെ പരാജയപ്പെടുത്താൻ പോരാടുകയും ചെയ്യേണ്ട വർ‍ത്തമാനത്തിലാണ് ഇപ്പോൾ രാജ്യം.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.