20 November 2024, Wednesday
KSFE Galaxy Chits Banner 2

ബജറ്ററി കമ്മിയും മൂലധനനിക്ഷേപ വര്‍ധനവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 8, 2023 4:30 am

കോവിഡനന്തര കാലഘട്ടത്തില്‍, നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണല്ലോ കടന്നു പോകുന്നത്. എന്നാല്‍ കേന്ദ്രത്തിലെ മോഡി സര്‍ക്കാര്‍ ധനകാര്യ മാനേജ്മെന്റില്‍ അങ്ങേയറ്റം മിതത്വവും കാര്യക്ഷമതയുമാണ് പുലര്‍ത്തിവരുന്നതെന്നാണ് അവകാശപ്പെടുന്നത്. നികുതി പിരിവിലൂടെയുള്ള വരുമാനവുമായി കോര്‍ത്തിണക്കിയുള്ള ചില കണക്കുകള്‍ ആധാരമായി നിരത്തുന്നുമുണ്ട്. 2023–24 ധനകാര്യ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ നികുതി വരുമാനവര്‍ധനവ് 15 ശതമാനമാണെന്നും ഈ നിരക്ക് ബജറ്റില്‍ നിജപ്പെടുത്തിയ 11 ശതമാനത്തിലേറെയാണെന്നും അവകാശമുന്നയിക്കുന്നു. പൊതുമേഖലാ നിക്ഷേപം പിന്‍വലിക്കല്‍ പ്രക്രിയ പരാജയമായിരുന്നെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ നിന്നും ആര്‍ബിഐയില്‍ നിന്നുമുള്ള വര്‍ധിച്ച ലാഭവിഹിതം ഈ വിടവ് നികത്താന്‍ സഹായകമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയാണ്.
അതേയവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചെലവുകളുടെ വിഷയം പരിഗണിക്കുമ്പോഴാണ്, ബജറ്റില്‍ വിഭാവനം ചെയ്ത ധനക്കമ്മിയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമോ എന്ന പ്രശ്നം പ്രസക്തിയാര്‍ജിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിജപ്പെടുത്തിയിരിക്കുന്ന വാര്‍ഷിക ധനക്കമ്മി ജിഡിപിയുടെ 5.9ശതമാനമാണ്. ഇതനുസരിച്ചാണെങ്കില്‍ 2023–24ലെ ആദ്യപകുതിയിലേക്കുള്ള ചെലവിന്റെ കണക്ക് താളംതെറ്റുന്നതായി അംഗീകരിക്കേണ്ടിവരും. ഇവിടെ വെളിപ്പെടുന്നത് ഒരു ഗുണദോഷ സമ്മിശ്രമായ സ്ഥിതിവിശേഷമാണ്.
മൂലധന ചെലവില്‍ 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കൈവരിച്ച വര്‍ധന 43 ശതമാനം വരെ എത്തുകയും ചെയ്തു. ലക്ഷ്യമിട്ട വാര്‍ഷിക വര്‍ധനയായ 36ല്‍ നിന്നാണ് ഏഴ് ശതമാനം അധികനേട്ടം. ഈ തോതിലുള്ള പൊതു മൂലധനനിക്ഷേപ വര്‍ധന, സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഉത്തേജനം നല്‍കുന്നതിനു പുറമെ, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും സ്വന്തം ബജറ്റുകളില്‍ മൂലധന നിക്ഷേപത്തുക ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് വസ്തുത. കേന്ദ്രത്തിന്റെ മൊത്തം മൂലധന ചെലവായ 10 ലക്ഷം കോടിയുടെ 13 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: രഥ പ്രഭാരി; വിവാദവും തെരഞ്ഞെടുപ്പ് കമ്മിഷനും


റവന്യു വരുമാനവും റവന്യു ചെലവും തമ്മിലുള്ള അന്തരമെന്ന നിലയില്‍ റവന്യു കമ്മി ഏറെക്കാലമായി ഉയര്‍ന്ന നിലയിലാണ് കേന്ദ്ര – സംസ്ഥാന – പ്രാദേശിക സര്‍ക്കാര്‍തലങ്ങളില്‍ നിലവിലുള്ളത്. റവന്യു വരുമാനം കുറവാണെന്നതിന്റെ പേരില്‍ ചെലവ് കുറയ്ക്കുക പ്രയാസമാണ്. എന്നാല്‍, ഈ വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒരു തീരുമാനമെടുത്തു. അവര്‍ റവന്യു ചെലവിനുമേല്‍ കര്‍ശനമായി തന്നെ പിടിമുറുക്കി. ഈ ഇനത്തിലുള്ള ചെലവ് ജിഡിപിയുടെ 1.4ശതമാനം എന്ന നിലയില്‍ 35ലക്ഷം കോടി രൂപയില്‍ പരിമിതപ്പെടുത്തിയെങ്കിലും ഇത് വിജയം കണ്ടില്ല. ധനകാര്യ വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ തന്നെ, റവന്യു കമ്മി 10ശതമാനത്തോളമായി ഉയര്‍ന്നു.
റവന്യു ചെലവ് പരിധി വിടാതിരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളും പരാജയപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ റവന്യു ചെലവില്‍ 9.5ശതമാനം വരെ വര്‍ധനവ് വരുത്തിയതും അപൂര്‍വമല്ല. ധനകാര്യ വര്‍ഷത്തിന്റെ ഒരു പകുതിയില്‍തന്നെ ഇത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്രം പരിധിവിട്ടത് 46ശതമാനത്തോളമാണെങ്കില്‍ 23സംസ്ഥാനങ്ങളുടെ വക പരിധി ലംഘനം 42ശതമാനം വരെയാണ്. ബജറ്റ് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഏറെക്കുറെ ഇതായിരിക്കും പൊതു പ്രവണത.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏതുവിധേനയും റവന്യു ചെലവിനുമേല്‍ നിയന്ത്രണം അസാധ്യമാക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായിരിക്കുകയാണ്. അടുത്തദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍ മാത്രമാണ് റവന്യു ചെലവ് നിര്‍ദിഷ്ട 9.6ശതമാനം പരിധി സംരക്ഷിക്കാന്‍ കഴിയുന്ന നിലയില്‍ തുടരുന്നത്. മറ്റ് സംസ്ഥാനങ്ങളെല്ലാം പരിധിക്ക് ഏറെ അപ്പുറത്താണുള്ളത്. ഛത്തീസ്ഗഢ്‍ 25, മധ്യപ്രദേശ് 19, തെലങ്കാന 18, മിസോറാം 12ശതമാനം എന്നിങ്ങനെയാണ് അധിക വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നിന്നും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാഠം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു മുന്നിലെ വരുമാന സ്രോതസ് ശൂന്യമാണെങ്കിലും ചെലവിന്റെ ടാപ്പുകളെല്ലാം പൂര്‍ണമായും തുറന്നു കിടക്കുകതന്നെ ചെയ്യും എന്നാണ്. ഇത്തരമൊരു കാലാവസ്ഥയില്‍ ധാരാളിത്തമായിരിക്കും വ്യാപകമായിരിക്കുക, അത് കേന്ദ്രത്തിലായാലും സംസ്ഥാന – പ്രാദേശിക ഭരണതലങ്ങളിലായാലും. പരസ്പരം പഴിചാരല്‍ അനുസ്യൂതം നിലവിലിരിക്കുന്ന ഒരു പ്രക്രിയയുമായിരിക്കും.
ഇത്തരമൊരു പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ അച്ചടക്കവും മിതത്വം പാലിച്ചുകൊണ്ട് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ തുടരാനുള്ള സാധ്യതയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിന് ഒറ്റയടിക്ക് ഉത്തരം പറയുക സാധ്യമല്ല. സൗജന്യ ഭക്ഷ്യവിതരണ പദ്ധതി അഞ്ച് വര്‍ഷക്കാലത്തേക്കുകൂടി ദീര്‍ഘിപ്പിച്ച പ്രഖ്യാപനവും കൈത്തൊഴിലുകാര്‍ക്കും ശില്പികള്‍ക്കും ധനകാര്യ പ്രോത്സാഹനങ്ങള്‍ അനുവദിക്കാനുള്ള തീരുമാനവും കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ പ്രതിസന്ധിക്കുമേല്‍ ആഘാതമേല്പിക്കുകതന്നെ ചെയ്യും. വരാനിരിക്കുന്ന മാസങ്ങളിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും മത, ജാതി സമുദായ പ്രീണനത്തിന്റെയും ഭാഗമായി കൂടുതല്‍ സൗജന്യ പദ്ധതികള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ 2024–25 ബജറ്റില്‍ അതിന്റെ പ്രതിഫലനം അനുഭവപ്പെടാതിരിക്കുകയുമില്ല.


ഇതുകൂടി വായിക്കൂ: അതിതീവ്ര സാമ്പത്തിക കടന്നാക്രമണം


അതേ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിനോടൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍ക്കും നേരിയ ഒരാശ്വാസമെന്ന് അവകാശപ്പെടാന്‍ കഴിയുക, നികുതി വരുമാനത്തില്‍ ക്രമേണ വര്‍ധന രേഖപ്പെടുത്തുന്നു എന്നതു മാത്രമാണ്. നടപ്പു ധനകാര്യവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വര്‍ധനവിന്റെ തോത് 12 ശതമാനത്തോളമാണ്. എന്നാല്‍, കോവിഡ് എന്ന മഹാമാരിയും അപ്രതീക്ഷിതമായ പ്രകൃതികോപങ്ങളുടെയും കെടുതികളുടെയും പശ്ചാത്തലത്തില്‍ പൊതുവിപണിയില്‍ നിന്നുള്ള കടത്തിന്റെ തോത് ഉയര്‍ത്താതിരിക്കുന്ന കേന്ദ്ര നിലപാടില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് അതിശക്തമായ പ്രതിഷേധവുമുണ്ട്.
കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നികുതി വരുമാനത്തില്‍ കാണപ്പെടുന്ന ഊര്‍ജസ്വലത ഒട്ടേറെ ആശാവഹമായൊരു സാഹചര്യമാണ് സൃഷ്ടിക്കുക. ഏതായാലും 10 ലക്ഷംകോടി‍ മൂലധന ചെലവ് എന്ന ലക്ഷ്യം നേടണമെങ്കില്‍ ധനകാര്യ വര്‍ഷത്തില്‍ ശേഷിക്കുന്ന കാലയളവില്‍ മൂലധന ചെലവ് 55ശതമാനമെന്ന തോതില്‍ ഉയര്‍ത്തിയേതീരൂ. ഈ ലക്ഷ്യം നേടാന്‍ എത്രമാത്രം കഴിയുമെന്നതാണ് ഒരു ദശലക്ഷം ഡോളര്‍ ചോദ്യമായി അവശേഷിക്കും. ഈ ചോദ്യത്തിന് തൃപ്തികരവും കൃത്യവുമായൊരു വിശദീകരണമില്ലാതെ, കേന്ദ്ര സര്‍ക്കാരിന് ഒരു മില്ലിമീറ്ററെങ്കിലും മുന്നോട്ടു നീങ്ങാന്‍ കഴിയാതെവരും. മറിച്ചാണെങ്കില്‍ റവന്യു വരുമാന വര്‍ധനവിനുള്ള ഇടം വിരളമാണെന്നിരിക്കെ, ധനക്കമ്മി നിര്‍ദിഷ്ട തലത്തില്‍ നിര്‍ത്താന്‍ കഴിയുകയുമില്ല. അപ്പോള്‍ ധനകാര്യ മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം കേന്ദ്ര ഭരണകൂടത്തിന് മുന്നിലുള്ളത് ‘ഹോബ് സണ്‍സ് ചോയ്സ്’ മാത്രമാണ്. അതായത് മാര്‍ഗമില്ലാത്ത അവസ്ഥ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മൂലധന ചെലവില്‍ കുറവുവരുത്തുക മാത്രമായിരിക്കും രക്ഷാമാര്‍ഗം എന്നര്‍ത്ഥം.
ഇത്തരമൊരു സ്ഥിതി ഇന്ത്യ ഇന്‍ കോര്‍പറേറ്റഡിനെ സംബന്ധിച്ചിടത്തോളം സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ഒന്നായിരിക്കും. കാത്തിരുന്നു കാണുകതന്നെ. കാരണം, കോര്‍പറേറ്റ് ലോകത്തിന് പിടിച്ചുനില്‍ക്കാനാവാത്തൊരു അവസ്ഥാ വിശേഷമായിരിക്കും സംജാതമാവുക എന്നതുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.