17 November 2024, Sunday
KSFE Galaxy Chits Banner 2

നിലപാടുകളില്‍ ഉറച്ചുനിന്ന സൗമ്യനായ നേതാവ്: വിനയൻ

സംവിധായകൻ
December 9, 2023 9:18 pm

73 വർഷം കൂടെക്കൊണ്ടു നടന്ന എൻെറ ഒരു കാല് കൊണ്ടുപോയി പക്ഷേ അതുകൊണ്ടൊന്നും ഞാൻ തോൽക്കില്ല വിനയാ… അമൃതാ ഹോസ്പിറ്റലിൽ വച്ചു കാനം ഇതു പറഞ്ഞിട്ട് മൂന്നോ നാലോ ദിവസമേ ആയുള്ളു. കാലില്ലെങ്കിലും നൃത്തം ചെയ്ത് വിസ്മയിപ്പിച്ച നടി സുധാചന്ദ്രനെക്കുറിച്ചും കാലു മുറിച്ചുമാറ്റിയിട്ടും തളരാതെ കർമ്മനിരതനായി പൊരുതി ജീവിച്ച തോപ്പിൽ ഭാസിയെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. പക്ഷേ തോപ്പിൽ ഭാസി മരിച്ച അതേദിവസം തന്നെ കാല് കൊണ്ടുപോയ വിധിയുടെ കൂടെ കാനവും യാത്രയായി എന്നു കേട്ടപ്പോൾ തീർത്തും സ്തബ്ധനായിപ്പോയി.

പരസ്പരം ആക്രോശിക്കുകയും പറയാൻ പാടില്ലാത്ത പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയിൽ വേറിട്ട വ്യക്തിത്വമായിരുന്നു സൗമ്യനും സ്നേഹ സമ്പന്നനുമായ കാനം രാജേന്ദ്രൻ. 2008ൽ മലയാള സിനിമ മൊത്തം ഒരുഭാഗത്തും ഞാൻ ഒറ്റയ്ക്കു മറുഭാഗത്തും നിന്നു പൊരുതിയ കാലത്താണ് കാനത്തെ ആദ്യമായി പരിചയപ്പെടുന്നത്. സിനിമാക്കാർ എല്ലാം തള്ളിപ്പറഞ്ഞ ആ അവസ്ഥയിൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് എന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു വിനയന്റെ ഭാഗത്താണ് ന്യായം, വിനയന്റെ ഭാഗത്താണ് സത്യം ഞങ്ങൾ കൂടെയുണ്ട്. അതായിരുന്നു കാനം. ഒടുവിൽ സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തി അനുകൂല വിധി വാങ്ങി വന്നപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരാൾ കാനമായിരുന്നു.

ഇന്ത്യയിലെ എല്ലാ പ്രമുഖ സ്റ്റേറ്റുകളിലും സിനിമാത്തൊഴിലാളികൾക്കായി ട്രേഡ് യൂണിയൻ വന്നതിനു ശേഷം ഏതാണ്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞാണ് 2007ൽ കേരളത്തിലെ സിനിമാ തൊഴിലാളികളുടെ ആദ്യ ട്രേ‍‍ഡ് യൂണിയനായ മാക്ട ഫെഡറേഷൻ രൂപീകരിച്ചത്. മലയാള സിനിമാ തൊഴിലാളികൾക്കും ടെക്നീഷ്യൻമാർക്കും അവരുടെ സേവന വേതന കാര്യങ്ങളിൽ ന്യായമായ വ്യവസ്ഥയും വർധനയും ഉണ്ടാക്കാൻ തുടക്കമിട്ടത് മാക്ട ഫെഡറേഷനാണ്. സിനിമയിലെ ദിവസക്കൂലിക്കാരായ തൊഴിലാളികളോടും ജുനിയർ ആർട്ടിസ്റ്റുകളോടുമുള്ള അവഗണന വലിയ രീതിയിൽ മാറ്റി എടുക്കാനും മാക്ട ഫെഡറേഷനു കഴിഞ്ഞു. പല പ്രമുഖ സിനിമാക്കാർക്കും സംഘടന കണ്ണിലെ കരടായിരുന്നു. 

സൂപ്പർസ്റ്റാറായിരുന്ന ഒരു നടൻ കാണിച്ച അച്ചടക്കലംഘനത്തിനെതിരെ വിരൽചൂണ്ടിയെന്ന കാരണത്താൽ മലയാള സിനിമയിലെ പ്രമുഖരെല്ലാവരും ആ നടന്റെ കൂടെ മാക്ട ഫെഡറേഷൻ തകർക്കാൻ വേണ്ടി സംഘംചേർന്നു നിന്നപ്പോൾ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ ഒറ്റപ്പെടുകയായിരുന്നു. അന്ന് എന്നെ ചേർത്ത് നിർത്തുകയും അഭിനന്ദിക്കുകയും ചെയ്ത കാനം മനസിൽ നിറഞ്ഞു നിൽക്കുന്നു. മാക്ട ഫെഡറേഷൻ എന്ന തൊഴിലാളി സംഘടനയുടെ പ്രസിഡന്റായി ചെറിയ കാലയളവിലെങ്കിലും കാനം പ്രവർത്തിച്ചിരുന്നു എന്നത് ചരിത്രസത്യം. അന്ന് എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു കാനം. 

ഒരു തിരുത്തൽ ശക്തിയായി നിന്ന് ഇടതുപക്ഷത്തിന്റെ വലിയ പ്രതീക്ഷയായി ഉയർന്ന കാനം ഇടക്കാലത്തു മൗനിയായോ എന്ന് ചോദിച്ച് അദ്ദേഹവുമായി ഞാൻ കലഹിച്ചിട്ടുണ്ട്.പലപ്പോഴും കാർക്കശ്യമായിപ്പോയ എന്റെ ചോദ്യങ്ങൾക്ക് സ്നേഹത്തിന്റെ ഭാഷയിൽ അദ്ദേഹത്തിന്റേതായ രാഷ്ട്രീയ വിശകലനങ്ങൾ തന്ന് കാനം ആശ്വസിപ്പിച്ചിരുന്നു. സിനിമാ വിലക്കുകളുടെ കാലത്ത് “ഹോർട്ടി കോർപ്പിന്റെ” ചെയർമാൻ സ്ഥാനം ഞാൻ ഏറ്റെടുക്കാൻ കാരണം കാനത്തിന്റെ നിർബന്ധം ഒന്നു മാത്രമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ വിജയത്തിനു ശേഷം ഇനി ശുരനാടു കലാപത്തെക്കുറിച്ചൊരു സിനിമ ചെയ്യണമെന്ന് കാനം പറയുമായിരുന്നു. സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഒക്കെ ആധികാരികമായി അദ്ദേഹം സംസാരിക്കുമായിരുന്നു. ഭരണാധികാരത്തിന്റെ സൗകര്യങ്ങളൊന്നും തേടിപ്പോകാത്ത, നാട്യങ്ങളില്ലാത്ത മാന്യനായ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു കാനം. 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.