22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 14, 2024
November 10, 2024
October 28, 2024
October 28, 2024
October 27, 2024
October 27, 2024
October 22, 2024
October 17, 2024
October 14, 2024

ലോക്സഭയില്‍ സുരക്ഷാവീഴ്ച: യുവതിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍, പാസ് ബിജെപി എംപി നല്‍കിയത്, വീഡിയോ

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2023 2:30 pm

പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ ഗുരുതരസുരക്ഷാ വീഴ്ച. ബിജെപി എംപിയുടെ ശുപാര്‍ശയോടെ സന്ദര്‍ശക ഗാലറിയിലെത്തിയ രണ്ടുപേര്‍ ലോക്‌സഭാ നടപടികള്‍ക്കിടെ സഭയിലേക്ക് ചാടുകയും മുദ്രാവാക്യം വിളികളോടെ എംപിമാര്‍ക്കെതിരെ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതേസമയം രണ്ടുപേര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തും മുദ്രാവാക്യം മുഴക്കി കളര്‍ സ്‌പ്രേ പ്രയോഗിച്ചു. ഒരു യുവതിയടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ലോക്‌സഭയില്‍ ശൂന്യവേളയില്‍ ബിജെപി എംപി ഖര്‍ഗന്‍ മുര്‍മു സംസാരിക്കുന്നതിനിടെയാണ് സംഭവം.

കര്‍ണാടക സ്വദേശികളായ ഡി മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ എന്നിവര്‍ എംപിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശയിലേക്ക് ചാടി മുദ്രാവാക്യം വിളിക്കുകയും ഷൂവിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്‌പ്രേ പ്രയോഗിക്കുകയുമായിരുന്നു. ഏകാധിപത്യം അനുവദിക്കില്ലെന്നതുള്‍പ്പെടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി. സഭയില്‍ മഞ്ഞപ്പുക വ്യാപിച്ചതോടെ പരിഭ്രാന്തിയിലായ എംപിമാര്‍ അതിവേഗം പുറത്തേക്കോടി. ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടിയ ഒരാള്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഓടിയടുത്തുവെന്ന് എംപിമാര്‍ പറഞ്ഞു. ഒരു യുവാവിനെ എംപിമാര്‍ തന്നെയാണ് പിടിച്ചുവച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി കീഴ്‌പ്പെടുത്തി കൊണ്ടുപോയി. സംഭവത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഹരിയാന സ്വദേശിനി നീലം, മഹാരാഷ്ട്ര സ്വദേശി അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരുന്നു. കടുത്ത സുരക്ഷാ വീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. പിന്നാലെ സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു.

സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റിലെ സുരക്ഷ ശക്തമാക്കി. സന്ദര്‍ശക പാസ് നല്‍കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പൊലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും സിആര്‍പിഎഫ് ഡയറക്ടറും പാര്‍ലമെന്റിലെത്തി. ഫോറന്‍സിക് സംഘവും പരിശോധന നടത്തി. പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കര്‍ വിശദീകരണം തേടിയിട്ടുമുണ്ട്. ആറംഗ സംഘമാണ് പ്രതിഷേധത്തിനെത്തിയതെന്നും ഇവര്‍ക്ക് പരസ്പരം അറിയാമെന്നും പൊലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ഒരു വീട്ടില്‍ ഒത്തുകൂടിയതിന് ശേഷമാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് എത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി. വീട്ടുടമസ്ഥന്‍ ലളിത് ഝായാണ് അറസ്റ്റിലായ അഞ്ചാമത്തെയാള്‍. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഗുരുഗ്രാം സ്വദേശി വിക്കി ശര്‍മ്മയ്ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

പാസ് നല്‍കിയത് ബിജെപി എംപി

മൈസൂര്‍ കുടക് എംപി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്. മൂന്നുമാസത്തോളമായി ഡി മനോരഞ്ജന്‍ പാസ് ലഭിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് സൂചന. സിംഹ ഒപ്പിട്ട മൂന്ന് പാസുകളാണ് സന്ദര്‍ശകര്‍ക്കായി നൽകിയത്.
പാസിൽ പേര് പരാമർശിക്കാത്ത കുട്ടിയുമായി എത്തിയ ഒരു സ്ത്രീക്ക് പാര്‍ലമെന്റ് സന്ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നതായി എംപിയുടെ ഓഫിസ് പറഞ്ഞു. ഇവര്‍ക്ക് പ്രതിഷേധക്കാരുമായി ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

സംഭവം നടക്കുമ്പോള്‍ ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ ഉണ്ടായിരുന്നില്ല. സന്ദര്‍ശക ഗാലറിയില്‍ ഏകദേശം 40 ഓളം പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഭാനടപടികള്‍ വീക്ഷിച്ചിരുന്ന രണ്ടുപേര്‍ പെട്ടെന്ന് പ്രതിഷേധം നടത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഏകാധിപത്യത്തിനെതിരെ മുദ്രാവാക്യം

അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും പാര്‍ലമെന്റ് നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല എന്ന് അര്‍ത്ഥം വരുന്ന ‘താനാശാഹീ നഹീ ചലേഗീ’ എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ വിളിച്ചത്. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി.
മൈസൂരു സ്വദേശിയായ മനോരഞ്ജന്‍ എന്‍ജിനീയറാണ്. സാഗര്‍ ശര്‍മ്മ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും. മറ്റ് സംഘടനകളുമായി ബന്ധമില്ലെന്നും പ്രതിഷേധിച്ചത് തൊഴിലില്ലായ്മയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനും എതിരെയാണെന്നും നീലം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ഷകരോടും തൊഴിലാളികളോടും സ്ത്രീകളോടുമുള്ള കേന്ദ്ര നിലപാടുകളിലും പ്രതിഷേധമുണ്ടെന്ന് നീലം കൂട്ടിച്ചേര്‍ത്തു.

സുരക്ഷ ചോദ്യചിഹ്നം

വിപുലമായ സുരക്ഷയുണ്ടായിട്ടും രണ്ട് പേര്‍ക്ക് നിരോധിത വസ്തുക്കളുമായി എങ്ങനെ അനായാസം അകത്തേക്ക് കയറാനായെന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ച് ഘട്ട സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലയാണ് പാര്‍ലമെന്റ് മന്ദിരം. സുരക്ഷാ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ നാലംഗ സംഘത്തിന്റെ പ്രതിഷേധത്തിന് മറ്റ് സംഘടനകളുമായി ബന്ധമില്ലെന്നാണ് സൂചന. 2011ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തിലാണ് സംഭവമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഖലിസ്ഥാന്‍ ഭീഷണിയുമായി ബന്ധപ്പെട്ട് ഇന്നലെ പാര്‍ലമെന്റില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Secu­ri­ty breach in Lok Sab­ha: Four peo­ple includ­ing a woman arrest­ed, pass giv­en by BJP MP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.