23 December 2024, Monday
KSFE Galaxy Chits Banner 2

സാമ്പത്തിക അടിയന്തരാവസ്ഥയെന്ന ഗവര്‍ണറുടെ പുതിയ ഭീഷണി

Janayugom Webdesk
December 16, 2023 5:00 am

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി യാഥാര്‍ത്ഥ്യമാണ്. അതില്‍ കേരളം ഭരിച്ച യുഡിഎഫിന്റെ പങ്ക് വളരെ വലുതുമാണ്. എന്നാല്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയാണതെന്ന് കുപ്രചരണം നടത്തി രാഷ്ട്രീയലാഭത്തിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് യുഡിഎഫും കേന്ദ്ര സര്‍ക്കാരും ബിജെപിയും. പതിവു പോലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒരുപടികൂടി കടന്ന് സാമ്പത്തിക അടിയന്തരാവസ്ഥയെന്ന ഭീഷണിയും പുറപ്പെടുവിച്ചിരിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാര്‍ ആരാണ് എന്നതുസംബന്ധിച്ച വിശദീകരണങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കടമെടുപ്പും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത 1,09,730.97 കോടി രൂപയായിരുന്നു. പ്രതിപക്ഷാംഗത്തിന്റെ ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയാണിത്. ആ തുകയില്‍ പകുതിയോളം 2011 മുതല്‍ 16 വരെ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ചതുമാണ്. അതിന് മുമ്പ് ഭരിച്ചവരുണ്ടാക്കിയ കടവും ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. ഒരു രാജ്യം, ഒരു നികുതിയെന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ ഒരു മുന്നൊരുക്കവുമില്ലാതെ ചരക്കുസേവന നികുതി നടപ്പിലാക്കിയതോടെ നികുതിവിഹിതത്തിലും കേന്ദ്ര സഹായത്തിലും ഗണ്യമായ കുറവ് വന്നതിനുപിന്നാലെ കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചു. ഇതെല്ലാമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. എങ്കിലും ക്ഷേമ‑വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കുവാന്‍ ബദല്‍ മാര്‍ഗങ്ങള്‍ അവലംബിച്ച് മുന്നോട്ടുപോകുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഈ നീക്കം തടയുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ പ്രതിപക്ഷവും ബിജെപിയും ഇരട്ട സഹോദരന്മാരെപ്പോലെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് സാമ്പത്തിക അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിച്ച് ഗവര്‍ണറും കിഫ്ബി ഇടപാടുകളില്‍ തട്ടിപ്പെന്നാരോപിച്ച് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളും യുഡിഎഫ്, ബിജെപി നേതാക്കളും കുത്തിത്തിരിപ്പുകള്‍ നടത്തുന്നത്.


ഇതുകൂടി വായിക്കു: ഇത് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ച


 

പൊതുവരുമാന മാര്‍ഗങ്ങള്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും നിത്യനിദാന ചെലവുകള്‍ക്കും വിനിയോഗിക്കുകയും അടിസ്ഥാന സൗകര്യ വികസനം മുടക്കമില്ലാതെ കൊണ്ടുപോകുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു കിഫ്ബി. സര്‍ക്കാരില്‍ നിന്ന് നിയമപ്രകാരം ലഭിക്കുന്ന വാര്‍ഷിക വിഹിതത്തോടൊപ്പം വിപണിയില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തി അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതാണിത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും കിഫ്ബി മുഖേന സ്വരൂപിക്കുന്ന ഫണ്ടില്‍ നിന്നുള്ള ധനസഹായത്തോടെ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരികയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നല്‍കിയ മറുപടിയനുസരിച്ച് 1073 പദ്ധതികളിലായി 82,324.33 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. എങ്കിലും കിഫ്ബിക്കെതിരെ അനാവശ്യ തടസങ്ങളുണ്ടാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും സ്വീകരിക്കുന്നത്.
കിഫ്ബിയുടെ പേരില്‍ എടുക്കുന്ന വായ്പ, സംസ്ഥാനത്തിന്റെ പൊതുവായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന നിലപാടാണ് കേന്ദ്ര ധനവകുപ്പ് സ്വീകരിച്ചത്. ഇതുകാരണം പൊതുകടമെടുപ്പ് പരിധിയില്‍ കുറവ് വരികയും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കു: ഇവര്‍ രാജ്യത്തെ എങ്ങനെ സംരക്ഷിക്കും?


ഇതുകൂടാതെയാണ് കിഫ്ബി മസാല ബോണ്ട് നിയമപ്രകാരമല്ലെന്ന് വ്യക്തമാക്കിയുള്ള നടപടികള്‍ ഇഡി ആരംഭിച്ചത്. പദ്ധതി ആവിഷ്കരിച്ച് തുടക്കം കുറിച്ച കാലത്തെ ധനമന്ത്രി തോമസ് ഐസക്കിനെ വ്യക്തിപരമായും കിഫ്ബിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയും വേട്ടയാടുന്നതിനുള്ള സമീപനങ്ങളാണ് ഇഡിയുടെയും മറ്റും ഭാഗത്തുനിന്നുണ്ടായത്. അതുസംബന്ധിച്ച നടപടികള്‍ ഹൈക്കോടതി തടഞ്ഞിരിക്കുകയാണിപ്പോള്‍. ഹർജിക്കാരുടെ സ്വകാര്യവിവരങ്ങൾ ആരാഞ്ഞ് നൽകിയ സമൻസ് അനാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതിയുടെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് സമന്‍സ് പിന്‍വലിച്ച് ഓടിരക്ഷപ്പെടേണ്ട സാഹചര്യവും ഇഡിയെ സംബന്ധിച്ചുണ്ടായി. ഇതിന്റെ കൂടെയാണ് സംസ്ഥാനത്തെ ധനസ്ഥിതി വഷളായെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും സാമ്പത്തിക അടിയന്തരാവസ്ഥ വേണമെന്ന് നിര്‍ദേശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്. അത്തരമൊരു അടിയന്തര സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ലെന്ന് ബോധ്യമുണ്ടെങ്കിലും സംസ്ഥാനത്തിനെതിരായ ഗവര്‍ണറുടെ നീക്കങ്ങളെക്കുറിച്ച് ഒരക്ഷരം പറയാന്‍ യുഡിഎഫ് സന്നദ്ധമായിട്ടില്ല. എന്നുമാത്രമല്ല കോണ്‍ഗ്രസുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കമെന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന, കേരളത്തിന്റെ താല്പര്യങ്ങള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടാണ് തുറന്നുകാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.