23 October 2024, Wednesday
KSFE Galaxy Chits Banner 2

ഗോ ഫസ്റ്റ്: പ്രതീക്ഷ അസ്തമിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2023 11:05 pm

പൂര്‍ണമായ അടച്ചുപൂട്ടലിന്റെ വക്കിലെത്തി ബജറ്റ് വിമാനക്കമ്പനിയായ ഗോ ഫസ്റ്റ്. ഫെബ്രുവരി നാല് വരെയുള്ള എല്ലാ സര്‍വീസുകളും കമ്പനി റദ്ദാക്കി. നവംബറില്‍ ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കൗശിക് ഖോന രാജിവച്ചിരുന്നു. ജീവനക്കാര്‍ക്ക് ആറു മാസമായി ശമ്പളം നല്‍കുന്നില്ലെന്നും പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റിടങ്ങളില്‍ തൊഴിലിനായി ശ്രമിക്കുന്നതായും കൗശിക് ഖോന വ്യക്തമാക്കി. 2278 ജീവനക്കാരില്‍ ആരും തന്നെ ജോലിക്കെത്തുന്നില്ലെന്ന് പാപ്പരത്ത നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന റെസൊലൂഷന്‍ പ്രൊഫഷണല്‍ (ആര്‍പി) കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മേയ് മൂന്ന് മുതല്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഗോ ഫസ്റ്റ് തകര്‍ന്നാല്‍ ഇത്തരത്തില്‍ അടച്ചുപൂട്ടുന്ന 12-ാമത്തെ ഇന്ത്യൻ എയര്‍ലൈനായിരിക്കും ഇത്.

ജിൻഡാല്‍ ഗ്രൂപ്പ് കമ്പനിയെ വാങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനമുണ്ടായില്ല. ഗോ എയര്‍ വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തവര്‍ക്ക് തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ എത്ര വിമാനങ്ങള്‍ ലഭിക്കുമെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് ജിൻഡാല്‍ പിന്മാറിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ ഇരു കൂട്ടരും പ്രതികരിച്ചിട്ടില്ല.

ഗോ ഫസ്റ്റ് വായ്പ എടുത്തിരിക്കുന്ന സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഡോയ്ചെ ബാങ്ക് എന്നിവ പതിയെ എയര്‍ലൈൻസിന്റെ ഓഹരി വില്‍ക്കുമെന്ന് ജെറ്റ് എയര്‍വെയ്സിന്റെ പാപ്പരത്ത കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകൻ സന്ദീപ് ബജാജ് പറഞ്ഞു. ഏപ്രില്‍ വരെ 6,500 കോടിയാണ് ഗോ എയര്‍ ഈ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. എയര്‍ലൈൻസിന്റെ ആകെ ബാധ്യത 11,500 കോടിയാണ്. പറക്കല്‍ മതിയാക്കി ഗോ ഫസ്റ്റ് വിമാനങ്ങള്‍ മേയില്‍ നിലത്തിറക്കിയെങ്കിലും സര്‍വീസ് പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി സമീപകാലത്ത് നേടിയിരുന്നു.

Eng­lish Sum­ma­ry: go first airline
You may also like this video

TOP NEWS

October 23, 2024
October 23, 2024
October 23, 2024
October 22, 2024
October 22, 2024
October 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.