തൃശൂരില്‍ നടന്ന മഹിളാ മോര്‍ച്ചയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചിരിക്കുകയാണല്ലോ. അമ്മമാരേ, സഹോദരിമാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സദസിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഇന്ത്യയിലെയും കേരളത്തിലെയും സ്വാതന്ത്ര്യസമര പോരാളികളും സാമൂഹ്യപ്രവര്‍ത്തകരുമായ വനിതാ നേതാക്കളുടെ പോരാട്ടത്തെക്കുറിച്ചും പറഞ്ഞത് വളരെയധികം താല്പര്യത്തോടെ നാം കേട്ടു. പാര്‍ലമെന്റ് പാസാക്കിയിട്ടും നടപ്പിലാക്കാത്ത വനിതാ സംവരണ നിയമത്തെക്കുറിച്ചും മോഡിജി വാചാലനായി. കാണാതെ പഠിച്ച ”മോഡിയുടെ ഗ്യാരന്റി” എന്ന വാക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയെന്ന പ്രധാനമന്ത്രി സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു സത്യം തിരിച്ചറിഞ്ഞതിലുള്ള സന്തോഷം ഇവിടെ രേഖപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ ബിജെപിയുമായോ അതിന്റെ മുന്‍രൂപങ്ങളായ ജനസംഘവുമായോ ജനതാ പാര്‍ട്ടിയുമായോ ബന്ധപ്പെട്ട ഒരു വനിതാ നേതാവിന്റെ പേരുപോലും പറയാനില്ലെന്ന യാഥാര്‍ത്ഥ്യം മോഡി തിരിച്ചറിഞ്ഞല്ലോയെന്നതാണ് ഈ ലേഖകന്റെ സന്തോഷത്തിനു കാരണം. പ്രസംഗം എഴുതി കൊടുത്തവര്‍ക്കും പഠിപ്പിച്ചവര്‍ക്കും നന്ദി. കുട്ടിമാളു അമ്മ എന്ന സ്വാതന്ത്ര്യസമര സേനാനി കേരളത്തിലെ യാഥാസ്ഥിതിക വിഭാഗത്തിനെതിരെ സ്ത്രീകളെ അണിനിരത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയായിരുന്നു.
ജനസംഘം ശക്തമായി എതിര്‍ത്തിരുന്ന മഹാത്മജിയും പണ്ഡിറ്റ് നെഹ്രുവും ആയിരുന്നു അവരുടെ ആരാധനാ മൂര്‍ത്തികള്‍. ഇന്ദിരാഗാന്ധിയെ ‘ഇന്ദു’ എന്നുമാത്രം വിളിച്ചിരുന്ന കുട്ടിമാളുഅമ്മ നെഹ്രു കുടുംബത്തിലെ ഒരംഗത്തെപ്പോലെ ജീവിച്ചിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു. അക്കാമ്മ ചെറിയാന്‍ എന്ന തിരുവിതാംകൂറിലെ ഝാന്‍സി റാണി ഉത്തരവാദഭരണ പ്രക്ഷോഭത്തിന്റെ നായികയായിരുന്നു. മോഡിയുടെ മുന്‍ഗാമികള്‍ പൂവിട്ടു പൂജിച്ചിരുന്ന ദിവാന്‍ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മിന്നല്‍പ്പോരാളികളായിരുന്നു ദേശസേവികാ സംഘത്തിന് രൂപം കൊടുത്ത അക്കാമ്മ ചെറിയാനും അവരുടെ സഹോദരിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന റോസമ്മ പുന്നൂസും. പി ടി പുന്നൂസ് എന്ന കമ്മ്യൂണിസ്റ്റുകാരനെ വിവാഹം കഴിച്ചപ്പോഴുണ്ടായ യാഥാസ്ഥിതികരുടെയും പൊലീസധികാരികളുടെയും എതിര്‍പ്പുകളെ സധൈര്യം നേരിട്ട ധീരവതികൂടിയായിരുന്നു തോട്ടംതൊഴിലാളികളുടെ നേതാവുകൂടിയായിരുന്ന റോസമ്മ പുന്നൂസ്. കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കളായ വനിതകളുടെ പേരുകള്‍ നരേന്ദ്ര മോഡി ഇഷ്ടപ്പെട്ടു പറയുന്നതല്ലായെന്ന് നമുക്കറിയാം. കേരളത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു പറയുമ്പോള്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് പറഞ്ഞുപോകുന്നതാണ്. മോഡി ഉച്ചരിച്ച മറ്റൊരു പേരാണ് സാവിത്രിദേവി ഫുലെ. മഹാരാഷ്ട്രയില്‍ ജാതി-മത ലിംഗ വിവേചനത്തിനെതിരെ പടപൊരുതുകയും വനിതാവിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്കൂള്‍ ആരംഭിക്കുകയും ചെയ്തുകൊണ്ട് സവര്‍ണാധിപത്യത്തിന്റെ കണ്ണിലെ കരടായിരുന്നു സാവിത്രി ഫുലെ.
രാജ്യത്തിന്റെ പലഭാഗത്തും സഞ്ചരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ച അവരെ സവര്‍ണ ജാതി വിഭാഗങ്ങള്‍ വരവേറ്റത് കല്ലും ചാണകവും ചെളിയും തെറിവാക്കുകളും കൊണ്ടായിരുന്നു. യാത്രചെയ്യുമ്പോള്‍ അവര്‍ ഒരു സാരി അധികമായി കരുതുമായിരുന്നു. ഫൂലെ ദമ്പതികള്‍ രാജ്യമാകെ ആ കാലഘട്ടത്തില്‍ 18 സ്കൂളുകള്‍ സ്ഥാപിച്ചപ്പോള്‍ ഉറഞ്ഞുതുള്ളിയത് ഹിന്ദുത്വ തീവ്രവാദ ശക്തികളാണെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി മറന്നുകാണുകയില്ല. കേരളത്തിന്റെ അഭിമാന താരങ്ങളായ പി ടി ഉഷയെയും മിന്നുമണിയെയും ഇരുവശത്തും ഇരുത്തിയ പ്രധാനമന്ത്രി അവരെ കണ്ടപ്പോഴെങ്കിലും, വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് സ്വന്തം ബൂട്സ് ഉപേക്ഷിച്ച ഗുസ്തി താരം, ഇന്ത്യക്കാരുടെ പ്രിയസഹോദരി സാക്ഷി മാലിക്കിനെയും, പ്രധാനമന്ത്രിയുടെ വീടിനു മുമ്പില്‍ തന്റെ പത്മശ്രീ പതക്കം ഉപേക്ഷിച്ചു പ്രതിഷേധിച്ച ഒളിമ്പ്യന്‍ താരം ബജ്‌രഗ് പുനിയയെയും, ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ ഇന്ത്യാ ഗേറ്റിലെ കര്‍ത്തവ്യ പഥില്‍ (പഴയ രാജ്പഥ്) ഉപേക്ഷിച്ച കോമണ്‍വെല്‍ത്ത് ജേതാവ് പ്രിയസഹോദരി വിനേഷ് ഫോഗട്ടിനെയും കണ്ടില്ലെന്ന് നടിക്കാനും പ്രസംഗമധ്യേ പോലും അവരെ പരാമര്‍ശിക്കാതിരിക്കാനും ശ്രദ്ധിച്ചു എന്നത് മഹിളാ മോര്‍ച്ചക്കാര്‍ക്ക് ആശ്വാസമായിക്കാണും. ബിജെപിയുടെ എംപിയായ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് ഒന്നും തന്നെ മോഡി ഗ്യാരന്റിയില്‍ ഇല്ലാതെ പോയല്ലോ പ്രധാനമന്ത്രീ.
കഴിഞ്ഞ വര്‍ഷം മേയ് മാസം മൂന്നാം തീയതി മുതല്‍ മണിപ്പൂരിലെ സഹോദരിമാര്‍, തങ്ങളുടെ കൂടെപിറപ്പുകള്‍ തെരുവുകളില്‍ പിടഞ്ഞുമരിക്കുകയും അവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാതെ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ കുന്നുകൂടി കിടക്കുകയും ചെയ്യുമ്പോള്‍ അതൊന്ന് കണ്ടെത്തി ഏറ്റുവാങ്ങാനോ തങ്ങളുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കാനോ കഴിയാതെ വിലപിക്കുന്നത് മോഡിക്ക് കേള്‍ക്കാന്‍ കാതുകള്‍ ഉണ്ടായില്ലല്ലോ. നൂറുകണക്കിന് ഇന്ത്യക്കാര്‍ മരിച്ചുവീണ മണിപ്പൂരില്‍ ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും സമയം കിട്ടാത്ത പ്രധാനമന്ത്രിയാണ് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വന്നുനിന്ന് ‘മോഡിയുടെ ഗ്യാരന്റി’ എന്നു പറയുന്നതെന്ന് ഒരു പക്ഷേ ഏതെങ്കിലും ദേശസ്നേഹികളായ അമ്മമാര്‍ക്കോ സഹോദരിമാര്‍ക്കോ മനസിലെങ്കിലും ഒരു തോന്നല്‍ ഉണ്ടായിക്കാണണം. മണിപ്പൂരിലെ ക്രിസ്തുമത വിശ്വാസികളായ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുകയും പൂര്‍ണനഗ്നരായി തെരുവില്‍ക്കൂടി നടത്തിക്കുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിട്ടും ആ സംസ്ഥാനത്ത് തിരിഞ്ഞുനോക്കാത്ത, അവിടുത്തെ വീട്ടമ്മമാരുടെ തേങ്ങല്‍ കേള്‍ക്കാത്ത പ്രധാനമന്ത്രിയുടെ സമീപനത്തെക്കുറിച്ച് ‘മോഡി ഗ്യാരന്റി‘യില്‍ ഒന്നും ഇല്ലാതെ പോയല്ലോ.
പ്രായപൂര്‍ത്തി പോലും ആകാത്ത പെണ്‍കുട്ടികളെ ബലാല്‍ക്കാരത്തിന് ഇരയാക്കുകയും കാമപൂര്‍ത്തിക്കുശേഷം കുപ്പയിലേക്ക് കൊന്നുവലിച്ചെറിയുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒന്നല്ല ഒരു നൂറ് തന്റെ രാജ്യത്ത് നിരന്തരം ഉണ്ടായിട്ടും അമ്പത്താറിഞ്ചിന്റെ നെഞ്ചില്‍ ഒരു തേങ്ങല്‍ പോലുമുണ്ടായില്ലല്ലോ എന്നും കുറച്ചു മഹിളകളെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അത്തരം ഹീനകൃത്യങ്ങള്‍ ചെയ്ത തന്റെ പാര്‍ട്ടിക്കാരനായ എംഎല്‍എയെയും എംപിയെയും സംരക്ഷിച്ചവരാണല്ലോ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന പാര്‍ട്ടി നേതൃത്വം എന്നും അവര്‍ ചിന്തിച്ചു കാണും. നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയ വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടും ഇനിയും നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകുമ്പോള്‍ വനിതാ ശാക്തീകരണം രാഷ്ട്രീയരംഗത്തു വേണ്ട എന്ന് മോഡി നയിക്കുന്ന സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടാവുമെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനൊക്കുമോ. ഓരോ അംസബ്ലി മണ്ഡലത്തിലെയും സ്ത്രീ-പുരുഷ വോട്ടര്‍മാരുടെ എണ്ണവും അനുപാതവും ഈ ഡിജിറ്റല്‍ യുഗത്തില്‍ വിരല്‍ത്തുമ്പില്‍ കിട്ടുമ്പോള്‍ എന്തിനാണിതു നീട്ടി വയ്ക്കുന്നത് എന്ന് വിശദീകരിക്കാന്‍ ‘മോഡിയുടെ ഗ്യാരന്റി‘യില്‍ വാക്കുകള്‍ ഇല്ലാതെ പോയോ. സത്യത്തെ മറച്ചുവച്ചുകൊണ്ടും പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടും ജനങ്ങളെ കബളിപ്പിച്ചു മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രിയപ്പെട്ട പ്രധാനമന്ത്രീ അങ്ങു കരുതുന്നതെങ്കില്‍ 2024 അതിനുതക്ക മറുപടി നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.