19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
October 27, 2024
October 17, 2024
August 10, 2024
August 3, 2024
March 8, 2024
February 20, 2024
January 28, 2024
January 12, 2024
January 7, 2024

തമ്പുരാട്ടിപാറ

ജി എൽ അജീഷ്
January 7, 2024 10:30 am

ദേ, എത്ര മനോഹരമാണ് ആ കാഴ്ച… ഒരു പാറയ്ക്ക് മുകളിൽ കയറി നിന്ന് ദൂരെ കാഴ്ച കാണുന്നവർ സ്ഥിരമായി പറയുന്ന ഒരു വാക്കാണ്. തലസ്ഥാന ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തമ്പുരാട്ടി പാറയുടെ മുകളിൽ കയറി നിന്ന് വിദൂര ദൃശ്യങ്ങൾ ആസ്വദിക്കുന്ന ഏതൊരാൾക്കും ഉണ്ടാകുന്ന അനുഭവമാണ് അറിയാതെ പറഞ്ഞുപോകുന്ന ഈ വാക്കുകൾ.
കിളിമാനൂർ ‑ചാരുപാറ — കല്ലറ- റോഡിൽ കിളിമാനൂരിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതുവശത്തായി ഉയർന്നുനിൽക്കുന്ന ഒരു വലിയ പാറ കാണാൻ കഴിയും ക്ഷേത്ര വിശ്വാസവും പ്രകൃതിരമണീയതയും സംഗമിക്കുന്ന ഈ പ്രദേശമാണ് തമ്പുരാട്ടി പാറ. കിളിമാനൂരിലും ചുറ്റുവട്ടങ്ങളിലും അറിയപ്പെടുന്ന ഈ പാറയും അനുബന്ധ പ്രദേശങ്ങളും കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വലിയ സാധ്യതകൾ സൃഷ്ടിക്കാൻ കഴിയുന്നവയാണ്. പക്ഷെ ആ പ്രതീക്ഷകളോടെ ഒരു നാടും നാട്ടിലെ ജനപ്രതിനിധികളും കാത്തിരിക്കുകയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തമ്പുരാട്ടി പാറയെ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനും അതുവഴി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിരുന്നു എന്നാൽ ആ പദ്ധതികൾ തുടങ്ങിയെടുത്ത് തന്നെ നിൽക്കുകയാണ്. തമ്പുരാട്ടി പാറയുടെ ഓരം പറ്റി ഒഴുകുന്ന വാമനപുരം നദിയുടെ കൈവഴികളിൽ ഒന്നായ ചിറ്റാർ. ചിറ്റാറിന്റെ കളാകളാരവം കേട്ടുകൊണ്ടതാ സമീപത്തായി തമ്പുരാട്ടി പാറയും സമീപത്തായി പാർവതി ദേവീക്ഷേത്രം. തമ്പുരാട്ടി പാറ ഈ പ്രദേശത്തെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിൽ ഒന്നാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി പാറയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള ശിവപ്രതിഷ്ഠയും വിളക്കും പ്രത്യേക പൂജകളും ഒക്കെ ഈ നാട്ടിലെ ജനങ്ങളുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി നിലനിന്നു പോവുകയാണ്.

തമ്പുരാട്ടി പാറയിൽ എത്തുന്നതിന് വേണ്ടി നാട്ടുകാരുടെയും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ മൺപാതയാണ് ഇപ്പോഴുള്ളത്. 2000 ൽ പഴയകുന്നമ്മേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി തമ്പുരാട്ടി പാറയെ ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരുമാനം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സമർപ്പിച്ചിരുന്നു. അന്ന് ചില പ്രാഥമിക പഠനങ്ങളും നടന്നു. പാറയുടെ മനോഹരമായ ദൃശ്യങ്ങളും പ്രകൃതി വരദാനമായി നൽകിയ സൗന്ദര്യവും പ്രയോജനപ്പെടുത്തണം എന്ന പൊതു ആവശ്യം നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയിൽ ഇടം പിടിക്കണം എന്ന കാര്യത്തിന് ഇപ്പോൾ ജീവൻ വയ്ക്കുകയാണ്.

2020ൽ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം എടുക്കുകയും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പരിഗണനയിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും ജില്ലാ പ്രമോഷൻ കൗൺസിൽ അധികൃതരും തമ്പുരാട്ടിപാറയുടെ അനുബന്ധ സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു. സാഹസിക ടൂറിസം സാധ്യതകൾ നിലനിൽക്കുന്ന പ്രദേശമാണെന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം ഗ്രാമപഞ്ചായത്തിനും ഈ പ്രദേശത്തെ ഇഷ്ടപ്പെടുന്ന പ്രകൃതിസ്നേഹികളായ നാട്ടുകാരിലും ഇപ്പോഴും ഒരു ചിരകാല സ്വപ്നമായി നിലനിൽക്കുകയാണ്.

പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കടലുകാണിപ്പാറ പോലെയും കൊല്ലം ജില്ലയിലെ ജഡായു പാറ പോലെയും ഏറ്റവും ഉയർന്ന പാറയ്ക്ക് മുകളിൽ നിരപ്പായ ഭാഗവും ആ പാറയുടെ വശത്തുകൂടി ഒഴുകുന്ന ചിറ്റാറിന്റെ സൗന്ദര്യവും മുകളിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കിളിമാനൂരിന്റെയും മറ്റു വിദൂര സ്ഥലങ്ങളുടെയും ദൂരക്കാഴ്ചകളും തമ്പുരാട്ടി പാറയെ വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കുന്നു. പാറയ്ക്ക് മുകളിലെ നിരപ്പായ ഭാഗം പാർക്ക് പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയുന്ന തരത്തിലാണ്. തമ്പുരാട്ടി പാറയെയും തൊട്ടടുത്ത പുളിമാത്ത് പഞ്ചായത്തിലെ കടലുകാണി പാറയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം പദ്ധതികൾക്കും തുടക്കം കുറിക്കാൻ കഴിയും. ആദ്യഘട്ടത്തിൽ ഈ രണ്ടു പാറകളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് റോപ്പ് വേ സ്ഥാപിക്കാം എന്നുള്ള തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു
അതോടൊപ്പം തന്നെ സാഹസിക ടൂറിസം സാധ്യതകൾക്കും ഈ പ്രദേശം പ്രയോജനപ്പെടുത്താവുന്നതാണ്. കിളിമാനൂരിലെ പ്രകൃതിമനോഹരമായ പാറയും അനുബന്ധമായ പുഴയും ഒക്കെ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള വിനോദ സാധ്യതകൾ തുറന്നിടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.