23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

February 25, 2024
February 25, 2024
February 24, 2024
February 23, 2024
February 20, 2024
February 8, 2024
January 11, 2024
March 7, 2023
March 7, 2023
March 7, 2023

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്

വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ വകുപ്പുകൾ
അവലോകനയോഗം ചേർന്നു
Janayugom Webdesk
തിരുവനന്തപുരം
January 11, 2024 8:40 am

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക.

ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകൾ വിഭാഗത്തിനും കെഎസ്ഇബിക്കും മന്ത്രി നിർദേശം നൽകി. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണ വിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു. മുൻവർഷങ്ങളിലെന്നപോലെ വിപുലമായ ഒരുക്കങ്ങളാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്.

ആദ്യഘട്ടത്തിൽ ഫെബ്രുവരി 17 മുതൽ 23 വരെ 600 പൊലീസുകാരെയും രണ്ടാംഘട്ടമായി 24 മുതൽ 26 വരെ മൂവായിരംപേരെയും വിന്യസിക്കും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന 17 മുതൽ, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കൽ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കൽ ടീമും 108 ആബുലൻസുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും. ഉത്സവമേഖലകളിലെ കെഎസ്ഇബി ലൈനുകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കും. തട്ടുകടകൾക്ക് ലൈസൻസും അന്നദാനം നൽകുന്നതിന് മുൻകൂർ രജിസ്‌ട്രേഷനും നിർബന്ധമായിരിക്കും.

കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈൽ ലാബ് സജ്ജമാക്കും. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ സർവൈലൻസ് ടീം പ്രവർത്തിക്കും. ഉത്സവദിവസങ്ങളിൽ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. ലീഗൽമെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധനകൾ നടത്തും.

ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകൾ മാറ്റുന്നതിനുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്. അട്ടക്കുളങ്ങര‑തിരുവല്ലം റോഡിന്റെ ടാറിങ് ഉടൻ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡുകൾ വിഭാഗം അറിയിച്ചു. നാല് സോണുകളായി തിരിഞ്ഞാണ് അഗ്നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. അഞ്ച് ആംബുലൻസുകളുൾപ്പെടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ക്ഷേത്രപരിസരത്ത് എക്‌സൈസിന്റെ കൺട്രോൾ റൂം സജ്ജമായിരിക്കും. ഉത്സവത്തിന് ഒരാഴ്ച മുമ്പ് തന്നെ പൊലീസുമായി ചേർന്ന് ഉത്സവപ്രദേശങ്ങളിൽ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനമായി.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തുടർ യോഗങ്ങൾ ചേരും. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ ഉണ്ണികൃഷ്ണൻ, ഉത്സവമേഖലകളായ വാർഡുകളിലെ കൗൺസിലർമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ് ജെ, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നോഡൽ ഓഫിസർ ചുമതലയുള്ള സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എസ്, സെക്രട്ടറി കെ ശരത് കുമാർ, പ്രസിഡന്റ് ശോഭ വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Attukal Pon­gala on 25th February
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.