1. ലൈസൻസ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയിൽ കര്‍ശന മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ൽ നിന്ന് 30 ലേക്ക് ഉയർത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസാകുകയുള്ളു.
2. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഇന്ത്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്.
3. പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ നപടികളാരംഭിച്ചതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാക്കും. സാമ്പത്തിക സ്രോതസുകളിൽ പ്രധാനപ്പെട്ടതാണ് ഈ വകുപ്പുകളെന്നതിനാൽ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൈതൃക മ്യൂസിയം കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
4. ഗുഡ്ഗാവ് ഹോട്ടലിൽ വെടിയേറ്റ് മരിച്ച മുൻ മോഡൽ ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിയാനയിലെ തോഹ്ന കനാലില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെടുത്തത്. വീട്ടുകാർ തിരിച്ചറിഞ്ഞ മൃതശരീരം പോസ്റ്റ് മോർട്ടത്തിനയച്ചു. കഴിഞ്ഞ ദിവസമാണ് പ്രതികളിലൊരാളായ ബൽരാജ് ഗില്ലിനെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പഞ്ചാബിലെ ബാക്ര കനാലിൽ യുവതിയുടെ ശരീരം വലിച്ചെറിഞ്ഞതായി പ്രതി കുറ്റം സമ്മതിച്ചു.
5. തട്ടിക്കണ്ടുപോകൽ ആരോപിച്ച് സന്യാസിമാരെ കൂട്ടമായി ആക്രമിച്ച 12 പേർ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണ് സംഭവം. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സന്യാസിമാർക്കാണ് ആള്‍ക്കൂട്ട മർദ്ദനമേറ്റത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ മർദ്ദിച്ചത്.
6. തെലങ്കാനയിൽ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ബസ് പൂര്‍ണമായി കത്തിനശിച്ചിരുന്നു. ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മുപ്പത് യാത്രക്കാരുണ്ടായിരുന്നു.
7. അഗ്നിപഥ് ഉള്‍പ്പെടെ വിവാദ പരാമര്‍ശങ്ങളുള്‍പ്പെട്ട മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ ആത്മകഥ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡസ്റ്റിനി പുറത്തിറങ്ങാന്‍ വൈകും. ജനുവരി 15നാണ് പുസ്തകത്തിന്റെ പ്രകാശനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആമസോണ്‍ ജനുവരിയിലെ ഓഡറുകള്‍ റദ്ദാക്കി. ഏപ്രില്‍ 30ന് ശേഷമായിരിക്കും പുസ്തകം ലഭിക്കുകയെന്ന് ആമസോണ്‍ വ്യക്തമാക്കി.
8. വിദേശത്തു നിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേർ പിടിയിൽ. പാലക്കാട് ചിറ്റൂർ റോഡിലുള്ള വിദേശ പോസ്റ്റലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്. ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് പാഴ്സൽ വന്നത്.
9. ഹൂതി വിമതരെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും യെമനില്‍ യുഎസിന്റെ വ്യോമാക്രമണം. യുഎസ് നാവികസേനയുടെ യുഎസ്എസ് കാർണിയിൽ നിന്ന് ഒന്നിലധികം ഹൂതി റഡാര്‍ സെെറ്റുകളിലേക്ക് ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിച്ചതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫർമേഷൻ സെക്രട്ടറി നസ്രെദ്ദീൻ അമർ പറഞ്ഞു. ശക്തമായ പ്രത്യാക്രമണം നടത്തുമെന്നും അമര്‍ കൂട്ടിച്ചേര്‍ത്തു.
10. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരഹത്യക്ക് മറുപടിയായി ആ രാജ്യത്തിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഐ ഐ എച്ച് എഫ്. 2024 ലെ ഐ ഐ എച്ച് എഫ് ഐസ് ഹോക്കി യു20 വേൾഡ് ചാമ്പ്യൻഷിപ്പ് ജനുവരിയിൽ ആരംഭിക്കാനിരിക്കെയാണ് തീരുമാനം അധികൃതർ ഇസ്രയേലിനെ അറിയിച്ചത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും സംരക്ഷിക്കേണ്ടത് ഐ ഐ എച്ച് എഫിന്റെ ഉത്തരവാദിത്തം ആണെന്നും അതുകൊണ്ട് സുരക്ഷയും ആശങ്കകളും കണക്കിലെടുത്ത് ഇസ്രയേലിനെ എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കുകയാണെന്നാണ് ഫെഡറേഷൻ പ്രസ്താവനയിലൂട അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.