27 April 2024, Saturday

Related news

April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023
September 3, 2023
August 27, 2023
August 22, 2023
August 21, 2023

സ്വര്‍ണത്തിനുവേണ്ടി കൊലപാതകം: സൈനബയെ കൊന്ന് ചുരത്തില്‍ തള്ളിയത് സുഹൃത്ത്, വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
November 13, 2023 4:38 pm

1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജി തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ഹര്‍ജിയും തള്ളി. ഹർജിയിൽ വിധി പറയുന്നതിൽ നിന്നു ഉപലോകായുക്തമാർ സ്വയം ഒഴിയണമെന്ന പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്‍റെ ഹർജിയാണ് പരിഗണിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.

2. അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെയ്പ്പുണ്ടായാത്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചടിച്ചു. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം. മൂന്നു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

3. കേരളത്തിൽ മഴ തുടരുന്ന പശ്ചത്താലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് ഇന്ന് (13–11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

4. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മികവുകളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമങ്ങൾ രാജ്യത്തു നടക്കുന്നതായും ദേശീയതലത്തിൽ കേരളത്തെ കരിതേച്ചുകാണിക്കാനുള്ള നീചമായ പ്രചാരണങ്ങളും അതിന്റെ ഭാഗമായുള്ള പ്രൊപ്പഗാൻഡ സിനിമകളും വരെ ഉണ്ടാകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിലുണ്ടാകുന്ന ചില സമകാലിക സംഭവങ്ങൾ ആരിലും ആശങ്കയുയർത്തുന്നതാണെന്ന് കളമശ്ശേരി സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

5. കോഴിക്കോട് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ സൈനബയെ (57) കൊന്ന് ചുരത്തിൽ തള്ളിയതെന്ന് സുഹൃത്ത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സൈനബയെ കാണാതായതായി പരാതി ലഭിച്ചത്. ഇവരെ കൊന്ന് നാടുകാണി ചുരത്തിൽ തള്ളിയെന്ന് വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. താനൂർ സ്വദേശി സമദ് (52) ആണ് സ്വമേധയാ കസബ പൊലീസിൽ കീഴടങ്ങിയത്. സ്വർണാഭരണം തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി.

6. ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവർക്കുള്ള തിരച്ചിൽ പുനരാരംഭിച്ചു. സ്കൂബ ടീമാണ് തിരച്ചിൽ നടത്തുന്നത്. എറണാകുളം, തൊടുപുഴ ടീമുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുക. 301 കോളനി നിവാസികളായ ഗോപി, സജീവ് എന്നിവർക്കായാണ് തിരച്ചിൽ. ജലാശയത്തിന്റെ ഏറ്റവും ആഴമേറിയ സ്ഥലത്താണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

7.  ഡൽഹിയിൽ വായു മലീനികരണ തോത് വർധിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്കുപിന്നാലെ തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും പുകമഞ്ഞ് അനുഭവപ്പെട്ടിരുന്നു. മിക്ക സ്ഥലങ്ങളിലും വായു ഗുണനിലവാര സൂചിക 500‑ന് മുകളിലാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വൻ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം മോശമാകാൻ കാരണം.

8. ഹൈദരാബാദ് നമ്പള്ളിയിൽ ഭവനസമുച്ചയത്തിന് തീപിടിച്ചു. ഒൻപത് പേർ വെന്തു മരിച്ചതായാണ് വിവരം. അപകടത്തിൽ പൊള്ളലേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണച്ചു. താഴത്തെ നിലയിൽ കൂട്ടിയിട്ട രാസവസ്തുകൾക്കാണ് തീപിടിച്ചത്.

9. ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയായ 25കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍ക്കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. പീഡനത്തിനിരയായ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. കൂടാതെ മദ്യകുപ്പി തലയിടച്ച് പൊട്ടിക്കുകയും ചെയ്തു.

10. പരിശീലന ദൗത്യത്തിനിടെ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ സേനാംഗങ്ങൾ മരിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. അപകടത്തിനുപിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും യുഎസ് യൂറോപ്യൻ കമാൻഡ് പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന സൈനികർ യുഎസ് ആർമിയുടെ പ്രത്യേക ഓപ്പറേഷൻ ഉദ്യോഗസ്ഥരായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.