9 May 2024, Thursday

Related news

May 8, 2024
May 6, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024

കേന്ദ്ര സമീപനത്തിനെതിരെ യോജിച്ച പോരാട്ടം

Janayugom Webdesk
തിരുവനന്തപുരം
January 14, 2024 7:00 am

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. നാളെ രാവിലെ 10 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. അവസാന പാദത്തിൽ 5600 കോടി രൂപയാണ് വെട്ടിയത്. ആവശ്യപ്പെട്ടത് 7437.61 കോടി രൂപയായിരുന്നു. എന്നാല്‍ കേന്ദ്രം അനുവദിച്ചത് 1838 കോടി മാത്രം. ഈ കാലയളവിലുള്ള സംസ്ഥാനത്തിന്റെ വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാക്കുന്നതാണ് കേന്ദ്ര നടപടി. വര്‍ഷാന്ത്യ ചെലവുകളുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തിനുണ്ടാകുക.

കര്‍ഷകരില്‍ നിന്ന് ആദ്യ സീസണില്‍ നെല്ല് സംഭരിച്ചതില്‍ കേന്ദ്രത്തില്‍ നിന്ന് സപ്ലൈകോയ്ക്ക് 1300 കോടിയാണ് ലഭിക്കാനുള്ളത്. അര്‍ഹമായ കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ നാഷണൽ ഹെൽത്ത് മിഷന്‍(എന്‍എച്ച്എം) പദ്ധതികൾ താളംതെറ്റുകയാണ്. സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍ എന്നിവ തടസപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രതിപക്ഷവുമായി കേന്ദ്ര സമീപനത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നത്.
വായ്പാപരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി കഴിഞ്ഞദിവസം നോട്ടീസയച്ചിരുന്നു. കടമെടുപ്പു പരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ കേന്ദ്രം കടന്നുകയറുകയാണ്. ഇതിനാല്‍ സംസ്ഥാനത്തിന് ബജറ്റില്‍ പ്രഖ്യാപിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്നും ഏകപക്ഷീയ നടപടി സംസ്ഥാനത്ത് ഗുരുതര സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കിയെന്നും കേരളം ഫയല്‍ ചെയ്ത ഒറിജിനല്‍ സ്യൂട്ടില്‍ പറഞ്ഞിരുന്നു. 

കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് 2016–2023 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് മൊത്തം 1,07,513.09 കോടിയുടെ വിഭവനഷ്ടമുണ്ടായി. ബജറ്റ് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ എത്ര തുക കടമെടുക്കേണ്ടി വരുമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങളുടേതാണ്. ഇത് കവരുന്നത് സാമ്പത്തിക ഫെഡറലിസത്തിന്റെ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനതയുടെ വികസനം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്നിരിക്കെ കേന്ദ്ര നിയന്ത്രണങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കാതെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികള്‍ക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത് സംസ്ഥാനത്തിന്റെ പൊതുവായ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry; A con­cert­ed fight against the cen­tral approach
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.