24 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മാലദ്വീപ്; യോജിപ്പും വിയോജിപ്പും മറച്ചുവച്ചിട്ടില്ല: എം മുകുന്ദൻ: MOJO

Janayugom Webdesk
January 14, 2024 9:13 pm

1. കേരളത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിന് പ്രതിപക്ഷഭരണപക്ഷ വ്യത്യാസമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ല എന്നതാണ് സംസ്ഥാനം ഉന്നയിക്കുന്ന വിഷയം. കേരളം ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അത്രയേറെ അവഗണനയുണ്ടാകുന്ന സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനമെടുത്തത്. പ്രതിപക്ഷം സഹകരിക്കുന്നത് നല്ല കാര്യമാണെന്നും മുഴുവൻ കേരളീയരും സംസ്ഥാനത്തിന്റെ താൽപര്യത്തിനായി ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

2. മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയുടനാണ് പ്രസിഡന്റിന്റെ അന്ത്യശാസനം. കടല്‍ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായി 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്.

3. മുൻ മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടി എച്ച് മുസ്തഫ (82) അന്തരിച്ചു. 1978 മുതൽ 83 വരെ കെപിസിസി ജനറൽ സെക്രട്ടറിയും തുടർന്ന് 97 വരെ വൈസ് പ്രസിഡന്റുമായി. 1982ലും 84ലും കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവായിരുന്നു. ഐഎൻടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമായും ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം മാറമ്പള്ളി ജമാഅത്ത് കബർസ്ഥാനിൽ സംസ്കരിച്ചു. 

4. രക്തത്തിനല്ല കിരീടത്തിൻ്റെ ശക്തിയാണ് രാജ്യത്ത് കൂടിവരുന്നത് എന്ന് എഴുത്തുകാരൻ എം മുകുന്ദൻ. അത് മാറാൻ വോട്ട്ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. രാജ്യത്ത് അടുത്ത് തന്നെ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. കിരീടത്തെക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും എം മുകുന്ദൻ പറഞ്ഞു. യോജിപ്പുള്ളപ്പോൾ അടുത്തും വിയോജിപ്പുള്ളപ്പോൾ അകന്നും നിന്നിട്ടുണ്ട്. പക്ഷെ ഇടതുപക്ഷത്തെ താൻ ഒരിക്കലും ഉപേക്ഷിക്കില്ല എന്നും മുകുന്ദൻ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

5. വിദേശ പഠനത്തിന് ഇനി ചെലവ് കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കാനഡ, ഫ്രാന്‍സ്, യുകെ, യുഎസ്, അയര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രേലിയ, ജര്‍മ്മനി, ന്യൂസിലന്‍ഡ് രാജ്യങ്ങളെല്ലാം അടുത്തിടെ വിദ്യാര്‍ത്ഥി വിസയ്ക്കും മറ്റും ഫീസ് ഉയര്‍ത്തുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാനഡയില്‍ ഗുരുതരമായ ഭവന പ്രതിസന്ധിയും തൊഴിലില്ലായ്മയും നിലനില്‍ക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി വിസാ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍‍ വന്നിട്ടുണ്ട്. 

6. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. ദക്ഷിണ മുംബൈ ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് രാജി. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്റ അറിയിച്ചു. മണിക്കൂറുകള്‍ക്കകം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ അംഗത്വം സ്വീകരിച്ചു. 

7. സംസ്ഥാനത്ത് തുലാവർഷം അവസാനിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം, മാഹി, തെക്കൻ കർണാടക, തമിഴ്‌നാട് തുടങ്ങിയ മേഖലകളിൽ ഇന്നോടെ തുലാവർഷം അവസാനിച്ചു. നാളെ വൈകുന്നേരത്തോടെ തുലാവർഷം തെക്കേ ഇന്ത്യയിൽ പൂർണമായും അവസാനിക്കും. മഴയ്ക്കുള്ള സാധ്യതകൾ മാറിയതോടെ സംസ്ഥാനത്ത് ചൂട് ഉയർന്നിട്ടുണ്ട്. പകൽ താപനില 36 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. അടുത്ത രണ്ടാഴ്ച താപനില ഉയരുമെന്നാണ് വിലയിരുത്തൽ. 

8. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ തുടക്കം. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗേ ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ, സിപിഐ(എം), ജെഡിയു, ശിവസേന, എൻസിപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. മണിപ്പൂരിലെ ഖോഞ്ജോം യുദ്ധ സ്മാരകത്തിൽ പൂക്കൾ അർപ്പിച്ചതിനു ശേഷമാണ് രാഹുൽ ന്യായ് മൈതാനിയിലെത്തിയത്. മണിപ്പൂര്‍ ബിജെപിയും ആർഎസ്എസും മുന്നോട്ടു വയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്‍റെ പ്രതീകമാണെന്ന് രാഹുൽ പറഞ്ഞു. 

9. മരുന്ന് വില്പനയുടെ പേരില്‍ അമേരിക്കന്‍ പൗരന്മാരെ കബളിച്ച വ്യാജ കോള്‍ സെന്ററില്‍ മുംബൈ പൊലീസ് പരിശോധന നടത്തി. പത്ത് പേരെ അറസ്റ്റ് ചെയ്തു. അന്ധേരിയില്‍ പ്രവര്‍ത്തിക്കുന്ന സമ്മിറ്റ് ബിസിനസ് ബെ എന്ന സ്ഥാപനത്തില്‍ ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. വഞ്ചനക്കുറ്റം ഉള്‍പ്പെടെയുള്ള നിരവധി വകുപ്പുകള്‍ ചുമത്തി പത്ത് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

10. ഇന്തോനേഷ്യയിലെ മറാപി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. 4.5 കിലോമീറ്റർ ചുറ്റളവിൽ നദികളിലും താഴ്‌വരകളിലും ലാവ ഒഴുകാൻ സാധ്യതയുള്ളതിനാല്‍ ആളുകളെ ഒഴിപ്പിക്കാൻ ജിയോളജിക്കൽ ഏജൻസി ആവശ്യപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖം തടയാൻ മാസ്കുകൾ ഉപയോഗിക്കാനും നിര്‍ദേശിച്ചു. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ് മറാപി. ഡിസംബറിലുണ്ടായ പൊട്ടിത്തെറിയില്‍ 20ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.