18 May 2024, Saturday

Related news

May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024

കൂട്ടത്തൂക്കുകയര്‍ ശിക്ഷാവിധി കേരളത്തിലാദ്യം, അപൂര്‍വം

ടി കെ അനിൽകുമാർ
ആലപ്പുഴ
January 30, 2024 10:28 pm

ബിജെപി നേതാവും അഭിഭാഷകനുമായ രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ സംഭവമായി. കേസിലെ 15 പ്രതികൾക്കും തൂക്കുകയറാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. കേരളത്തിൽ ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. 

2010ൽ ബിഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 16 പേർക്കാണ് വധശിക്ഷ വിധിച്ചത്. ഉജ്ജയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾ രൺജീത്തിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. ഇതൊരു രാഷ്ട്രീയ കൊലപാതകമായി കാണരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ രേഖകൾ. വയലാറിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതിനെ തുടർന്നു തിരിച്ചടി നടത്തുമ്പോൾ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക പ്രതികൾ തയ്യാറാക്കി. ഇതിന് ശേഷം 2021 ഡിസംബർ 18നു രാത്രി മണ്ണഞ്ചേരിയിലും ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപത്തും ഒത്തുചേർന്നു തുടർ ഗൂഢാലോചന നടത്തി രൺജീത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വീട്ടിൽ രൺജീത് ഉണ്ടോയെന്ന് ഉറപ്പാക്കാൻ മൂന്നാം പ്രതിയുടെ നേതൃത്വത്തിൽ വീടിനു മുന്നിലെത്തി അന്വേഷണം നടത്തി.

15 പ്രതികളിൽ എട്ട് പേരാണ് രൺജിത്തിനെ വീട്ടിൽ കയറി വെട്ടിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഒമ്പത് മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിന്നതിനാൽ അവരും കൊലപാതകക്കുറ്റ ശിക്ഷയ്ക്ക് അർഹരാണെന്ന് കോടതി വിലയിരുത്തി. 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതു കൊണ്ടാണ് ഇവർക്കും വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. 15 പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എല്ലാത്തിനും സാക്ഷിയായ അമ്മയ്ക്കും ഭാര്യക്കും ഉണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Eng­lish Summary:Gang con­vic­tion is first in Ker­ala and rare

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.