കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനം സ്ഥായിയായ വളര്‍ച്ച ഉറപ്പാക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) സ്ഥിരവിലയില്‍ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നടപ്പുവിലയില്‍ ഇത് 11.95 ശതമാനമായി. അഖിലേന്ത്യാ തലത്തില്‍ പ്രതിശീര്‍ഷ വരുമാനം 5.9ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് 6.06 ശതമാനമെന്ന ഉയര്‍ന്ന നിലയിലാണ്. ദേശീയ തലത്തില്‍ മൊത്തം ആഭ്യന്തര വരുമാനത്തില്‍ സ്ഥിരവിലയിലുള്ള വളര്‍ച്ച 9.1 ശതമാനത്തില്‍ നിന്നും 2022–23ല്‍ ഏഴുശതമാനമായി ഇടിയുകയായിരുന്നു.
മൊത്ത സംസ്ഥാന സംയോജിത മൂല്യം (ജിഎസ്വിഎ) സ്ഥിര വിലയില്‍ 6.19 ശതമാനം വളര്‍ച്ച നേടി. ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട അവലോകന റിപ്പോർട്ട് ഇക്കാര്യങ്ങൾ അക്കമിടുന്നു. ഉയര്‍ന്ന പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ഉല്പാദനം 1,74,214 രൂപയായ രാജ്യത്തെ ആദ്യ പത്തുസംസ്ഥാനങ്ങളില് ഒന്നാണ് കേരളം. 1,15,746 ആണ് ദേശീയ ശരാശരി. കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ഇന്ത്യന്‍ ശരാശരിയുടെ 1.5 മടങ്ങ് കൂടുതലാണ്.
പച്ചക്കറി (17.10 ലക്ഷം ടൺ), തെങ്ങ് (5641 ദശലക്ഷം ടണ്‍ ), നെല്ല് (5.93 ലക്ഷം ടൺ), തേയില (65.98 ദശലക്ഷം കിലോഗ്രാം), റബ്ബർ (5.99 ലക്ഷം ടൺ), ഏലം (22,165 ടൺ), കാപ്പി (72,425 ടൺ) എന്നിവയുടെ ഉല്പാദനം വർധിച്ചു. ക്ഷീരോല്പാദന ക്ഷമത ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. സംസ്ഥാനത്തെ മുട്ട ഉല്പാദനം 22.475 കോടിയായി ഉയർന്നു. ക്ഷീര സഹകരണ സംഘങ്ങൾ 2022–23ൽ 7.39 ലക്ഷം മെട്രിക് ടൺ പാൽ (പ്രതിദിനം 20. 25 ലക്ഷം ലിറ്റർ) സംഭരിച്ചു.
സംസ്ഥാനത്തിന്റെ വനവിസ്തൃതി 109 ചതുരശ്ര കിലോമീറ്റർ (0. 52 ശതമാനം) വർധിച്ചു. വനമേഖലയിലെ വരുമാനത്തിൽ 289 കോടി രൂപയുടെ വർധനവുണ്ടായി. മൊത്തം ജലസേചിത പ്രദേശം 4.18 ലക്ഷം ഹെക്ടറായി. ജലസേചിത പ്രദേശത്തിന്റെ മൊത്തം കൃഷി വിസ്തൃതിയുമായുള്ള അനുപാതം 21.04 ശതമാനമായി (2022–23).
റവന്യു വരുമാനം 12.86 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ കിഫ്ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാന പരിധിയിൽ കൊണ്ടുവന്നതുകാരണം പൊതുകടം 2.1 ലക്ഷം കോടിയായി. റവന്യുക്കമ്മി ജിഎസ്ഡിപിയുടെ 0. 88 ശതമാനമായും ധനക്കമ്മി ജിഎസ്ഡിപിയുടെ 2.44 ശതമാനമായും കുറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ 4,310.99 കോടി രൂപയുടെ വിറ്റുവരവും 60.71 കോടി രൂപയുടെ പ്രവർത്തന ലാഭവും റിപ്പോർട്ട് ചെയ്തു. കോവിഡിനെ തുടർന്നുള്ള വീണ്ടെടുപ്പും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഉത്തേജക പദ്ധതികളും സംസ്ഥാനത്ത് സമഗ്ര വളർച്ചയ്ക്ക് സഹായകമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022–23 സാമ്പത്തിക വർഷത്തിൽ 1,39,840 പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ് എംഇ) ആരംഭിച്ചു. 8,421 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 449 ശതമാനം വർധനയുണ്ടായി.
കേരളത്തിലെ ശിശുമരണനിരക്ക് 1000ന് 6 ആണ്, അതേസമയം അഖിലേന്ത്യാ അനുപാതം 1000ന് 28 ആണ്. ഏറ്റവും കുറവ് മാതൃ മരണ നിരക്ക് (19) കേരളത്തിലാണ്, ദേശീയ തലത്തിൽ ഇത് 97 ആണ്. കേരളത്തിലെ ആയുർദൈർഘ്യം 75 വർഷമാണ്. ഇത് ദേശീയ ആയുർദൈർഘ്യമായ 70 വയസിനേക്കാൾ കൂടുതലാണ്.
English Summary:Sustained growth in Kerala despite crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.