18 December 2024, Wednesday
KSFE Galaxy Chits Banner 2

പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര നടപടികള്‍

Janayugom Webdesk
February 10, 2024 5:00 am

രാജ്യം അസാധാരണമായ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയുമാണ് നേരിടുന്നതെന്നത് ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകള്‍ മാത്രമല്ല, ഇന്ത്യക്കാരന്റെ അനുഭവം കൂടിയാണ്. ധവളപത്രങ്ങളിലൂടെ കണ്ണില്‍പ്പൊടിയിടാമെന്ന ബിജെപി സര്‍ക്കാരിന്റെ ബോധ്യം കടലാസില്‍ മാത്രമാണ്, യാഥാര്‍ത്ഥ്യമല്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതില്‍ കേന്ദ്രം ഗുരുതരവീഴ്ചയാണ് വരുത്തുന്നത്. ഇപ്പോഴിതാ രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന പുതിയ നടപടികള്‍ക്കും വിപണനത്തിനും കേന്ദ്രം തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ഇതെന്ന വസ്തുത ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും നടപടിയുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. വിലക്കയറ്റത്തിന് കാരണമാകുന്നതാണ് പ്രസ്തുത നയം. വിവിധ സംസ്ഥാനങ്ങള്‍ അവരവര്‍ക്കാവശ്യമുള്ള അരി ഉള്‍പ്പെടെ ഭക്ഷ്യ ധാന്യങ്ങള്‍ സ്വയമേവ വാങ്ങി തങ്ങളുടെ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നടപടിക്ക് തുരങ്കം വയ്ക്കുക കൂടിയാണ് ഇതിലൂടെ. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീമി (ഒഎംഎസ്എസ്)ല്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും വിലക്കിയുള്ള ഇ ടെന്‍ഡര്‍ നടപടികള്‍ക്കാണ് കേന്ദ്രം തീരുമാനിച്ചത്.


ഇതുകൂടി വായിക്കൂ;  കോവിന്‍ പോര്‍ട്ടലിലെ വിവരചോര്‍ച്ച; കേന്ദ്ര നടപടികള്‍ ദുരൂഹം


എഫ്‍സിഐ സംഭരിക്കുന്ന അരി, ഗോതമ്പ് എന്നിവയുടെ അധിക സ്റ്റോക്ക് പൊതുവിപണിയില്‍ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വില്പന നടത്തുന്നതിനാണ് ഒഎംഎസ് പദ്ധതി ആവിഷ്കരിച്ചത്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ (കേരളത്തെ സംബന്ധിച്ച് സപ്ലൈകോ പോലുള്ളവ) എന്നിവയ്ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും ടെണ്ടറില്‍ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാവുന്നതാണ്. എഫ്‍സിഐ ഡിപ്പോ തലത്തില്‍ നടക്കുന്ന ഇ‑ലേലത്തിലൂടെ, ലഭ്യതയ്ക്കനുസരിച്ചാണ് ഭക്ഷ്യധാന്യം ലഭിക്കുക. വില നിശ്ചയിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയമാണ്. നിലവില്‍ അടിസ്ഥാന വില അരിക്ക് ക്വിന്റലിന് 2,900, സമ്പുഷ്ടീകരിച്ച അരിക്ക് 2,973, ഗോതമ്പിന് ക്വിന്റലിന് 2,150 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോ പോലുള്ളവയ്ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 2022–23 വരെ ഇ‑ലേലത്തില്‍ പങ്കെടുത്ത് സപ്ലൈകോ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇ‑ലേലത്തിലൂടെയും ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ടും വാങ്ങിയാണ് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇ‑ലേലത്തിലൂടെയുള്ള അരി ഉള്‍പ്പെടെയാണ് വിലക്കുറവില്‍ സംസ്ഥാനം വിവിധ വിപണന സംവിധാനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതി വരുന്നത് പൊതുവിതരണ ശൃംഖലയില്‍ ആവശ്യത്തിന് അരി ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുകയും പൊതുവിപണിയില്‍ വിലവര്‍ധനയ്ക്ക് കാരണമാകുകയും ചെയ്യും. പൊതുവിതരണ സംവിധാനത്തെയാകെ ഈ തീരുമാനം ദോഷകരമായി ബാധിക്കും. മാത്രമല്ല സ്വകാര്യ ലോബിക്ക് അരി വാങ്ങി സംഭരിക്കുന്നതിനും വിപണി കയ്യടക്കുന്നതിനും അവസരമൊരുക്കുകയും ചെയ്യും.


ഇതുകൂടി വായിക്കൂ;  കേന്ദ്ര സമീപനത്തിനെതിരെ യോജിച്ച പോരാട്ടം


ഇതിനൊപ്പമാണ് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് കിലോയ്ക്ക് 29 രൂപയ്ക്ക് നല്‍കുന്ന നടപടി. ഭാരത് അരി എന്ന പേരില്‍ 29 രൂപയ്ക്ക് അരി നല്‍കുന്നതാണ് കേന്ദ്ര പദ്ധതി. കേന്ദ്ര സർക്കാരിന്റെ ഏജന്‍സികള്‍ മുഖേന അരി വിതരണം ചെയ്യാനുള്ള നീക്കം തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ളതാണ് എന്നത് വസ്തുതയാണ്. വിവിധ ഉപാധികള്‍ വച്ച് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ 57 ശതമാനത്തിലധികം വരുന്ന ജനങ്ങളെ റേഷന്‍ സംവിധാനത്തില്‍ നിന്ന് പുറത്താക്കിയവരാണ് കേന്ദ്ര സര്‍ക്കാര്‍. അവരെയും സഹായിക്കുന്നതിനാണ് സംസ്ഥാനം കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ സമാഹരിക്കുന്നതിന് ശ്രമിക്കുന്നത്. അരി ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ അനുവദിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനങ്ങളെ തളര്‍ത്തുകയും തങ്ങളാണ് സഹായിച്ചതെന്ന് അവകാശപ്പെട്ട് വോട്ടുനേടാനാകുമോ എന്ന ഗൂഢോദ്ദേശ്യവുമാണ് ഇതിന് പിന്നില്‍. അതിനപ്പുറം പൊതുവിതരണ സംവിധാനമെന്ന സംസ്ഥാന അവകാശത്തിന്‍മേലുള്ള കടന്നുകയറ്റവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണിത്. ഇതിനെല്ലാമപ്പുറം പൊതുവിതരണ സംവിധാനത്തിലേതിനെക്കാള്‍ വിലകൂട്ടി കേന്ദ്ര ഏജന്‍സിതന്നെ അരി വില്‍ക്കുന്നതും വിപണിയിലെ വില ഉയര്‍ത്തുന്നതിന് കാരണമാകും. പല വിധത്തിലാണ് കേന്ദ്രം സംസ്ഥാനത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. കഠിന പ്രയത്നം നടത്തി അതിജീവിക്കുവാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഭക്ഷ്യരംഗത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിന് ഭക്ഷ്യവകുപ്പും ഭഗീരഥ പ്രയത്നത്തിലാണ്. ആകാവുന്നത്ര ഞെരുക്കാന്‍ ശ്രമിച്ചിട്ടും ഭക്ഷ്യഭദ്രതയുടെ കാര്യത്തില്‍ കേരളം മുന്നോട്ടുപോകുന്നു എന്ന് ബോധ്യമുള്ള കേന്ദ്ര സര്‍ക്കാര്‍ സമാന്തര അരിക്കടകള്‍ തുടങ്ങി വിലക്കയറ്റത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.