മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍മ്മസേന രൂപീകരിക്കുന്നു. അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്റ് എക്സ്റ്റന്‍ഷന്‍ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ (എ ഹെല്‍പ്പ് )എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനും വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക് ഉദ്യോഗസ്ഥ സംവിധാനത്തോട് കൂടുതല്‍ അടുത്തബന്ധം സ്ഥാപിക്കുവാനും പരമാവധി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഈ സംവിധാനം വഴിയൊരുക്കും. സംസ്ഥാനത്തൊട്ടാകെ 2000 ‘എ ഹെല്‍പ്പര്‍മാരെ’ പരിശീലനം നല്കി വില്ലേജ് തലത്തില്‍ നിയമിക്കുക വഴി പദ്ധതി പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ ചികിത്സാ മാര്‍ഗങ്ങളും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ കര്‍മ്മസേനയായി ഇവര്‍ പ്രവര്‍ത്തിക്കും. 42 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ കുടുംബശ്രീ വനിതകള്‍ പദ്ധതിയുടെ ഭാഗമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളില്‍ ഹെല്‍പ്പര്‍മാര്‍ക്ക് 16 ദിവസത്തെ ഉന്നതതല പരിശീലനം നല്‍കും. മൃഗാരോഗ്യ സംരക്ഷണം, കന്നുകാലികളുടെ രോഗപ്രതിരോധം, തീറ്റ പരിപാലനം, ശുദ്ധമായ പാലുല്പാദനം, പുല്‍കൃഷി, പ്രഥമ ശുശ്രൂഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍, കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍, രോഗപ്രതിരോധ കുത്തിവയ്പിനു വേണ്ട സഹായം, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഹെല്‍പ്പര്‍മാര്‍ക്ക് പരിശീലനം നല്‍കും. കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം മൃഗസംരക്ഷണ വകുപ്പിലെ 40 ഡോക്ടര്‍മാരും, കുടുംബശ്രീയിലെ 10 കോഓര്‍ഡിനേറ്റര്‍മാരും (ആകെ 50 പേര്‍) ഗുജറാത്തിലെ എന്‍ഡിഡിബിയില്‍ നിന്നും മാസ്റ്റര്‍ ട്രെയ്നേഴ്സ് ആയി പരിശീലനം നേടിയിട്ടുണ്ട്. നിലവില്‍ 335 വനിതകള്‍ ഇതിനോടകം പശുസഖിമാരായി സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും, പരിശീലന കിറ്റ് വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. ഈ വര്‍ഷം 1665 അംഗങ്ങള്‍ക്ക് കൂടി പശുസഖി പരിശീലനം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരികയാണ്. ഇവര്‍ക്ക് കൂടി എ ഹെല്‍പ്പ് പരിശീലനം നല്‍കുന്നതിലൂടെ എല്ലാ പഞ്ചായത്തുകളിലും എ ഹെല്‍പ്പ് പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകും. മൊബൈല്‍ വെറ്ററിനറി സംവിധാനം, 24 മണിക്കൂര്‍ സെന്റര്‍ പ്രവര്‍ത്തനം, മൃഗസമ്പത്തിന്റെ ഏകീകൃത തിരിച്ചറിയല്‍ ടാഗിങ് സംവിധാനം തുടങ്ങിയ മൃഗസംരക്ഷണ വകുപ്പിന്റെ നൂതന പദ്ധതികള്‍ എ ഹെല്‍പ്പ് പദ്ധതിയിലൂടെ കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫിസറായ എല്‍എംടിസി പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫിസര്‍ ഡോ.റെനി ജോസഫ് അറിയിച്ചു.
English summary; Karmasena ‘A Help’ for Animal Protection
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.