28 December 2024, Saturday
KSFE Galaxy Chits Banner 2

കെട്ടിട ക്രമവല്‍ക്കരണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍

Janayugom Webdesk
തിരുവനന്തപുരം
February 18, 2024 10:41 pm

അനധികൃത കെട്ടിടങ്ങൾ ക്രമവല്‍ക്കരിക്കാനുള്ള കേരളാ മുൻസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങൾ ക്രമവല്‍ക്കരിക്കൽ ചട്ടങ്ങൾ 2023, കേരളാ പഞ്ചായത്ത് അനധികൃത കെട്ടിടങ്ങൾ ക്രമവല്‍ക്കരിക്കൽ ചട്ടങ്ങൾ 2023 എന്നിവ നിലവിൽവന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു.
2019 നവംബർ ഏഴിനോ മുമ്പോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയിൽ 1994ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേദഗതി ചെയ്താണ് ചട്ടം നിലവിൽ വന്നത്. വിവിധ തരം ചട്ടലംഘനങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കേണ്ടതായിട്ടുണ്ട്. പല കാരണങ്ങളാൽ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധിയായ കെട്ടിടങ്ങൾ ക്രമവല്‍ക്കരിക്കാൻ സാധിക്കാതെയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കാനും നടപടി സഹായിക്കും.

പ്രത്യേകതകൾ

വിജ്ഞാപനം ചെയ്ത റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങൾക്കും ക്രമവല്‍ക്കരണം സാധ്യമാകുന്നുവെന്നതാണ് പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. മുൻവർഷത്തെ അപേക്ഷിച്ച് ക്രമവല്‍ക്കരണ നടപടികൾ വൻതോതിൽ ലഘൂകരിച്ചു. മുൻവർഷങ്ങളിൽ 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയായിരുന്നു ക്രമവല്‍ക്കരണ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 സ്ക്വയർ മീറ്റർ വരെയാക്കി വർധിപ്പിച്ചു. മുൻസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും വെട്ടിക്കുറച്ചിട്ടുണ്ട്. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്കാണ് ക്രമവല്‍ക്കരണം സാധ്യമാകുന്നത്.

എങ്ങനെ അപേക്ഷിക്കണം

നിശ്ചിത ഫോറത്തിലുള്ള ക്രമവല്‍ക്കരണ അപേക്ഷകൾ കെട്ടിടത്തിന്റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും സഹിതം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. നിശ്ചിത നിരക്കിലുള്ള അപേക്ഷാ ഫീസും ഒടുക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ ജില്ലാ തലത്തിലുള്ള ക്രമവല്‍ക്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. ജില്ലാ ക്രമവല്‍ക്കരണ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാനതലത്തിലെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്. പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറുമായിട്ടുള്ള സംസ്ഥാനതല കമ്മിറ്റിയിൽ റൂറൽ/അർബൻ ഡയറക്ടർ, ചീഫ് എന്‍ജിനീയർ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന തല അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് ഗവൺമെന്റ് തലത്തിൽ അപ്പലറ്റ് അതോറിട്ടിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാവുന്നതാണ്.

Eng­lish Summary:Building Reg­u­la­tion Reg­u­la­tions in force
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.