“ഒരു പേരിലെന്തിരിക്കുന്നു? പനിനീർ പൂവിനെ എന്ത് പേരുചൊല്ലി വിളിച്ചാലും അത് നറുമണം പരത്തുമല്ലോ?”
ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റ് നാടകത്തിലെ നായിക ജൂലിയറ്റ് ഉന്നയിക്കുന്ന ഈ ചോദ്യത്തിന് സമകാലിക ഇന്ത്യയിൽ വലിയ സാംഗത്യമില്ല. ഇവിടെ പേരുകൾ പോലും സങ്കീർണമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയാണ്. ഒരു പേര് ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ സത്തയോ മൂല്യമോ നിർവചിക്കണമെന്നില്ലെന്നും അത് ഒരു വ്യക്തിക്കോ സ്ഥലത്തിനോ വസ്തുവിനോ നല്‍കിയ തിരിച്ചറിയൽ അടയാളം മാത്രമാണെന്നുള്ള അർത്ഥമാണ് ജൂലിയറ്റിന്റെ ചോദ്യം ധ്വനിപ്പിക്കുന്നത്. എന്നാൽ ഒരു പേരിൽ പലതും അടങ്ങിയിരിക്കുന്നുവെന്നാണ് മത തീവ്രവാദികൾ പറയുന്നത്. അവരുടെ ആ വാദത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങളാണ് പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിൽ ദൃശ്യമാവുന്നത്.
സിലിഗുരിയിലേക്ക് കൊണ്ടുവന്ന ആൺ സിംഹത്തിന് അക്ബറെന്നും പെൺസിംഹത്തിന് സീതയെന്നുമായിരുന്നു മൃഗശാല അധികൃതർ പേരിട്ടത്. പുതിയ സിംഹങ്ങൾ മൃഗശാലയിലെത്തിയത് ഒരു പ്രാദേശിക പത്രം വാർത്തയാക്കി. വാർത്തയുടെ തലക്കെട്ട് “കൂട്ടാളിയെത്തേടി സീത ഉഴലുന്നു” എന്നായിരുന്നുവത്രേ! സീതയെന്ന പെൺ സിംഹത്തിനൊപ്പം കൊണ്ടുവന്ന അക്ബർ എന്ന ആൺസിംഹത്തെ സീതയ്ക്കൊപ്പം പാർപ്പിക്കുമോ എന്ന ആശങ്കയിലായി മത സദാചാരവാദികൾ. മൃഗങ്ങളാണെങ്കിലും ഒരു ലൗ ജിഹാദിന്റെ സാധ്യതയും അവർ മനസിൽ കണ്ടിരിക്കണം. വിശ്വഹിന്ദു പരിഷത്തിന്റെ പശ്ചിമ ബംഗാൾ ഘടകം ഈ ‘സാംസ്കാരിക സങ്കലനം’ ചെറുത്തേ പറ്റൂ എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. പെൺ സിംഹത്തിന് സീത എന്ന് പേരിട്ടത് മാറ്റണമെന്നും അതിനെ അക്ബർ എന്ന് പേരുള്ള ആൺ സിംഹത്തിനൊപ്പം താമസിപ്പിക്കരുതെന്നുമാണ് ആവശ്യം. സിലിഗുരി സഫാരി പാർക്കും പശ്ചിമബംഗാൾ വനം വകുപ്പുമാണ് ഹർജിയിൽ എതിർ കക്ഷികൾ. “ഭഗവാൻ ശ്രീരാമന്റെ പത്നിയും ഹിന്ദുക്കളുടെ ആരാധനാമൂർത്തിയുമായ സീതയുടെ പേര് പെൺസിംഹത്തിന് നൽകിയ വിവരം ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നത്. ഇത് ദൈവനിന്ദയും ഹിന്ദുമത വികാരങ്ങൾക്കുമേലുള്ള ആക്രമണവുമാണ്”- എന്ന് വിഎച്ച്പി ഹർജിയിൽ പറയുന്നു. അക്ബറും സീതയും (സിംഹങ്ങൾ) ഇത്രേടം ഒന്നിച്ചു വന്നതിനാലും മാനസികമായി ഐക്യപ്പെട്ടിട്ടുണ്ടാവുമെന്നതിനാലും സീതയെ സരണിയിൽ അയച്ച് മതപരിവർത്തനത്തിന് വിധേയമാക്കണമെന്നും ബുർഖ ധരിപ്പിക്കണമെന്നും അക്ബറിന് സുന്നത് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അക്ബറിന്റെ അനുയായികൾ വരുമോ എന്ന് ഇനി കണ്ടറിയാം.
ആധുനിക വർഗീകരണ ശാസ്ത്രമനുസരിച്ച് സസ്യജന്തുജാലങ്ങൾക്ക് ഏക രൂപമായ പേരുകൾ നിർബന്ധമാണ്. അത് അവയുടെ വർഗീകരണത്തിനും തരംതിരിവിനും അതിലൂടെ തിരിച്ചറിയുന്നതിനും അത്യന്താപേക്ഷിതമാണ്. കാൾ ലിനയഡ് എന്ന സ്വീഡിഷ് ശാസ്ത്രജ്ഞനാണ് സിസ്റ്റെമാ നാച്ചുറ (1758) എന്ന പുസ്തകത്തിലൂടെ ജീവികൾക്ക് പേരിടാനുള്ള പുതിയ രീതി ആവിഷ്കരിച്ച് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകമനുസരിച്ച് ഒരു ജീവിയുടെ ശാസ്ത്രീയ നാമത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തെ ഭാഗം ജനുസിനെയും രണ്ടാമത്തേത് സ്പീഷിസിനെയുമാണ് സൂചിപ്പിക്കുന്നത്. ഇതുപ്രകാരം സിംഹങ്ങൾ പാന്തറ ലിയോ എന്നാണ് വിളിക്കപ്പെടുന്നത്. അക്ബർ‑സീത എന്നീ വിളിപ്പേരുകൾ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും ഏടുകളിൽ നിന്ന് കടംകൊണ്ട നാമരൂപങ്ങൾ മാത്രമാകുന്നു.
പേരുകൾക്ക് സാംസ്കാരികവും ചരിത്രപരവും വ്യക്തിപരവുമായ അർത്ഥങ്ങൾ വഹിക്കാൻ കഴിയും. ആ പേരുകൾ മാറിക്കൊണ്ടിരുന്നാൽ ചരിത്രപരമായി അവ വഹിക്കുന്ന സൂചകങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യും. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം മിക്ക സ്ഥലങ്ങളുടെയും പേരുകൾ മാറ്റി പുനർനാമകരണം ചെയ്തു. ഉത്തർ പ്രദേശിലെ അലഹബാദ് പ്രയാഗ്‌രാജ് ആയി. ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യയാക്കി. അഹമ്മദാബാദിനെ കർണാവതിയാക്കണമെന്ന് ഗുജറാത്ത് മന്ത്രി നിതിൻ പട്ടേൽ ആവശ്യപ്പെട്ടിരുന്നു. ആഗ്രയെ അഗ്രവാൾ ആക്കിമാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു. യുപിയിലെ അക്ബർപൂർ ജില്ലയെ ബിഎസ്‌പി നേതാവ് മായാവതിയാണ് അംബേദ്കർ നഗറാക്കിയത്. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ഹാളിനെ അയ്യൻകാളി ഹാളാക്കി ഇവിടെയും മാറ്റിയിരുന്നു. ചൈന ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് മാറ്റുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. പേരുമാറ്റൽ ഒരു സാംസ്കാരിക വംശഹത്യയാണെന്ന് വാദിക്കുന്നവരുമുണ്ട്. നഷ്ടപ്രതാപത്തിന്റെ കഥ പറയാനാണ് ഓരോ നാമമാറ്റത്തിലൂടെയും ശ്രമിക്കുന്നത് എന്നും പറയാം.
നിയതിക്ക് പല നാടുകളിൽ പല പേരുകളാണ്, പല സങ്കല്പങ്ങളാണ്. “ഈശ്വർ അള്ളാ തേരേ നാം” എന്നാണ് ഗാന്ധിജി പഠിപ്പിച്ചതെങ്കിലും വർത്തമാനകാല ഇന്ത്യയിൽ ഓരോന്നും വ്യത്യസ്ത പ്രതീകങ്ങളായി പരിണമിച്ചിരിക്കുന്നു. ഗാന്ധിജി രാമനെന്നാണ് തന്റെ ഈശ്വരന് പേര് നൽകിയത്. ഇരുട്ടിന്റെ ശക്തികളെ ആട്ടിപ്പായിക്കാനും നിർഭയനായിരിക്കാനും കുഞ്ഞുനാൾ മുതൽ ഗാന്ധിജി ശീലിച്ചതാണ് രാമമന്ത്രം. സർവധർമ്മ സഹഭാവത്തിന്റെ പ്രതീകമാണ് ഗാന്ധിജിയുടെ രാമൻ. “ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞുനിൽക്കുന്ന, നീതിപൂർവമായ ഭരണം നടക്കുന്ന ജനങ്ങൾ തുല്യതയോടെ വാഴുന്ന, ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് അവസരവും അംഗീകാരവുമുള്ള, ജാതിമതഭേദമില്ലാത്ത ഇടമാണ് രാമരാജ്യം” എന്നാണ് ഗാന്ധിജി രാമരാജ്യ സങ്കല്പത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്.
“ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുന്നു” എന്നാണ് 2024ജനുവരി 22ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠ നടത്തിയ ശേഷം നരേന്ദ്ര മോഡി പറഞ്ഞത്. 1528ൽ ബാബറി മസ്ജിദിന്റെ നിർമ്മാണം മുഗൾ ചക്രവർത്തിയായിരുന്ന ബാബർ നടത്തിയ കാലം മുതലുള്ള ചരിത്രത്തിലേക്കുള്ള പിൻനടത്തമാണ് ഈ രാമപ്രതിഷ്ഠയെന്നായിരുന്നു വ്യംഗ്യം. ആയുധധാരിയും യുദ്ധോദ്യുക്തനുമായ രാമനെയാണ് അയോധ്യയിൽ പ്രതിഷ്ഠിച്ചതെങ്കിൽ നിരാശ്രയരും ദരിദ്രരുമായ ജനകോടികളുടെ ആശയവും പ്രതീക്ഷയുമായിരുന്നു ഗാന്ധിജിയുടെ മനസിലെ രാമൻ. ഗോഡ്സെ ചൂണ്ടിയ ബരേറ്റ 1934 പിസ്റ്റളിൽ നിന്നുമുതിർന്ന വെടിയുണ്ടകൾ മഹാത്മാവിന്റെ ജീവൻ കവർന്ന വേളയിലും ഹേ റാം… എന്നായിരുന്നു അദ്ദേഹം ഉച്ചരിച്ചത്. ഗാന്ധിജിയുടെ രാമനെയും മോഡിയുടെ രാമനെയും എങ്ങനെ തിരിച്ചറിയും, മനസിലാക്കും?
ഇന്ത്യയിൽ ഒരു പേരിൽ പലതും അടങ്ങിയിരിക്കുന്നു എന്ന് നമ്മൾ ബോധ്യപ്പെടേണ്ടിയിരിക്കുന്നു. മതബോധനക്കാർ പ്രകൃതിയുടെ ചാക്രികതയ്ക്കനുസരിച്ചു മാത്രം ജീവിക്കുന്ന മൃഗങ്ങളുടെ ജൈവചോദനകളെ സംജ്ഞാനാമങ്ങളുടെ പേരിൽ അടിച്ചമർത്താതെയും പട്ടിണിക്കിടാതെയും ഇരിക്കട്ടെ! പാവം സിംഹങ്ങൾ, അതിലും പാവം നമ്മൾ. ഈ നാട്ടിൽ അല്ലാതെന്തു പറയാൻ!
“ധാർമ്മികതയില്ലാത്തിടത്ത് മതവുമില്ല.
യുക്തിസഹമല്ലാത്തതും നീതി ബോധത്തെ
പ്രചോദിപ്പിക്കാത്തതുമായ ഒരു മതതത്വവും
ഞാൻ അനുസരിക്കില്ല”.
– മഹാത്മാഗാന്ധി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.