19 December 2024, Thursday
KSFE Galaxy Chits Banner 2

സ്നേഹം

ഷഹനാസ് കെ സി
February 25, 2024 2:21 am

അഡ്വക്കറ്റ് രാഹുൽ രാജ് ഒരു ദിവസം എല്ലാ തിരക്കും മാറ്റി വെച്ച് അമ്മയോടൊത്ത് കിന്നാരം പറയാനും സന്തോഷം പങ്കിടാനുമായി നാട്ടിലേക്ക് പുറപ്പെട്ടു. നാടിനേക്കാൾ, തന്റെ അമ്മയേക്കാൾ വലുതായി ഒന്നും ഈ ലോകത്തില്ലെന്ന തിരിച്ചറിവാണ് രാഹുലിനെ പോകാൻ പ്രേരിപ്പിച്ചത്. തന്റെ കാറിൽ മകളേയും കൂട്ടിയാണ് യാത്ര. വരുന്ന വിവരമൊന്നും അമ്മയോട് പറഞ്ഞിരുന്നില്ല. കാറ് വീടിനടുത്തുള്ള ഇടവഴിയിൽ നിർത്തി മുറ്റത്തേക്ക് നടന്നു. വീടിന്റെ ഉമ്മറത്ത് ആരേയോ കാത്തിരിക്കുന്നതുപോലെ അമ്മ. മകനെ കണ്ടതും കെട്ടിപ്പിടിച്ചു. മകൾ മുത്തശ്ശിയെ ചേർത്തുപിടിച്ചു. കാച്ചിയ എണ്ണയുടെ മണം, കുഴമ്പിന്റെ മണം, നാടിന്റെ മണം, വീടിന്റെ മണം… രാഹുലിന്റെ ഹൃദയം സന്തോഷത്താൽ വീർപ്പുമുട്ടി. മോനെ, എന്ന അമ്മയുടെ വിളി. കേട്ടിട്ട് കുറച്ചായി. കുറേ സമയം അമ്മയെ തൊട്ടും തലോടിയും ഇരുന്നു. അമ്മയുടെ പയ്യാരം പറച്ചിലുകൾക്കിടയിൽ നഷ്ടബോധത്തിന്റെ കണക്കുകൾ നിറഞ്ഞു നിന്നു. ഒരു പാട് പരിഭവങ്ങൾ അമ്മ കെട്ടഴിച്ചു. അമ്മയും മകനും പങ്കിട്ട നിമിഷങ്ങൾ. പറഞ്ഞ കഥകൾ. അതു മാത്രം മതി ഒരായുസു മുഴുവൻ.

പ്രായത്തളർച്ചയുണ്ടെങ്കിലും ആവുന്നത്ര വേഗത്തിൽ എല്ലാ ജോലിയും സന്തോഷത്തോടെ അമ്മ ചെയ്യുന്നു. സഹായിക്കാൻ രാഹുൽ അടുത്തെത്തിയപ്പോൾ “മോൻ അവിടെ വിശ്രമിക്ക്, ദിവസവും ജോലിയും തിരക്കുമല്ലേ.” അമ്മ അങ്ങനെയാണ്. “ഇന്ന് നീ വരുമെന്ന് എന്റെ മനസ് പറഞ്ഞെടാ, നിന്നെ കാണാനുള്ള പൂതി കൊണ്ടാവാം ല്ലേ? എന്റെ മോന് വിശക്കുന്നുണ്ടാവും. വാ, വേഗം ഊണ് കഴിക്കാം.‘അമ്മ തൊടിയിലേക്കിറങ്ങി നാക്കില വെട്ടി മേശപ്പുറത്തു വച്ചു.
അമ്മയുടെ ആഹാരത്തിന് പഴയ രുചി തന്നെ. അമ്മയുടെ മണം തൂകിയ ആഹാരം. എത്ര നാളായി കഴിച്ചിട്ട്. രാഹുൽ മൗനത്തോടെ അമ്മയെ നോക്കിയിരുന്നു. തന്റെ പറമ്പിലെ വിഭവങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഉപ്പിലിട്ട കടുമാങ്ങയും ഉണ്ട്. എന്തൊരു സ്വാദ്. രാഹുലും മകളും ആസ്വദിച്ചു കഴിച്ചു. അമ്മയുടെ കൈ എത്തിയാൽ ഭക്ഷണത്തിനൊക്കെ നല്ല രുചിയാ. 

രാഹുൽ കുട്ടിക്കാലത്തേക്ക് ഊളിയിട്ടു. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ പറമ്പും, നീന്തിക്കുളിച്ച കുളവും, ഓടിത്തിമിർത്ത മൈതാനവും, നെൽക്കതിരണിഞ്ഞ പാടവും. എല്ലാം ഓർമയിലേക്ക്തെളിഞ്ഞു വന്നു. ചെറിയ മയക്കത്തിലേക്ക് വഴുതി. “മോനേ ചായ വന്നു കുടിക്ക്. ” അമ്മയുടെ വിളിയിലാണ് ഉണർന്നത്. വാഴയിലയിൽ തീർത്ത മധുര അടയുടെ മണം മൂക്കിനെ ത്രസിപ്പിച്ചു. ഏറെ ഇഷ്ടത്തോടെ കഴിച്ചു. മോൻ ഇന്ന് പോകണ്ടാ, അമ്മയുടെ സ്വരത്തിൽ ഇടർച്ച.
”ഇല്ല അമ്മേ, ഒരാഴ്ച അമ്മയ്ക്കൊപ്പമാ…” അമ്മയുടെ സന്തോഷത്തിനതിരുണ്ടായില്ല; ആ മുഖത്തെ വെളിച്ചം ഒരു പാട് കൂടിയതുപോലെ.
മോനേയും കൊച്ചുമോളേയും കൂട്ടി അമ്മ അമ്പലത്തിലും ചന്തയിലുമെല്ലാം പോയി. ചന്തയിൽ വെച്ച് രാഹുൽ തന്റെ കളിക്കൂട്ടുകാരി പാർവതിയെ കണ്ടു. അവൾ ഇപ്പോൾ ദുബായിലാണെന്നും ഇന്നലെ നാട്ടിലെത്തിയതാണെന്നെല്ലാം പറഞ്ഞു. 

“നല്ലോണം തടിച്ചിട്ടുണ്ടല്ലോ.” രാഹുൽ പറഞ്ഞു. “നീയും വല്ലാതെ മാറിയിട്ടുണ്ടല്ലോ.” പാർവതിയും. ഒത്തിരി പഴയ കഥകളൊക്കെ പറഞ്ഞു. തിരിച്ചു വീട്ടിലെത്തിയപ്പോൾ അവിടെ പ്രായമുള്ളൊരാൾ അവരെ കാത്തിരിക്കുന്നു. കുറേ സമയം നോക്കിയിട്ടും ആ മുഖം അവരുടെ ഓർമയിലേക്ക് വന്നില്ല. അയാൾ കരയുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പേ കാണാതായ രാഹുലിന്റെ അമ്മാവനായിരുന്നു. കൂടപ്പിറപ്പിനെ കണ്ടതോടെ അമ്മയുടെ സന്തോഷം ഇരട്ടിച്ചു. ഒരാഴ്ച വളരെ വേഗം കടന്നുപോയി. രാഹുൽ നാട്ടിലേക്ക് തിരികെപ്പോകാനൊരുങ്ങി. അമ്മ സങ്കടത്താൽ ഒന്നും മിണ്ടിയില്ല. മുഖം വീർപ്പിച്ചിരുന്നു. അമ്മയ്ക്ക് കൂട്ടായ് അമ്മാവനുണ്ടല്ലോ. രാഹുൽ പുറത്തുതട്ടി ആശ്വസിപ്പിച്ചു. അടുത്താഴ്ച ഞാൻ വീണ്ടും വരും. അമ്മയുടെ കൈകൾ ചേർത്തുപിടിച്ച് അവർ പടിയിറങ്ങി കാറിനെ ലക്ഷ്യമാക്കി. രാഹുലിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.