19 December 2024, Thursday
KSFE Galaxy Chits Banner 2

പഴം വിപണിയിലും വ്യാജൻമാർ വ്യാപകം

Janayugom Webdesk
ആലപ്പുഴ
February 27, 2024 11:12 am

ചുട്ടുപൊള്ളുന്ന ചൂടിൽ പഴം വിപണി സജീവമായെങ്കിലും വ്യാജന്മാര്‍ വ്യാപകമായതിനാല്‍ അല്പം കരുതലെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധര്‍. കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളാണ് പലയിടത്തും വിൽക്കുന്നതെന്നാണ് ആക്ഷേപം. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത്. 

മൂപ്പെത്തും മുൻപ് പറിച്ചെടുത്ത പഴവർഗങ്ങളാണിവ. തോട്ടങ്ങളിൽ വച്ച് തന്നെ കീടനാശിനികൾ തളിച്ചെത്തുന്ന പഴങ്ങൾ വേഗം നശിച്ചുപോകാതെയിരിക്കുന്നതിന് മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്. മാമ്പഴം, ഓറഞ്ച്, തണ്ണിമത്തൻ, പേരക്ക, മുന്തിരി, സപ്പോർട്ട തുടങ്ങിയ പഴങ്ങളിലാണ് രാസപദാർത്ഥങ്ങൾ ചേർക്കുന്നത്. ആപ്പിളുകൾക്ക് മിഴിവേകാൻ തൊലിയിൽ മെഴുക് അടക്കമുള്ളവ ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. വേനൽക്കാലത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാർ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. വഴിയോരങ്ങളിൽ നേരത്തെ ജ്യൂസാക്കി ഫ്രീസറിൽ വച്ച് വിൽക്കുന്നവയാണ് കൂടുതൽ അപകടകാരി. ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികൾ, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നില്ല. 

കാഴ്ചയിൽ പാകമായി എന്ന് തോന്നുന്ന ഓറഞ്ച്, മുന്തിരി എന്നിവ വാങ്ങി വീടുകളിൽ എത്തുമ്പോൾ രുചിവ്യത്യാസവും വലിയതോതിലുള്ള പുളിപ്പും അനുഭവപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. മാമ്പഴം മുറിച്ച് ഉപയോഗിക്കാൻ എടുക്കുമ്പോൾ പാകമാകാതെ പുളിപ്പ് അനുഭവപ്പെടുന്നതായും പറയുന്നു. ഓറഞ്ചുകൾ തൊലികളെഞ്ഞെടുക്കുമ്പോൾ ഭൂരിഭാഗവും കേടുവന്നവയാണ്. വേനലിൽ ഏവരും ആസ്വദിച്ച് കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ ജ്യൂസ്. പക്ഷേ രുചി വർദ്ധിപ്പിക്കാനായി ‘സൂപ്പർ ഗ്ലോ’ എന്ന രാസവസ്തു ചേർക്കുന്നതായാണ് റിപ്പോർട്ട്. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാൻ സാക്രിൻ, ഡെൽസിൻ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാള്‍ ഇരട്ടി മധുരവും അല്പം ലഹരിയും ഇതിനുണ്ടാകും. 

പൊടിരൂപത്തിൽ ലഭ്യമാകുന്ന ഇവ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. മാംഗ്ലൂരാണ് പ്രധാന വിപണന കേന്ദ്രം. രാസപദാർത്ഥങ്ങൾ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് മൂലം മനുഷ്യന്റെ ദഹന പ്രക്രിയയിൽ തകരാർ സംഭവിക്കുന്നതിനും ഇടയാക്കുന്നു. വയറിളക്കം, ഛർദ്ദി അടക്കമുള്ളവയും പിടിപെടാൻ സാദ്ധ്യതയേറെയാണ്. ചിലരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. 

Eng­lish Sum­ma­ry: Coun­ter­feit­ers are also ram­pant in the fruit market

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.